

തമിഴകത്തിന്റെ യുവതാരം ധ്രുവ് വിക്രം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. മാരി സെല്വരാജ് ചിത്രം 'ബൈസണ് കാലമാടന്' നല്കിയ വന് വിജയത്തിനു ശേഷം താരം അഭിനയിക്കുന്ന പുതിയ പ്രോജക്ടിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള് സോഷ്യല് മീഡിയയില് തരംഗമാകുന്നത്. ഒരു പുതിയ പരീക്ഷണത്തിന് ധ്രുവ് ഒരുങ്ങുന്നു എന്ന സൂചന നല്കിക്കൊണ്ട് ഫോട്ടോഷൂട്ടിന്റെ ചിത്രം താരം തന്നെയാണ് ആരാധകര്ക്കായി പങ്കുവെച്ചത്.
ധ്രുവ് അടുത്തതായി സ്പോര്ട്സ് ഡ്രാമയിലാണ് അഭിനയിക്കാന് പോകുന്നതെന്ന തരത്തില് നേരത്തെ വാര്ത്തകള് വന്നിരുന്നു. കിക്ക് ബോക്സിങ് ആയിരിക്കും പ്രമേയമെന്നും കേട്ടിരുന്നു. എന്നാല് അടുത്തിടെ പങ്കെടുത്ത ചടങ്ങില് താരം തന്നെ ഈ അഭ്യൂഹങ്ങള്ക്ക് വിരാമമിട്ടു. തന്റെ പുതിയ ചിത്രം ഒരു സ്പോര്ട്സ് സിനിമയല്ലെന്നും, എന്നാല് ആസ്വാദകരെ ആവേശത്തിലാക്കുന്ന മറ്റൊരു ഴോണറിലുള്ള ചിത്രമായിരിക്കുമെന്നുമാണ് ധ്രുവ് വ്യക്തമാക്കിയത്.
പക്കാ മാസ് ആക്ഷന് ചിത്രവുമായാണ് താരം ഇത്തവണ എത്തുന്നതെന്നാണ് കോളിവുഡ് റിപ്പോര്ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. ഫസ്റ്റ് ലുക്കും ഉടന് തന്നെ അണിയറപ്രവര്ത്തകര് പുറത്തുവിടും. നായകനായുള്ള ധ്രുവിന്റെ കരിയറിലെ നാലാമത്തെ ചിത്രമാണിത്.
പ്രതിബന്ധങ്ങളോടു പോരാടി ദേശീയതലത്തിലേക്ക് ഉയരുന്ന കബഡി കളിക്കാരന്റെ കഥ പറഞ്ഞ 'ബൈസണ് കാലമാടന്' ധ്രുവിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു. അനുപമ പരമേശ്വരന്, പശുപതി, രജിഷ വിജയന്, ലാല്, അമീര് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങള്. 'ബൈസണ്' തീര്ത്ത വലിയ പ്രതീക്ഷകള്ക്ക് ശേഷം ധ്രുവ് വിക്രം ആക്ഷന് ഹീറോ പരിവേഷത്തില് എത്തുന്ന പുതിയ ചിത്രത്തിന്റെ കൂടുതല് വിശേഷങ്ങള് വരും ദിവസങ്ങളില് അണിയറപ്രവര്ത്തകര് പുറത്തുവിടും.