

താരങ്ങളുടെ താരം, സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനാകുന്ന ജയിലര്‍ 2-ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 11ന് ചിത്രം ആഗോള റിലീസിനായി ഒരുങ്ങുകയാണ്. ബ്രഹ്‌മാണ്ഡ ഹിറ്റ് ആയ 'ജയിലര്‍'-ന്റെ രണ്ടാം ഭാഗമാണ് രജനികാന്തും സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറും വീണ്ടും ഒന്നിക്കുന്ന 'ജയിലര്‍ 2'.
സെപ്റ്റംബര്‍ 14-ലെ ഗണേശചതുര്‍ഥി അവധി കൂടി മുന്നില്‍ക്കണ്ട് വമ്പന്‍ റിലീസിനാണ് അണിയറയില്‍ ഒരുക്കങ്ങള്‍ നടക്കുന്നത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന രജനികാന്തിന്റെ ജനപ്രിയ കഥാപാത്രത്തിന്റെ തുടര്‍ച്ചയായുള്ള കഥ പറയുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡ് താരം മിഥുന്‍ ചക്രവര്‍ത്തി, വിദ്യാ ബാലന്‍, എസ്.ജെ. സൂര്യ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഇതിനുപുറമെ, ഒന്നാം ഭാഗത്തില്‍ തിയറ്ററുകളില്‍ വന്‍ ഓളം സൃഷ്ടിച്ച മോഹന്‍ലാലും കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ്കുമാറും രണ്ടാം ഭാഗത്തിലും അതിഥി വേഷങ്ങളില്‍ എത്തുമെന്നാണ് വിവരങ്ങള്‍. നേരത്തെ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ കാരണം അദ്ദേഹം പ്രോജക്ടില്‍നിന്നു പിന്മാറുകയായിരുന്നു.
ഈ വര്‍ഷം പകുതിയോടെ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ചിത്രം, കൂടുതല്‍ മികച്ച രീതിയില്‍ തിയറ്ററുകളില്‍ എത്തിക്കുന്നതിനും ഉത്സവ വാരാന്ത്യത്തിന്റെ കളക്ഷന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായാണ് സെപ്റ്റംബറിലേക്ക് മാറ്റിയത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസ് ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞു.
അതേസമയം, രജനികാന്തിന്റെ അണിയറയിലൊരുങ്ങുന്ന മറ്റു പ്രോജക്ടുകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന 'തലൈവര്‍ 173' എന്ന ചിത്രത്തിലാണ് രജനികാന്ത് അടുത്തതായി അഭിനയിക്കുക. 'ഡ്രാഗണ്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അശ്വത് മാരിമുത്തു പുതിയൊരു കഥയുമായി ഈ ചിത്രം സംവിധാനം ചെയ്‌തേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതോടൊപ്പം നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ കമല്‍ഹാസനും രജനികാന്തും ഒന്നിക്കുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രവും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.