

ദളപതി വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ജനനായക'ന്റെ റിവ്യൂ സ്‌ക്രീനിങ് സെന്‍സര്‍ ബോര്‍ഡ് വീണ്ടും മാറ്റിവച്ചു. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സ്‌ക്രീനിങ് ആണ് അവസാനനിമിഷം മാറ്റിയത്. ബോര്‍ഡ് റിവൈസിങ് കമ്മിറ്റിയിലെ ഒരംഗത്തിന് അസുഖം ബാധിച്ചതാണ് പെട്ടെന്നുള്ള മാറ്റത്തിനു കാരണമായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പുതിയ തീയതി ഇതുവരെ ബോര്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി അറിയാന്‍ കഴിയൂ. സെൻസർ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ടു തുടക്കം മുതല്‍തന്നെ നിരവധി പ്രതിസന്ധികളാണു ചിത്രം നേരിടുന്നത്. ജനുവരി ഒമ്പതിന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നാണ് മാറ്റിവച്ചത്.
ചിത്രത്തിലെ ചില ഭാഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും സൈനിക ചിഹ്നങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നും ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡിലെ ഒരംഗം പരാതി നല്‍കിയിരുന്നു. റിവൈസിങ് കമ്മിറ്റിക്ക് വിട്ട ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിന്നീട് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയിട്ടും സിനിമ വീണ്ടും പുനഃപരിശോധനയ്ക്കു വിധേയമാക്കാനാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനം.
രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച വിജയ്‌യുടെ അവസാനചിത്രത്തില്‍ വന്‍ താരനിരതന്നെയുണ്ട്. ബോബി ഡിയോള്‍, പ്രകാശ് രാജ്, പൂജ ഹെഗ്ഡെ, പ്രിയാമണി, ഗൗതം വാസുദേവ് മേനോന്‍, മമിത ബൈജു തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.