

തമിഴകത്തിന്റെ പ്രിയതാരം അജിത് കുമാറിന്റെ മാതാവ് മോഹിനി മണി (88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. നിലവിൽ ദുബായിലുള്ള അജിത് കുമാർ ചൈന്നൈയിലെത്തും. സംസ്കാര ചടങ്ങുകൾ നാളെ നടക്കുമെന്നാണു വിവരം. മോഹിനി മണിയുടെ വിയോഗത്തിൽ സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
തമിഴ്നാട് മുഖ്യമന്ത്രി വിജയ്
എന്റെ പ്രിയ സുഹൃത്ത് അജിത് കുമാറിന്റെ മാതാവ് മോഹിനിയുടെ വിയോഗവാർത്ത എന്നെ ആഴത്തിൽ സങ്കടപ്പെടുത്തുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു. അജിത്തിന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും താങ്ങും തണലുമായി നിന്ന അമ്മയുടെ വിയോഗത്തിൽ അജിത് കുമാറിനും കുടുംബത്തിനുമൊപ്പം ഞാൻ പങ്കുചേരുന്നു.
കമൽ ഹാസൻ
എന്റെ സഹോദരൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മണിയുടെ വേർപാടിൽ അങ്ങേയറ്റം ദുഃഖിക്കുന്നു. അമ്മയെ നഷ്ടപ്പെട്ട സങ്കടത്തിൽ കഴിയുന്ന അജിത് കുമാറിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും എന്റെ അനുശോചനം അറിയിക്കുന്നു.
ശരത് കുമാർ
പ്രിയ സഹോദരൻ അജിത് കുമാറിന്റെ മാതാവ് മോഹിനി മണിയുടെ നിര്യാണത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു. അമ്മയുടെ വേർപാടിൽ തളർന്നിരിക്കുന്ന അജിത് കുമാറിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ ഞാനും എന്റെ കുടുംബവും പങ്കുചേരുന്നു.