

തമിഴ് സിനിമാലോകവും ആരാധകരും ഒരേപോലെ കാത്തിരിക്കുന്ന വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' ജൂലായ് 24ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. സെൻസർ നടപടികൾ പൂർത്തിയാക്കിയ ഈ എച്ച്. വിനോദ് ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതേ റിലീസ് തീയതി ലക്ഷ്യമിട്ട് മറ്റൊരു ചിത്രവും തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്നുണ്ടെന്നാണ് പുതിയ വാർത്ത.
പ്രമുഖ സംവിധായകൻ ലോകേഷ് കനകരാജിന്‍റെ ജി സ്ക്വാഡ് ബാനർ അവതരിപ്പിക്കുന്ന 'മിസ്റ്റർ ഭാരത്' എന്ന ചിത്രമാണ് ജനനായകനൊപ്പം റിലീസ് ചെയ്യാൻ അണിയറപ്രവർത്തകർ ആലോചിക്കുന്നത്. പ്രശസ്ത യൂട്യൂബർമാരായ ഭാരത്, നിരഞ്ജൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിരഞ്ജൻ തന്നെയാണ്.
ചിത്രത്തിന്‍റെ പ്രൊഡ്യൂസർ സുധൻ സുന്ദരം നൽകുന്ന വിവരമനുസരിച്ച്, 'ജനനായകന്‍റെ' ഔദ്യോഗിക റിലീസ് തീയതി വന്നതിന് ശേഷം മാത്രമേ 'മിസ്റ്റർ ഭാരതി'ന്‍റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. 'ജനനായകൻ' വലിയൊരു കൊമേഴ്സ്യൽ ചിത്രമായതിനാൽ, ഒരേ ദിവസം റിലീസ് ചെയ്യുന്നത് ബാധിക്കുമെന്നുറപ്പായാൽ 'മിസ്റ്റർ ഭാരതി'ന്‍റെ റിലീസ് തീയതി മാറ്റിയേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംയുക്ത വിശ്വനാഥൻ നായികയാകുന്ന 'മിസ്റ്റർ ഭാരതി'ൽ ബാല ശരവണൻ, നിധി പ്രദീപ്, ആർ. സുന്ദരരാജൻ, ലിംഗ, ആദിത്യ കതിർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. പ്രണവ് മുനിരൺ ആണ് സംഗീതം. ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, മമിത ബൈജു, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ എന്നിവരടങ്ങുന്ന വൻ താരനിര അണിനിരക്കുന്ന 'ജനനായകൻ' ജനുവരിയിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്നെങ്കിലും സെൻസർഷിപ്പ് പ്രശ്നങ്ങൾ കാരണം നീണ്ടുപോവുകയായിരുന്നു. എന്തായാലും തമിഴ് സിനിമയിലെ ഈ വലിയ റിലീസ് അപ്ഡേറ്റുകൾ തീയേറ്ററുകളിൽ വലിയ ആവേശമുണർത്തുമെന്നുറപ്പാണ്.