

തമിഴ്നാട്ടില്‍ പുതിയ സിനിമകളുടെ റിലീസിന് രാവിലെ ആറിനുള്ള പ്രത്യേക പ്രദര്‍ശനത്തിന് അനുമതി നല്‍കിയ സര്‍ക്കാരിനും മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കും നന്ദി അറിയിച്ച് നടന്‍ ധനുഷ്. തന്റെ പുതിയ ചിത്രമായ 'ഒ.എം' നവംബര്‍ 20-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന പശ്ചാത്തലത്തിലാണ് താരം നന്ദി പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
ഒരു സിനിമയുടെ വിജയം അതിനായി അക്ഷീണം പ്രയത്‌നിക്കുന്ന നിരവധി പേരുടെ കഠിനാധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ഫലമാണെന്നും, തിയേറ്ററുകളില്‍ പോയി സിനിമകള്‍ ആസ്വദിക്കുന്നത് വഴി ചലച്ചിത്രമേഖലയിലെ തൊഴിലാളികളെ പിന്തുണയ്ക്കാമെന്നും തന്റെ ഔദ്യോഗിക എക്‌സ് പേജിൽ പങ്കുവെച്ച കുറിപ്പില്‍ ധനുഷ് പറയുന്നു.
ഇതോടൊപ്പം ആദ്യ പ്രദര്‍ശനത്തിനെത്തുന്ന ആരാധകര്‍ക്കായി പ്രത്യേക അഭ്യര്‍ഥനയും ധനുഷ് നടത്തിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നാണ് താരത്തിന്റെ അഭ്യര്‍ഥന. സിനിമ പൂര്‍ണമായി ആസ്വദിച്ചു കാണുന്നതാണ് യഥാര്‍ഥ ആഘോഷമെന്നും താരം കുറിച്ചു
രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന 'ഒ.എമ്മി'ല്‍ മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, നസ്‌റുദീന്‍ ഷാ തുടങ്ങിയ വന്‍താരനിരയാണ് അണിനിരക്കുന്നത്. സായ് അഭ്യങ്കര്‍ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രം വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്. കേരളത്തിലും വമ്പന്‍ റിലീസ് ആണ് ഒരുക്കുന്നത്.