
'കാതൽദേശം' മുതൽ 'രാമാനുജൻ' വരെ-ഇങ്ങനെയായിരുന്നു അബ്ബാസ് എന്ന നായകനെക്കുറിച്ച് ഇതുവരെ എല്ലാവരും എഴുതിയിരുന്നത്. ഇനി അതിനൊരു തിരുത്തിന് നേരമായിരിക്കുന്നു. അബ്ബാസ് തിരികെയെത്തുന്നു..
നിരവധി സിനിമകളിലൂടെ പ്രേക്ഷകമനസ്സുകളിൽ തന്റേതായ ഇടം സ്വന്തമാക്കിയ അബ്ബാസ് പതിനൊന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സിനിമയിലേക്ക് തിരികെവരുന്നത്. ജി.വി. പ്രകാശും ഗൗരിപ്രിയയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അബ്ബാസിനെ വീണ്ടും പ്രേക്ഷകർക്ക് കാണാനാകും. 90 കളിലെ യുവ പ്രേക്ഷകരെപ്പോലെ പുതു തലമുറയും അദ്ദേഹത്തെ നെഞ്ചേറ്റുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷിക്കുന്നത്. സിനിമാമേഖലയിൽ സാധാരണയായി നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചുവരുന്നവർക്ക് കിട്ടുന്ന ക്ളീഷേ കഥാപാത്രമായിരിക്കില്ല അബ്ബാസിനെന്ന് സംവിധായകൻ മരിയ രാജ ഇളഞ്ചെഴിയൻ പറയുന്നു.
തൊണ്ണൂറുകളിൽ യുവാക്കളുടെ ഹൃദയനായകനായിരുന്നു അബ്ബാസ്. 1996 ൽ പുറത്തിറങ്ങിയ കാതൽദേശം മുതൽ രാമാനുജൻ വരെയുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് വരച്ചിട്ടു. വിഐപി, പടയപ്പ, സുയംവരം, പൂചൂടവാ, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, മിന്നലേ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ നായക വേഷത്തിലോ മറ്റു പ്രധാന വേഷങ്ങളിലോ അബ്ബാസ് അഭിനയിച്ചിട്ടുണ്ട്. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയിലൂടെ മലയാളത്തിൽ മഞ്ജുവാരിയരുടെ നായകനുമായി. 2014 ആയപ്പോഴേക്കും സിനിമകളിൽ അവസരങ്ങൾ കുറഞ്ഞതോടെ കുടുംബത്തോടൊപ്പം ന്യൂസിലാന്റിലേക്ക് ചേക്കേറുകയായിരുന്നു അബ്ബാസ്.
അബ്ബാസ് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. ബിയോണ്ട് പിക്ചേഴ്സിന്റെ ബാനറിൽ ജയവർധനൻ നിർമിക്കുന്ന സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. നായകൻ ജി.വി പ്രകാശിന്റെ കഥാപാത്രത്തിന് നൽകിയിരിക്കുന്ന പേരായിരിക്കും ചിത്രത്തിന്റേതെന്ന് മരിയ രാജ പറയുന്നു. മുൻ സിനിമകളിൽ നിന്നു വ്യത്യസ്തമായ കഥാപാത്രമായിരിക്കും നായിക ശ്രീഗൗരി പ്രിയയുടേതെന്നും അണിയറ പ്രവർത്തകർ പറയുന്നു. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം.