
മലയാളത്തിന്റെ കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു നടൻ മാമുക്കോയ. ബേപ്പൂരിലെ ബഷീറിന്റെ വീട്ടിൽ ചെന്നാൽ നാലു കാര്യങ്ങളാണ് മാമുകോയയ്ക്കു ലഭിക്കുക- അനുഗ്രഹം, കഥ, ചായ, വായ്പ. കടം കൊടുക്കുന്നതിലുമുണ്ട് ബഷീർ സ്റ്റൈൽ. സുൽത്താനു രണ്ടുതരം ഒപ്പുകളുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഒപ്പിടും. ചെക്കിൽ മലയാളത്തിൽ ഒപ്പിട്ടാൽ കടം തിരിച്ചുകൊടുക്കണ്ട. ഇംഗ്ലീഷിൽ ഒപ്പിട്ടാൽ തിരിച്ചുകൊടുക്കണം.
നടനാകുന്നതിനു മുൻപ് മാമുക്കോയ പലപ്പോഴും സാമ്പത്തിക പ്രയാസത്തിലായിരുന്നു. തന്നെ കാണാൻ വരുമ്പോൾ ബഷീർ മാമുകോയയോടു ചോദിക്കും:
"നിന്റെ കൈയിൽ തിരിച്ചുതരാന് കായുണ്ടോ കാക്കേ?"
മാമുക്കോയ മുക്കിയും മൂളിയും പല്ലുകാട്ടി ചിരിച്ചുനിൽക്കും. കുശലമൊക്ക കഴിഞ്ഞതിനുശേഷം മലയാളത്തിൽ ഒപ്പിട്ട ചെക്ക് കൊടുക്കുന്നു. ബഷീറിൽനിന്ന് കടം കിട്ടാൻ മാത്രമല്ല, ചെക്കിൽ മലയാളത്തിൽ ഒപ്പിടാനും മാമുക്കോയ ദൈവത്തോടു പ്രാർഥിക്കും. സിനിമാനടൻ ആയശേഷം ഒരിക്കൽ കാശിന് അത്യാവശ്യം വന്നപ്പോൾ ബഷീറിന്റെ പക്കൽ വായ്പയ്ക്കു ചെന്നു. അന്ന് അദ്ദേഹം നല്കിയത് ഇംഗ്ലീഷിൽ ഒപ്പിട്ട ചെക്ക്! ആദ്യമായാണ് മാമുക്കോയയ്ക്ക് ബഷീർ ഇംഗ്ലീഷിൽ ഒപ്പിട്ട ചെക്ക് നൽകിത്.
മാമുക്കോയ മിക്കവാറും ബഷീറിന്റെ വീട്ടിൽ ചുറ്റിത്തിരിയും. കൂടെ വേറെ ചിലരുമുണ്ടാകും. ഒരുദിവസം ഇങ്ങനെ മാംഗോസ്റ്റീൻ മരത്തിനരികിൽ തിരിഞ്ഞുകളിച്ചുനില്കുമ്പോൾ ബഷീറിനെ കാണാൻ രണ്ടുപേർ വന്നു. പ്രശസ്ത കലാസംവിധായകൻ എസ്.കൊന്നനാട്ടും എഴുത്തുകാരൻ പി.എ.മുഹമ്മദ് കോയയും. കൊന്നനാട്ട് സംവിധായകനായി സിനിമയിൽ അരങ്ങേറുകയാണ്. അതിനുമുമ്പ് ബഷീറിനെ കണ്ട് അനുഗ്രഹം വാങ്ങാൻ വന്നതാണ്. മുഹമ്മദ് കോയയുടെ സുറുമയിട്ട കണ്ണുകൾ എന്ന നോവലാണ് സിനിമയാക്കുന്നത്. കോഴിക്കോടാണ് കഥാ പശ്ചാത്തലം.
ദാ ആ നില്കുന്ന മാമു നാടകങ്ങളിലൊക്കെ അഭിനയിക്കുന്നയാളാണ്. സിനിമയിലൊരു റോളുകൊടുക്കാമോ?-ബഷീർ കൊന്നനാട്ടിനോട് ചോദിച്ചു. സുൽത്താന്റെ ശുപാർശ ആജ്ഞപോലെ കണ്ട് കൊന്നനാട്ട് ഉടൻ സമ്മതിക്കുകയും ചെയ്തു. കൊന്നനാട്ടും മുഹമ്മദ് കോയയും പോയശേഷം ബഷീർ മാമുവിനോട് പറഞ്ഞത് സിനിമാഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ഒന്ന് ചെന്നുനോക്കാനാണ്.
അതുപ്രകാരം ലൊക്കേഷനിലെത്തിയ മാമുക്കോയയ്ക്ക് മനസ്സിലായി,തനിക്കുപറ്റിയ റോളൊന്നുമില്ലെന്ന്. പക്ഷേ ബഷീർ പറഞ്ഞതായതുകൊണ്ട് കൊന്നനാട്ടിനും കൂട്ടർക്കും അവഗണിക്കാനും വയ്യ. ഒരു അറബിക്കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സിനിമയുടേത്. കെ.പി.ഉമ്മറാണ് അറബിയുടെ വേഷത്തിൽ. ഈ അറബിക്കൊരു കുതിരവണ്ടിയുണ്ട്. അതിന്റെ വണ്ടിക്കാരന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് മാമുക്കോയയുടെ സുഹൃത്തായ കൃഷ്ണൻകുട്ടിയാണ്. ഒടുവിൽ കുതിരയ്ക്ക് പുല്ലുകൊടുക്കുന്നയാളുടെ വേഷം മാമുക്കോയയ്ക്ക് വെച്ചുനീട്ടപ്പെട്ടു. ഷൂട്ടിങ്ങിനിടെ ബഹദൂറിനും നെല്ലിക്കോട് ഭാസ്കരനും മാമുവിനോട് അലിവുതോന്നി. ഒന്നുരണ്ടുരംഗങ്ങൾകൂടി കൊടുക്കാൻ സംവിധായകനായ കൊന്നനാട്ടിനോട് പറയുകയും ചെയ്തു. അങ്ങനെ ചായക്കടയിൽവെച്ചുള്ള ചിലരംഗങ്ങൾ കൂടി മാമുക്കോയയ്ക്ക് കിട്ടി.
ഒരുകാലത്ത് ബഷീർ സാമാന്യം നന്നായി മദ്യപിച്ചിരുന്നു. ഒരു സുപ്രഭാതത്തിൽ ആൾ കള്ളുകുടി നിർത്തി. ബഷീറിന്റെ മദ്യവർജനം കൂട്ടുകാർക്കു ബുദ്ധിമുട്ടുണ്ടാക്കി. തന്നെയുമല്ല, മൂപ്പരുടെ വീടിന്റെ മുന്നിലുള്ള കള്ളുഷാപ്പ് അടച്ചുപൂട്ടിക്കുകയും ചെയ്തു. ബഷീറിന്റെ വീടിനു മുന്നിലെ കള്ളുഷാപ്പ് പ്രമുഖരുടെ സാന്നിധ്യംകൊണ്ട് പേരുകേട്ടതായിരുന്നു. സുരാസു, ജോൺ ഏബ്രഹാം തുടങ്ങിയ ഉഗ്രപ്രതാപികളായ കലാകാരന്മാർ ആ ഷാപ്പിൽനിന്ന് രണ്ടു കുപ്പി അടച്ചശേഷമാണ് ബഷീറിനു മുന്നിൽ ഹാജരാകുക. ബഷീർ മദ്യപാനം നിർത്തിയശേഷം കുറേക്കാലം സുരാസുവും ജോണുമൊക്കെ വളരെ അടുത്തൊരു ബന്ധു മരിച്ചതുപോലുള്ള ദുഃഖത്തോടെയാണ് നടന്നിരുന്നതെന്നു പലരും പറഞ്ഞിട്ടുണ്ട്.
ഒരു ദിവസം ബഷീർ മാമുക്കോയയോടു മൊഴിഞ്ഞു: "എടാ കാക്കേ സുരാസു ഈ വഴിക്കെങ്ങാനും വരുന്നതു കണ്ടാൽ ഞാനിവിടെ ഇല്ലെന്നു പറയണം." ബഷീർ പറഞ്ഞതുപോലെ മാമുക്കോയ സുരാസുവിനെ വഴിയിൽവച്ചു കണ്ടപ്പോൾ പറഞ്ഞു. "നിങ്ങളെ കണ്ടാൽ ബഷീർക്ക ബേപ്പൂരിലില്ല എന്നു പറയാൻ പറഞ്ഞിട്ടുണ്ട്.''
ശുദ്ധഗതികൊണ്ട് മാമുക്കോയയുടെ നാവിൽനിന്ന് അറിയാതെ വീണതാണ്. സുരാസുവിന് വലിയ മനോവിഷമം ഉണ്ടാക്കിയ സംഭവമായി മാറി. അന്നുതന്നെ അടിച്ചുപിമ്പിരിയായി ബേപ്പൂരിലേക്കു പോയി. അവിടെയെത്തിയപ്പോഴേക്കും സുരാസുവിന്റെ ബോധം പോയിരുന്നു. പിന്നെ ബഷീർ പായയും തലയിണയുമൊക്കെ കൊടുത്ത് വീട്ടിൽത്തന്നെ കിടത്തി. ഉറങ്ങിയെഴുന്നേറ്റപ്പോൾ സുരാസുവിന്റെ പിണക്കവും മാറി.