

രാജ്യത്തെ മുഴുവൻ ഞെട്ടിച്ച് ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തന്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയെങ്കിലും ദളപതി വിജയ്, തന്റെ അവസാനചിത്രമായ 'ജനനായകനു'മായി ബന്ധപ്പെട്ട് ഏറ്റവും വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. കേവലം ഒരു സിനിമയുടെ റിലീസ് തീയതി നീളുന്നതിനപ്പുറം, തമിഴ് സിനിമയും സെൻസർ ബോർഡും തമ്മിലുള്ള വലിയൊരു നിയമപോരാട്ടമായി ഇതു മാറിക്കഴിഞ്ഞു. പൊങ്കൽ റിലീസായി ജനുവരി ഒമ്പതിന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം നിയമക്കുരുക്കുകളിൽ അകപ്പെട്ട് അനിശ്ചിതത്വത്തിലായതോടെ വിജയ് ആരാധകർ കടുത്ത ആശങ്കയിലാണ്.
ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് സംവിധായകൻ എച്ച്. വിനോദ് അടുത്തിടെ നടത്തിയ പ്രതികരണം സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ജയറാം-ഉർവശി കോമ്പോയിൽ ഒരുങ്ങുന്ന ചിത്രമായ 'പരിമള ആൻഡ് കോ'യുടെ പ്രൊമോഷനിടെ 'ജനനായകൻ എപ്പോൾ പുറത്തിറങ്ങും' എന്ന ചോദ്യത്തിന് സംവിധായകന്റെ മറുപടി: 'സത്യം പറയാനുള്ള ധൈര്യം എനിക്കില്ല, അഥവാ ഞാനത് പറഞ്ഞാൽപ്പോലും അതു പുറത്തുവിടാനുള്ള ധൈര്യം നിങ്ങൾക്കുമുണ്ടാകില്ല.'
സംവിധായകന്റെ നിഗൂഢമായ വാക്കുകൾ ആരാധകരെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ചിത്രം ഇനി ഒരിക്കലും വെളിച്ചം കാണില്ലേ എന്ന ചോദ്യമാണ് ഇപ്പോൾ സിനിമാ ഗ്രൂപ്പുകളിൽ ഉയരുന്നത്. നേരത്തെ ചിത്രത്തിന് "യു/എ' സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും, പിന്നീട് ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കുകയായിരുന്നു. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രത്തിന്റെ ചില ഉള്ളടക്കങ്ങളാണോ സെൻസർ ബോർഡിനെ ചൊടിപ്പിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. നിയമപരമായ തടസങ്ങൾ ഇതുവരെയും നീക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിച്ച്, ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയും സഹനിർമാണം നിർവഹിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ട്. ബോബി ഡിയോൾ, പൂജ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
സിനിമയുടെ ഭാവിയെന്താകുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെങ്കിലും, തങ്ങളുടെ പ്രിയതാരത്തിന്റെ ചിത്രം തിയറ്ററുകളിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് തെന്നിന്ത്യ.