

'അമരൻ' എന്ന സൂപ്പർഹിറ്റിനുശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ധനുഷ് ചിത്രത്തിൽ ബോളിവുഡ് ഇതിഹാസ താരം നസറുദീൻ ഷായും അണിനിരക്കുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും നസറുദീൻ ഷായും ഒന്നിക്കുന്നു എന്ന ഔദ്യോഗിക പ്രഖ്യാപനത്തോടെ സിനിമാലോകം ആവേശത്തിലാണ്.
ടി വി ചന്ദ്രന്റെ സംവിധാനത്തിൽ 1994-ൽ പുറത്തിറങ്ങിയ 'പൊന്തൻമാട'യിലാണ് ഇരുവരും ഇതിനുമുമ്പ് ഒന്നിച്ചഭിനയിച്ചത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആ ചിത്രത്തിൽ ശീമ തമ്പുരാൻ എന്ന കഥാപാത്രത്തെയായിരുന്നു നസറുദീൻ ഷാ അവതരിപ്പിച്ചത്.
'ഓം' ചാപ്റ്റര് 1 - ഉധിരം : ദി ബ്ലഡ് വുഡ് (OM) എന്ന പേരിൽ വമ്പൻ ആക്ഷൻ ഇമോഷണൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ധനുഷ് തന്നെയാണ് നിർമിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയ ഭാഗങ്ങൾ ഇതിനകം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ.
ചിത്രത്തിനായി ആദ്യം 35 കോടി രൂപയാണ് മമ്മൂട്ടിക്ക് പ്രതിഫലമായി നിശ്ചയിച്ചിരുന്നതെങ്കിലും അത്രയും തുക വേണ്ടെന്ന് താരം നിലപാടപടുത്തു. ഒടുവിൽ 24 കോടി രൂപയാണ് പ്രതിഫലമായി ഉറപ്പിച്ചത്. മമ്മൂട്ടിയുടെ ഈ തീരുമാനം തമിഴ് സിനിമാ ലോകത്ത് വലിയ അഭിനന്ദനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ചിത്രത്തിൽ ധനുഷിന് 45 കോടിയും, സംവിധായകൻ രാജ്കുമാർ പെരിയസാമിക്ക് 15 കോടിയുമാണ് പ്രതിഫലം.
സായ് പല്ലവിയും ശ്രീലീലയുമാണ് ചിത്രത്തിലെ നായികമാർ. സായ് പല്ലവിക്ക് 12 കോടി രൂപയും, ചിത്രത്തിൽ ഏതാനും രംഗങ്ങളിൽ മാത്രം എത്തുന്ന ശ്രീലീലയ്ക്ക് മൂന്നു കോടി രൂപയുമാണ് പ്രതിഫലം ലഭിക്കുന്നത്. മുൻപ് മമ്മൂട്ടി ചിത്രമായ 'കമ്മത്ത് ആൻഡ് കമ്മത്തിൽ' ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു. സായ് അഭ്യങ്കർ സംഗീതം പകരുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ റെക്കോർഡ് തുകയ്ക്കാണ് വിറ്റുപോയിരിക്കുന്നത്. ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും.