

പ്രശസ്ത കോളിവുഡ് സംവിധായകനും അഭിനേതാവുമായ ഗൗതം വാസുദേവ് മേനോൻ ചലച്ചിത്രലോകത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായുള്ള 'ഒൻട്ര രെണ്ട' ലൈവ് സംഗീതനിശ മലേഷ്യയിലേക്ക്. ചെന്നൈയിൽ വലിയ വിജയമായി തീർന്ന ഈ ആഘോഷ പരിപാടി ഒക്ടോബർ 10-ന് മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ നടക്കും.
2001-ൽ മാധവനും റീമ സെന്നും പ്രധാന വേഷത്തിലെത്തിയ 'മിന്നലേ' എന്ന സൂപ്പർഹിറ്റ് പ്രണയ ചിത്രത്തിലൂടെയാണ് ഗൗതം വസുദേവ് മേനോൻ സംവിധായകനായി അരങ്ങേറുന്നത്. പിന്നീട് വാരാണം ആയിരം, വിണ്ണൈത്താണ്ടി വരുവായാ, കാക്ക കാക്ക തുടങ്ങിയ ക്ലാസ് ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ ട്രെൻഡ് സെറ്ററായി അദ്ദേഹം മാറി.
സിനിമകൾക്കൊപ്പം തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഗാനങ്ങളും സംഗീത കോമ്പോകളും (പ്രത്യേകിച്ച് ഹാരിസ് ജയരാജ്, എ.ആർ. റഹ്മാൻ എന്നിവർക്കൊപ്പമുള്ളത്) പ്രേക്ഷകർക്കിടയിൽ വൻ തരംഗമായിരുന്നു.
ഇപ്പോൾ സംവിധാനത്തിനു പുറമെ മികച്ച അഭിനേതാവായും അദ്ദേഹം തിളങ്ങുന്നുണ്ട്. തമിഴ്, മലയാളം ചിത്രങ്ങളിൽ സജീവമായ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രോജക്ടുകളിലൊന്ന് വിജയ് നായകനായ 'ജനനായകൻ' ആയിരുന്നു. മലയാളത്തിൽ അടുത്തിടെ മമ്മൂട്ടിയെ നായകനാക്കി 'ഡൊമിനിക് ആന്റ് ലേഡീസ് പഴ്സ്' എന്ന സിനിമയും ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്തു.
കാർത്തിക്, സൈന്ധവി, സത്യപ്രകാശ് തുടങ്ങിയ പ്രമുഖ ഗായകർ അണിനിരക്കുന്ന സംഗീതനിശയിൽ ഗൗതം മേനോൻ നേരിട്ടെത്തി തന്റെ ഹിറ്റ് ഗാനങ്ങളുടെ പിന്നാമ്പുറക്കഥകൾ ആരാധകരുമായി പങ്കുവെക്കും.