

അശോക് സെല്‍വനും പ്രീതി മുകുന്ദനും പ്രധാന വേഷങ്ങളില്‍ എത്തുന്ന കോളിവുഡ് ചിത്രം 'അന്‍പില്‍ അവന്‍' തിയേറ്റര്‍ റിലീസ് മാറ്റിവെച്ചു. സെപ്റ്റംബര്‍ 25-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഒക്ടോബര്‍ രണ്ടിലേക്കാണ് മാറ്റിയത്. കൂടുതല്‍ തിയേറ്ററുകളില്‍ ചിത്രം വലിയ രീതിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിലീസ് തിയതി നീട്ടിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ചിത്രത്തിന്റെ ട്രെയിലറിനും പ്രചാരണ പരിപാടികള്‍ക്കും പ്രേക്ഷകരില്‍ നിന്നും വിതരണക്കാരില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. വിതരണ പങ്കാളികളുടെ ഭാഗത്തുനിന്നുള്ള താല്പര്യവും ആത്മവിശ്വാസവും കണക്കിലെടുത്ത് ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഈ തീരുമാനമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കി.
ആര്‍. കാര്‍ത്തികേയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അദ്ദേഹവും വിഘ്‌നേഷ് രാജ, അശോക് സെല്‍വന്‍, എന്നിവരും ചേര്‍ന്നാണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനവും പീറ്റര്‍ ഹെയ്ന്‍ സ്റ്റണ്ട് കൊറിയോഗ്രാഫിയും നിര്‍വഹിക്കുന്നു.
'ഇമക്കു തൊഴില്‍ റൊമാന്‍സ്' എന്ന ചിത്രത്തിന് ശേഷം ഏകദേശം രണ്ടു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് അശോക് സെല്‍വന്‍ വീണ്ടും നായകനായി എത്തുന്നത്. കമല്‍ ഹാസന്‍-മണിരത്‌നം കൂട്ടുകെട്ടിലെത്തിയ 'തഗ് ലൈഫ്' എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ചത്. സാബു മോന്‍ അബ്ദുസമദ്, കതിര്‍ബാലു, ഡല്‍ഹി ഗണേഷ് തുടങ്ങിയവരും 'അന്‍പില്‍ അവനി'ല്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.