

തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത് കുമാറും സംവിധായകന്‍ ആദിക് രവിചന്ദ്രനും വീണ്ടും ഒന്നിക്കുന്ന 'എകെ 64' എന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. തമിഴകത്തെ പ്രമുഖ നിര്‍മാണ കമ്പനിയായ സണ്‍ പിക്‌ചേഴ്‌സ് അജിത് ചിത്രം ഏറ്റെടുത്തേക്കുമെന്നാണ് കോളിവുഡില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രോജക്ട് ആണെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രീകരണം ആരംഭിക്കുന്നത് നീളുകയായിരുന്നു.
അജിത്തിന്റെ വന്‍ പ്രതിഫലം താങ്ങാന്‍ പ്രമുഖ നിര്‍മാണ കമ്പനികള്‍ക്കു സാധിക്കാത്തതിനാലാണ് സിനിമ വൈകുന്നതെന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് വമ്പന്‍ പ്രോജക്ടുകള്‍ മാത്രം ചെയ്യുന്ന സണ്‍ പിക്‌ചേഴ്‌സ് ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും സംവിധായകന്‍ ആദിക് രവിചന്ദ്രന്‍ മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ സിനിമയെക്കുറിച്ചു പറഞ്ഞതിങ്ങനെ:'ഗുഡ് ബാഡ് അഗ്ലി' പൂര്‍ണമായും അജിത് സാറിന്റെ ആരാധകരെ മാത്രം ലക്ഷ്യമിട്ടാണ് ഒരുക്കിയത്. എന്നാല്‍ 'എകെ 64' അങ്ങനെ ആയിരിക്കില്ല. മികച്ചൊരു തിരക്കഥയുടെ പിന്‍ബലമുള്ള, കുടുംബപ്രേക്ഷകരെയും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന പക്കാ ആക്ഷന്‍ എന്റര്‍ടൈനര്‍ ആയിരിക്കും ഈ ചിത്രം.'