

പാന്‍ ഇന്ത്യന്‍ താരം ചിയാന്‍ വിക്രം നായകനാകുന്ന 63-ാമത് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം. താത്കാലികമായി 'ചിയാന്‍ 63' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേര് തിങ്കളാഴ്ച വൈകുന്നേരം 6.03-ന് വിനായക ചതുര്‍ഥി ദിനത്തോട് അനുബന്ധിച്ച് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
'ഇരുമുഖന്‍' എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിക്രമും സംവിധായകന്‍ ആനന്ദ് ശങ്കറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി.ജി.ത്യാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്ന് നിര്‍മിക്കുന്നു. റിയ ഷിബുവും ഷമ്മി തിലകനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. തിയേറ്ററുകളെ ഇളക്കിമറിച്ച തെന്നിന്ത്യന്‍ ഗ്ലാമർ സംയുക്ത ഹെഗ്ഡെയും ചിത്രത്തിലുണ്ട്.
സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആര്‍.ഡി. രാജശേഖര്‍ ഛായാഗ്രഹണവും പൂര്‍ണിമ രാമസ്വാമി കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്യുന്നു.
അടുത്തിടെ സംവിധായകന്‍ ആനന്ദ് ശങ്കര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വിക്രമിന്റെ ലൊക്കേഷന്‍ ചിത്രം ആരാധകര്‍ക്കിടയില്‍ വന്‍ ആവേശം സൃഷ്ടിച്ചിരുന്നു. വിക്രമിന്റെ മാസ് പ്രകടനം പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ടൈറ്റില്‍ പ്രഖ്യാപനത്തോടൊപ്പം ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.