

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഒരു ചിത്രം മനസിലുണ്ടെന്ന് പ്രമുഖ സംവിധായകന്‍ ആറ്റ്‌ലി. വിജയ് സേതുപതി നായകനായ 'ബത്ത' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങില്‍ മാധ്യമങ്ങളോടു സംസാരിക്കവേയാണ് ആറ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിന്റെ പ്രെസെന്ററാണ് ആറ്റ്‌ലി. അദ്ദേഹത്തിന്റെ ഭാര്യ പ്രിയ നിര്‍മാതാക്കളില്‍ ഒരാളും.
രജനികാന്തുമായി സിനിമ ചെയ്യാന്‍ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെയൊരു ആശയം മനസിലുണ്ടെന്ന് സമ്മതിച്ചെങ്കിലും ഓരോ സിനിമയ്ക്കുശേഷവും താന്‍ കൃത്യമായ ഇടവേള എടുക്കാറുണ്ടെന്ന് ആറ്റ്‌ലി പറഞ്ഞു. നിലവിലുള്ള സിനിമ പൂര്‍ത്തിയാക്കി റിലീസ് ചെയ്യുന്നത് വരെ മറ്റൊരു പ്രോജക്ടിലും ശ്രദ്ധ കേന്ദ്രീകരിക്കാറില്ലെന്നും അതിനാല്‍ അടുത്ത ചിത്രത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചു തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'രാജാ റാണി' ചെയ്യുമ്പോള്‍ 'തെരി'യെക്കുറിച്ചോ, 'തെരി' ചെയ്യുമ്പോള്‍ 'മെര്‍സലി'നെക്കുറിച്ചോ ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നിലവില്‍ പൂര്‍ത്തിയാക്കാനുള്ള 'രാക്ക' എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം രണ്ടു മാസത്തെ ഇടവേളയെടുത്ത് അതിലെ തെറ്റുകുറ്റങ്ങള്‍ വിലയിരുത്തിയ ശേഷമേ അടുത്ത സിനിമയിലേക്ക് കടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അല്ലു അര്‍ജുനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് 'രാക്ക'. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദീപിക പദുകോണും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഹോളിവുഡ് താരം വില്‍ സ്മിത്ത് വില്ലന്‍ വേഷത്തില്‍ എത്തിയേക്കുമെന്ന പ്രചരണങ്ങളുണ്ടെങ്കിലും ഇതില്‍ നിര്‍മാതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റിയല്‍-ടൈം മോഷന്‍ ക്യാപ്ചര്‍ സാങ്കേതികവിദ്യയില്‍ ഗിന്നസ് റെക്കോഡും ചിത്രം അടുത്തിടെ സ്വന്തമാക്കിയിരുന്നു.