

ഇന്ത്യന്‍ സിനിമയുടെ ഗ്ലാമര്‍ മുഖമായിരുന്ന അന്തരിച്ച നടി സില്‍ക്ക് സ്മിതയുടെ ഓര്‍മകള്‍ പങ്കുവെച്ച് പ്രശസ്ത നടി ഖുശ്ബു സുന്ദര്‍. സില്‍ക്ക് സ്മിതയുടെ ഓര്‍മദിനത്തോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് ഖുശ്ബു തന്റെ സുഹൃത്തും സഹപ്രവര്‍ത്തകയുമായിരുന്ന സ്മിതയെക്കുറിച്ചുള്ള വൈകാരികമായ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്.
സംവിധായകന്‍ അശോക് കുമാറിന്റെ ഒരു ത്രീഡി ചിത്രത്തിന്റെ ചിത്രീകരണത്തിനായി ചെന്നൈയില്‍ എത്തിയപ്പോഴാണ് ഖുശ്ബു സില്‍ക്ക് സ്മിതയെ ആദ്യമായി പരിചയപ്പെടുന്നത്. ആ ചിത്രം പിന്നീട് ഉപേക്ഷിക്കപ്പെട്ടെങ്കിലും, ഇരുവരും തമ്മില്‍ അടുത്ത സൗഹൃദം ഉടലെടുക്കുകയായിരുന്നു. പ്രൊഫഷണല്‍ ബന്ധത്തിനപ്പുറം വ്യക്തിപരമായി സില്‍ക്ക് സ്മിത തികച്ചും വ്യത്യസ്തയായ ഒരു വ്യക്തിയായിരുന്നുവെന്ന് ഖുശ്ബു പറഞ്ഞു.
സ്‌ക്രീനില്‍ ഗ്ലാമറസ് കഥാപാത്രങ്ങളിലൂടെ ആളുകളെ ആകര്‍ഷിച്ച താരം, യഥാര്‍ഥ ജീവിതത്തില്‍ ശാന്തമായ കുടുംബജീവിതം ആഗ്രഹിച്ചിരുന്നുവെന്ന് ഖുശ്ബു വെളിപ്പെടുത്തി. 'ഒരു സാധാരണ കുടുംബജീവിതം നയിക്കാനും, സ്‌നേഹമുള്ള ഭര്‍ത്താവും കുട്ടികളുമൊക്കെയായി ജീവിക്കാനും അവര്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ സ്വപ്നങ്ങളൊന്നും അവര്‍ക്ക് യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചില്ല...' ഖുശ്ബു പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമയില്‍ വലിയ സ്വാധീനം ചെലുത്തിയ താരമായിരുന്നു സില്‍ക്ക് സ്മിതയെങ്കിലും, അവരുടെ വ്യക്തിജീവിതത്തിലെ ഒറ്റപ്പെടലും സങ്കടങ്ങളും പുറംലോകത്തിന് അപരിചിതമായിരുന്നുവെന്ന് ഖുശ്ബുവിന്റെ അനുസ്മരണം വ്യക്തമാക്കുന്നു.