

മലയാളത്തിന്റെ പ്രിയ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് കേന്ദ്രകഥാപാത്രമാകുന്ന ആദ്യ തമിഴ് ചിത്രം 'രാവടി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവച്ചത്. നേരത്തെ സുധ കൊങ്ങര സംവിധാനം ചെയ്ത 'പരാശക്തി' എന്ന ചിത്രത്തില്‍ ബേസില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നെങ്കിലും ഒരു തമിഴ് സിനിമയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നത് ഇതാദ്യമാണ്.
ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചതിനൊപ്പം ചിത്രം ഈ വര്‍ഷം പകുതിയോടെ തിയറ്ററുകളില്‍ എത്തുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. നവാഗതനായ വിഘ്‌നേഷ് വടിവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറായാണ് ഒരുങ്ങുന്നത്. 'ഫൈറ്റ് ക്ലബ്' എന്ന സിനിമയില്‍ സംവിധായകന്‍ അബ്ബാസ് എ. റഹ്‌മത്തിന്റെ സഹായിയായും നിരവധി പരസ്യചിത്രങ്ങളിലും വിഘ്‌നേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ലളിത് കുമാറിന്റെ മകനും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളുമായ എല്‍.കെ. അക്ഷയ് കുമാറും ഈ പ്രോജക്ടിന്റെ ഭാഗമാണ്.
ജോണ്‍ വിജയ്, സത്യന്‍, ജാഫര്‍ സാദിഖ്, നോബിള്‍ കെ. ജെയിംസ്, അരുണാചലേശ്വരന്‍ പി.എ, ഷാരിഖ് ഹസന്‍, ഐശ്വര്യ ശര്‍മ തുടങ്ങി വന്‍ താരനിരയാണ് രാവടിയില്‍ അണിനിരക്കുന്നത്. ജെന്‍ മാര്‍ട്ടിനാണ് ചിത്രത്തിനു സംഗീതം ഒരുക്കുന്നത്. ലിയോണ്‍ ബ്രിട്ടോ ഛായാഗ്രഹണവും ഭരത് വിക്രമന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
'രാവടി'ക്ക് പുറമെ ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന 'അതിരടി' എന്ന ചിത്രവും ബേസിലിന്റേതായി പുറത്തിറങ്ങാനുണ്ട്. മേയ് 14-ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.