
വിക്ടറിന്റെ മനസ്സറിയാൻ ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാണോ എന്ന സംശയത്തിന്റെ മുന എന്റെ നേരെ നീണ്ടുവന്നപ്പോൾ വേദനയോടെയാണെങ്കിലും ഞാൻ ആ സത്യം തുറന്നു പറഞ്ഞു.
"ഞാൻ വിക്ടറിനെ പരീക്ഷിക്കാൻ വേണ്ടി പറഞ്ഞതല്ല. ഓരോ രാത്രിയിലും മനസ്സുറങ്ങാതെ മയക്കത്തിലാണ്ടുകിടക്കുമ്പോൾ അറിയാതെ കടന്നുവരുന്ന മോഹിപ്പിക്കുന്ന ഓർമകളെല്ലാം അടുക്കിവച്ചുകൊണ്ട് യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ മനസ്സിനെ പാകപ്പെടുത്തിയാണ് ഞാൻ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
വിക്ടർ നിസ്സംഗതയോടെ എല്ലാം കേട്ടിരിക്കുകയായിരുന്നു.
"വിക്ടറിന് മുപ്പതുവയസ്സ് പോലും ആയിട്ടില്ല. ഇനിയും ജീവിതം ഒത്തിരി ബാക്കി കിടക്കുകയാണ്. ഈ അവസ്ഥയിൽ നിന്ന് എനിക്കൊരിക്കലും ഒരു ഉയർത്തെഴുന്നേല്പ് ഉണ്ടാകില്ലെന്നറിയാവുന്നതുകൊണ്ട് പറയുകയാണ്...നമ്മൾ തമ്മിൽ പരസ്പരധാരണയോടെയുള്ള ഒരു വേർപിരിയൽ..."
വാക്കുകൾ പൂർത്തിയാകാനാകാതെ എന്റെ ശബ്ദം മുറിഞ്ഞു. ഉള്ളിലെ തേങ്ങൽ അണപൊട്ടി പുറത്തേക്ക് വരുമോയെന്ന് ഭയന്ന് ഞാൻ മനപൂർവം മുഖത്തൊരു ചിരിവരുത്തി.
വിക്ടർ എന്റെ മുഖത്തേക്ക് നോക്കാതെ കുറച്ചുനേരം നിശബ്ദനായി ഇരുന്നു. പിന്നെ ഏതോ ഒരു തീരുമാനം പോലെ പറഞ്ഞു:
"ഞാൻ ആൻസി പറഞ്ഞതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. വേർപാട് എപ്പോഴും വേദനിപ്പിക്കുന്നതാണെന്നറിയാം. നമ്മുടെ വിധി ഇതായിരിക്കാം. നിന്റെ ഒരാഗ്രഹത്തിനും ഞാനിതുവരെ എതിരുനിന്നിട്ടില്ല. ഇതും അങ്ങനെ തന്നെ നടക്കട്ടെ.."
വിക്ടർ പതുക്കെ ബെഡ്ഡിൽ നിന്നെഴുന്നേറ്റ് എന്റെ തലയുടെ ഭാഗത്ത് തലയണ എടുത്തുവച്ച് അതിലേക്ക് എന്നെ ചാരിയിരുത്തി. പിന്നെ എന്നോട് ചേർന്നിരുന്ന് എന്റെ നെഞ്ചോടുചേർന്നുകിടക്കുന്ന താലിമാലയിൽ തെരുപ്പിടിച്ചുകൊണ്ട് പറഞ്ഞു:
"വീണ്ടും വിവാഹിതനാകാൻ പോകുന്ന എനിക്ക് പുതിയൊരു താലി വാങ്ങേണ്ട ആവശ്യമില്ലല്ലോ? വെറുതെ എന്തിനാ ഒരു അധികച്ചെലവ്. അതുകൊണ്ട് ഞാൻ കെട്ടിയ താലി ഞാൻ തന്നെ ഊരിയെടുക്കുവാ..."
വിക്ടർ പറഞ്ഞുവരുന്നതെന്താണെന്ന് എനിക്ക് മനസ്സിലായില്ല. മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കണമെങ്കിൽ എന്റെ ഈ താലി ഊരിയെടുക്കുന്നതെന്തിനാണ്?
നിമിഷങ്ങൾക്കകം വിക്ടർ എന്റെ മാലയിൽ നിന്ന് താലി ഊരി എടുത്തുകഴിഞ്ഞിരുന്നു. ഒന്നരവർഷം മുമ്പ് വിക്ടർ എന്റെ കഴുത്തിലണിയിച്ച പവിത്രമായ താലി എന്നിൽ നിന്ന് അടർത്തി മാറ്റുകയാണ്. മനസ്സിൽ സങ്കടത്തിര ഉയർന്നു.
എനിക്ക് വിക്ടറിനോട് എന്തൊക്കയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിന് മുമ്പേ വിക്ടർ കഴുത്തിലെ മാല ഊരി എന്റെ താലി അതിൽ കൊളുത്തുന്നതാണ് കണ്ടത്.
"എന്റെ താലിയെടുത്ത് വിക്ടറിന്റെ മാലയിൽ ഇടുന്നതെന്തിനാ? പുതിയൊരു പെൺകുട്ടി ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ കെട്ടുന്ന താലിയും പുതിയതായിരിക്കണം."
"ഓ സെക്കൻഡ് മാരേജല്ലേ..അപ്പോൾ താലിയും സെക്കൻഡ് ഹാൻഡ് ആയാൽ എന്താ കുഴപ്പം? "
വളരെ നിസാരമായി വിക്ടർ പറഞ്ഞ വാക്കുകളിലെ അർഥമില്ലായ്മ എനിക്ക് ഉൾക്കൊള്ളാനായില്ല.
വിക്ടർ എന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?
വാക്കുകൾ നാവിലെത്തും മുമ്പേ അലക്ഷ്യമായി കിടന്നിരുന്ന എന്റെ മുടിയിഴകൾ ഒതുക്കിവെച്ചുകൊണ്ട് കൈയിലിരുന്ന താലിമാല വിക്ടർ എന്റെ കഴുത്തിലണിയിച്ചുകഴിഞ്ഞിരുന്നു. എന്നോ മുറിഞ്ഞുപോയ ഒരു ബന്ധം വീണ്ടും കൂട്ടിയിണക്കുംപോലെയായിരുന്നു അത്.
"ഞാൻ വീണ്ടുമൊരു വിവാഹം കഴിക്കണമെന്നല്ലേ നീ ആഗ്രഹിച്ചത്. ഞാനത് അക്ഷരംപ്രതി നിറവേറ്റിയിരിക്കുന്നു."
ആ അനർഘനിമിഷത്തിന്റെ നിർവൃതിയിൽ ഒന്നും മിണ്ടാനാകാതെ തെല്ലുനേരം ഞാൻ മിഴിച്ചിരുന്നുപോയി.
"അന്ന് വിവാഹസമയത്ത് പള്ളിയിൽവെച്ച് കൈവിറച്ചതുകൊണ്ട് നന്നായിട്ട് കെട്ടാൻ പറ്റിയില്ല. നേരത്തെ കല്യാണം കഴിച്ച് എനിക്ക് പരിചയം ഇല്ലല്ലോ. ദാ..ഇപ്പോൾ നല്ലൊരു കടുംകെട്ടുതന്നെ കെട്ടിയിട്ടുണ്ട്."
എന്റെ ആഗ്രഹപ്രകാരം മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ച വിക്ടർ നാടകീയമായ ഒരു സിറ്റുവേഷൻ ക്രിയേറ്റ് ചെയ്ത് എന്നെ വീണ്ടും താലി ചാർത്തിയപ്പോൾ എന്റെ സകലനിയന്ത്രണവും വിട്ടുപോയി. ഞാൻ ആ നെഞ്ചിൽ മുഖമമർത്തി തേങ്ങിക്കരഞ്ഞു. അപ്പോൾ ഒരു സ്നേഹത്തിരമാല പോലെ വിക്ടർ എന്നെ വാരിപ്പുണർന്ന് ചുംബനങ്ങൾ കൊണ്ട് പൊതിയുകയായിരുന്നു.
കുറച്ചുനേരം ആ നെഞ്ചോടൊട്ടി ഇരുന്നപ്പോൾ വിക്ടർ പതുക്കെ എന്റെ മുഖം പിടിച്ചുയർത്തി ഒരു ദാർശനികനെപ്പോലെ പറഞ്ഞു:
"വിവാഹം രണ്ട് ശരീരങ്ങൾ തമ്മിലുള്ള കെമിസ്ട്രിയല്ല. രണ്ട് മനസ്സുകൾ തമ്മിലുള്ള കെമിസ്ട്രിയാണ്. അതുവേണ്ടുവോളം ഉള്ളവരാണ് നമ്മൾ. നിന്റെ സ്ഥാനത്ത് എനിക്കാണിങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഞാനാവശ്യപ്പെട്ടാൽ നീ മറ്റൊരാളെ വിവാഹം കഴിക്കുമോ?"
ആ ചോദ്യത്തിന് എനിക്കുത്തരമില്ലായിരുന്നു.
തുടർചിന്തയിലെന്നവണ്ണം വിക്ടർ പിന്നെയും:
"ജീവിതം എന്നുപറയുന്നത് നമ്മുടെ ആരുടെയും നിയന്ത്രണത്തിലല്ല. അടുത്തനിമിഷം എന്താണ് സംഭവിക്കുന്നതെന്നുപോലും ആർക്കും പ്രവചിക്കാനുമാകില്ല. ജീവിതം ഇനിയും നമുക്കുവേണ്ടി എന്തെല്ലാമോ ഒരുക്കിവെച്ചിട്ടുണ്ട്. നീ ബൈബിളിലെ ഉത്തമഗീതം വായിച്ചിട്ടില്ലേ?
നിന്റെ പ്രണയം വീഞ്ഞിനേക്കാൾ മധുരമുള്ളതാണ്.
നിന്റെ അഭിഷേകതൈലം സുരഭിലമാണ്.
നിന്റെ നാമം പകർന്ന തൈലം പോലെയാണ്..."
വിക്ടറിന്റെ സാന്ത്വനത്തിൽ ശബ്ദമില്ലാത്ത ഒരു കാവ്യം പോലെ ഞാനിരുന്നു. ആ നന്മനിറഞ്ഞ മനസ്സിനുമുന്നിൽ ഞാൻ നമിച്ചുപോയ നിമിഷമാണത്.
ദിവസങ്ങൾ ചിലത് കടന്നുപോയപ്പോൾ അറിയാതെ എന്റെ മനസ്സിൽ വീണ്ടും കുറ്റബോധം വളരാൻ തുടങ്ങി. ശരീരവും മനസ്സും തളർന്ന് ഒരു ജീവച്ഛവം പോലെ കഴിയുന്ന എനിക്കുവേണ്ടി എന്തിനാണ് വിക്ടറിന്റെ ജീവിതം കൂടി ഹോമിക്കുന്നത്?
വീണപൂവിന് ഒരിക്കലും വിരിയാനാകില്ലല്ലോ. ഞാൻ ഉണങ്ങിക്കരിഞ്ഞ ഒരു പാഴ്ച്ചെടിയാണെന്ന് ഓർത്തപ്പോൾ എന്റെ മനസ്സിലേക്ക് ചില ചിന്തകൾ കടന്നുവന്നു.
ഞാൻ സ്വയം ഇല്ലാതാകുക. മരണം അനിവാര്യമായ ഒരാവശ്യമായി എനിക്ക് തോന്നി. പക്ഷേ അവിടെയും എനിക്ക് പരിമിതികളുണ്ടായിരുന്നു. പരസഹായമില്ലാതെ മരിക്കാൻ പോലും എനിക്കാകില്ലല്ലോ..
വിക്ടർ വീട്ടിലുള്ള മിക്കവൈകുന്നേരങ്ങളിലും പെരിയാറിൽ നിന്നൊഴുകി വരുന്ന കുഞ്ഞിളം കാറ്റേൽക്കാനായി എന്നെ വീടിനുമുന്നിലെ വരാന്തയിൽ കൊണ്ടിരുത്തുക പതിവായിരുന്നു. വീൽചെയറിൽ അധികനേരം ഇരുന്നുകഴിയുമ്പോൾ പുറം വല്ലാതെ വേദനിക്കാൻ തുടങ്ങും. അപ്പോൾ കുറച്ചുനേരം കിടക്കണമെന്നുതോന്നും. വിക്ടർ ഉടനെ എന്നെ മുറിയിൽ കൊണ്ടുപോയി കിടത്തും.
പതിവുപോലെ ഒരുദിവസം വൈകീട്ട് എന്നെ മുറിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് യു.എസ്സിലുള്ള വിക്ടറിന്റെ ഫ്രണ്ട് നിതിൻ മാനുവലിന്റെ ഫോൺ വന്നത്. ചെറിയ ക്ലാസ്മുതൽ കോളേജ് വരെ ഒന്നിച്ചുപഠിച്ചവരാണവർ. വിക്ടർ വേഗം തന്നെ കോഡ്ലസ് ഫോണുമായി പുറത്തേക്ക് പോയി. സംസാരം തുടങ്ങിയാൽ രണ്ടുപേരും പെട്ടെന്നൊന്നും നിർത്തില്ല. അതറിയാവുന്നതുകൊണ്ട് ആ അവസരം നന്നായി ഉപയോഗപ്പെടുത്താൻ ഞാൻ തീരുമാനിച്ചു.
എന്റെ മെഡിസിൻ ബോക്സ് വെച്ചിരിക്കുന്നത് ചുവരിനോട് ചേർത്തിട്ടിരിക്കുന്ന ഷെൽഫിലാണ്. ഞാൻ വേഗംതന്നെ വീൽചെയറിൽ ഷെൽഫിനടുത്തേക്ക് നീങ്ങി. ഉറക്കംവരാത്ത രാത്രികളിൽ കഴിക്കാൻ ഡോക്ടർ തന്നിരിക്കുന്ന സ്ലീപ്പിങ് പിൽസെടുക്കാൻ ഞാൻ മെഡിസിൻ ബോക്സ് തുറന്നു. പക്ഷേ സ്ലീപ്പിങ് പിൽസിന്റെ സ്ട്രിപ്പ് മാത്രം അതിൽ കണ്ടില്ല. രണ്ടുദിവസം മുമ്പ് വിക്ടർ വാങ്ങിക്കൊണ്ടുവന്ന് ബോക്സിൽ വെച്ചതാണ്. അതിൽനിന്ന് ഒരെണ്ണം മാത്രമേ ഞാൻ കഴിച്ചിട്ടുള്ളൂ. എന്റെ മരുന്നുകളെല്ലാം കൃത്യസമയത്ത് എടുത്തുതരുന്നത് വിക്ടറും ആന്റിയുമാണ്. പിന്നെ ഈ സ്ലീപ്പിങ് പിൽസുമാത്രം ഇതിൽനിന്നെടുത്തുമാറ്റിയതാരാണ്? ഞാൻ ബോക്സിരുന്ന സ്ഥലത്തിനടുത്ത് പരതി. കിട്ടിയില്ല.
വിക്ടർ മുറിയിലേക്ക് വരുന്നതിന് മുമ്പേ മെഡിസിൻബോക്സ് തിരികെവെച്ച് ഒന്നുമറിയാത്തപോലെ ഞാൻ ബെഡ്ഡിനരികിലേക്ക് വീൽചെയർ നിരക്കി. വിക്ടറിനോട് ചോദിച്ചാലോ? പക്ഷേ എന്തിനാ ഈ സമയത്ത് സ്ലീപ്പിങ് പിൽസ് എന്നുചോദിച്ചാൽ എന്തുമറുപടി പറയും?
അപ്പോൾ തന്നെ ഫോൺ കട്ടായെന്ന് പറഞ്ഞ് വിക്ടർ മുറിയിലേക്ക് വന്നു. ഞാനൊന്നും ചോദിച്ചില്ല. എന്റെ മുഖത്തെ ഭാവമാറ്റം കണ്ടിട്ട് വിക്ടർ ചോദിച്ചു:
"എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നത്? "
എന്തുപറയണമെന്നറിയാതെ ഒരുനിമിഷം ഞാൻ പകച്ചു. പിന്നെ പെട്ടെന്ന് മനസ്സിൽതോന്നിയത് ഇങ്ങനെ പറയാനാണ്.
"എന്തോ വയറിന് ഒരു ചെറിയ വേദന പോലെ"
"ങേ...എന്തുപറ്റി?"
"ഗ്യാസിന്റെയാണെന്ന് തോന്നുന്നു"
"ജെലൂസിൽ വേണോ?"
"വേണ്ട..ഞാൻ കുറച്ചുനേരം ഒന്ന് കിടക്കട്ടെ.."
വിക്ടർ എന്നെയെടുത്ത് ബെഡ്ഡിൽ കിടത്തി.
ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് സ്ലീപ്പിങ് പിൽസ് കാണാതായത് എങ്ങനെയാണെന്ന് എനിക്ക് മനസ്സിലായത്.
ഒരുദിവസം ഉറക്കം വരാതെ കിടന്ന രാത്രിയിൽ ഞാൻ സ്ലീപ്പിങ് പിൽസ് ആവശ്യപ്പെട്ടപ്പോൾ ഒരെണ്ണം എടുത്തുതന്നുകൊണ്ട് വിക്ടർ പറഞ്ഞു:
"ആൻസീ...കുറച്ചുദിവസങ്ങളായി നിന്റെ മനസ്സിൽ അരുതാത്ത ചില ചിന്തകൾ കടന്നുകൂടിയതായി എനിക്ക് തോന്നിയതുകൊണ്ട് ഞാൻ ഇതെടുത്തുമാറ്റിവെച്ചിരിക്കുകയായിരുന്നു."
ഞാൻ ഞെട്ടിത്തരിച്ചിരുന്നുപോയി. എന്റെ മുഖം വിളറിവെളുത്ത് കുരുത്തോലെ പോലെയായി.
ഞാൻ സ്ലീപ്പിങ് പിൽസ് കഴിച്ച് ആത്മഹത്യ ചെയ്തേക്കുമെന്ന് വിക്ടറിന് പെട്ടെന്നെങ്ങനെയാണ് ഉൾവിളിയുണ്ടായത്?
മരണത്തിനുപോലും വിട്ടുകൊടുക്കാതെ ഒരു കാവൽമാലാഖയെപ്പോലെ എനിക്കുചുറ്റും സംരക്ഷണവലയം തീർത്ത് എന്നെ വാരിപ്പൊതിഞ്ഞ് നില്കുകയായിരുന്നു വിക്ടർ.
മരണത്തിന്റെ സർവകലാശാലയിലാണ് ജീവിതം എഴുത്തിനിരിക്കുന്നതെന്ന് ഫിലോസഫി ക്ലാസ്സിൽ ഐസക് സാർ പഠിപ്പിച്ചത് ഞാനോർത്തും. എത്രസത്യം.
"ആൻസീ..നിന്റെ ഓരോ ഉള്ളനക്കവും എനിക്ക് മനസ്സിലാകും. നെഗറ്റീവ് ചിന്തകളൊന്നും നിന്റെ മനസ്സിൽ ഒരിക്കലും ഉണ്ടാകരുത്. നിന്റെ ജീവശ്വാസം പോലെ ഈ വിക്ടർ നിന്നോടൊപ്പമുള്ളപ്പോൾ ഒരു മരണത്തിനും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല. നിന്റെ ഈ സ്നേഹവും ഉച്ഛ്വാസവും തലോടലും ഹൃദയത്തോടൊട്ടിക്കിടക്കുന്ന ഓർമകളും മാത്രം മതി എനിക്ക് ആയുസ്സുമുഴുവൻ ജീവിച്ച് തീർക്കാൻ.
വിക്ടറിന്റെ ആത്മാവിൽ നിന്ന് ഉയർന്നുവന്ന വാക്കുകൾ കേട്ടപ്പോൾ എന്നോട് ഇത്രയും സ്നേഹവും കരുതലും കാരുണ്യവും കാണിക്കുന്ന എന്റെ വിക്ടറിനെ,ആ നന്മനിറഞ്ഞ മഹത്വത്തെ ദൈവമെന്നല്ലാതെ ഞാൻ പിന്നെന്താണ് വിളിക്കേണ്ടത്?
തുടർന്ന്,ഒന്നും പറയാനാകാതെ ആൻസിയുടെ ശബ്ദം മുറിഞ്ഞു. തെല്ലുനേരം കണ്ണുകളടച്ച് മനസ്സിലെ നീറ്റൽ അടക്കി അവൾ കിടന്നു.
പെട്ടെന്നാണ് ആരതി മുന്നിലിരിക്കുന്നത് അവൾ ഓർത്തത്. ആൻസി പതുക്കെ കണ്ണും മുഖവും തുടച്ച് അവളെ നോക്കി.
ആരതിയുടെ കണ്ണുകളും ഈറനണിഞ്ഞിരിക്കുന്നു.
"ആരതീ.."
ആൻസിയുടെ നനുത്ത ശബ്ദം കേട്ട് ആരതി പെട്ടന്നൊന്ന് ഉണർന്നു.
"ആരതി കരയുകയാണോ?"
ആരതി വേഗം തന്നെ കണ്ണുകൾ തുടച്ച് ഒരു വാടിയ മന്ദഹാസം വിടർത്തിയിട്ട് പറഞ്ഞു.
"ഞാൻ കരഞ്ഞതല്ല ചേച്ചീ...എനിക്ക്...എനിക്ക്...ചേച്ചിയുടെ കഥകേട്ടപ്പോൾ...അറിയാതെ..."
"കരയാൻ തോന്നിയില്ലേ...അതിനെയാണ് കരച്ചിൽ എന്നുപറയുന്നത്.."
ആ സങ്കടാവസ്ഥയിലും ആൻസി തമാശപറയാൻ ശ്രമിച്ചു.
അപ്പോൾ ആരതി ആൻസിയെ തന്നെ നോക്കിയിരിക്കുകയായിരുന്നു.
"എന്റെ ഈ അവസ്ഥയെക്കുറിച്ച് ഞാനങ്ങനെ ആരോടും ഒന്നും പറയാറില്ല. വെറുതെ എന്തിനാണ് മറ്റുള്ളവരുടെ സഹതാപം പിടിച്ചുപറ്റുന്നത്? പിന്നെ ആരതിയെക്കുറിച്ച് വിക്ടർ ഓരോന്ന് പറഞ്ഞതുകേട്ടപ്പോൾ തോന്നിയ ഒരിഷ്ടം...മറ്റുള്ളവരോട് നമുക്ക് തോന്നുന്ന ഓരോ ഇഷ്ടങ്ങളാണല്ലോ പിന്നീട് വലി ഇഷ്ടങ്ങളായി മാറുന്നത്..അപ്പോൾ ആരതിയെ നേരിട്ടൊന്നുകാണണമെന്ന് എനിക്ക് തോന്നി പക്ഷേ വിക്ടറിനോട് ഞാനതുപറഞ്ഞില്ല. അതുകൊണ്ടായിരിക്കാം ഒരുനിമിത്തം പോലെ ആരതിക്കും എന്നെ കാണണമെന്ന് തോന്നിയത്."
ആരതിയുടെ മുഖത്ത് പെട്ടെന്ന് കൗതുകം വിടർന്നു.
"ഒരു പെൺകുട്ടിക്ക് ഉണ്ടാകേണ്ട ഏറ്റവും നല്ല സ്വഭാവഗുണം ഏതാണെന്ന് ആരതിക്ക് അറിയാമോ?"
ആരതി ഒരുനിമിഷം ആലോചിച്ചശേഷം പറഞ്ഞു:
"സ്നേഹിക്കാനുള്ള നല്ലൊരു മനസ്സ്.."
"അല്ല..ഇന്നസെൻസി..നിഷ്കളങ്കത..മനസ്സിൽ സ്നേഹവും ദയയും കാരുണ്യവും അനുകമ്പയുമൊക്കെ ഉണ്ടാകുന്നത് നിഷ്കളങ്കതയിൽ നിന്നാണ്.
ആ നിഷ്കളങ്കതയാണ് ആരതിയിൽ ഞാൻ കാണുന്ന പ്ലസ് പോയന്റ് എന്നാണ് വിക്ടർ എന്നോട് പറഞ്ഞത്."
ആൻസിയുടെ വാക്കുകൾ ഒരു കുളിർകാറ്റ് വന്ന് തഴുകിയതുപോലെയാണ് ആരതിക്ക് അനുഭവപ്പെട്ടത്. അവളുടെ മനസ്സിൽ അപ്പോൾ തെളിഞ്ഞുവന്നത് വിക്ടറിന്റെ മുഖമാണ്.
കുറച്ചുനേരം ഒരേ കിടപ്പ് കിടന്നതുകൊണ്ട് ആൻസിക്ക് ഒന്നുചാരി ഇരിക്കണമെന്ന് തോന്നി.
"എനിക്കൊന്ന് ചാരി ഇരുന്നാൽ കൊള്ളാമെന്നുണ്ട്. ആരതിക്ക് എന്നെ ഒന്ന് സഹായിക്കാമോ?"
ആരതി വേഗം തന്നെ എഴുന്നേറ്റ് ആൻസിയെ താങ്ങിപ്പിടിച്ച് തലയണയെടുത്തുവെച്ച് അതിൽ ചാരി ഇരുത്തി.
ആൻസി നിമിഷ നേരം കണ്ണുകളടച്ചിരുന്നു. അതുകണ്ട് ആരതി ചോദിച്ചു:
"ചേച്ചിക്കെന്തെങ്കിലും പ്രയാസം തോന്നുന്നുണ്ടോ?"
"ഹേയ്...ഒന്നുമില്ല..ചെറിയൊരു തളർച്ചപോലെ..അത് ഇടയ്ക്ക് ഉണ്ടാകുന്നതാ..ആരതി ഇരിക്ക്.."
ആരതി ബെഡ്ഡിലേക്ക് ഇരുന്നു. പിന്നെ ഒരു ദീർഘനിശ്വാസം ഉതിർത്തുകൊണ്ട് പറഞ്ഞു:
"ഇത്രയും നല്ല മനസ്സുള്ള ചേച്ചിക്കാണല്ലോ ഇങ്ങനെയൊരു ട്രാജഡിയുണ്ടായതെന്ന് ഓർക്കുമ്പോൾ...ഒരുപക്ഷേ നിങ്ങളുടെ സന്തോഷകരമായ ജീവിതം കണ്ടിട്ട് ദൈവങ്ങൾക്ക് പോലും അസൂയ തോന്നിക്കാണും..അല്ലെങ്കിൽ ചേച്ചിക്ക് ഇങ്ങനെയൊരു ആക്സിഡന്റ് ഉണ്ടാകുമോ?"
ആരതിയുടെ സാന്ത്വനം ആൻസിയുടെ മനസ്സിനെ വല്ലാതെ സ്പർശിച്ചു.
"വിധിയിലൊന്നും എനിക്കത്ര വിശ്വാസമില്ലെങ്കിലും മനസ്സിൽ ഞാൻ പലവട്ടം കൊതിച്ചുപോയിട്ടുണ്ട്...ദൈവമൊന്ന് മനസ്സുവെച്ചിരുന്നെങ്കിൽ എന്റെ വിധിയൊന്ന് മാറ്റിയെഴുതാമായിരുന്നില്ലേ എന്ന്...പക്ഷേ ഒരു ദൈവവും എന്നോട് കരുണ കാണിച്ചില്ല."
ആൻസിയുടെ വാക്കുകളിൽ നേർത്ത വിറയലുണ്ടായിരുന്നു.
എന്താണ് പറയേണ്ടതെന്നറിയാതെ ആരതി ആൻസിയെ നോക്കി. പിന്നെ അവൾ കുറച്ചുനേരം മൗനമായി.
പെട്ടെന്നാണ് അലറിത്തിമിർത്തുകൊണ്ട് മഴ പെയ്യാൻ തുടങ്ങിയത്. വീടിനുമുകളിലിട്ടിരിക്കുന്ന അലൂമിനിയം ഷീറ്റിൽ എന്തോ വന്ന് വീഴുന്നതുപോലെ തോന്നിയതുകൊണ്ട് ആരതി ചോദിച്ചു:
"എന്താ ചേച്ചീ വല്ലാത്തൊരു ശബ്ദം കേൾക്കുന്നത്?"
"പുറത്തുനല്ല മഴപെയ്യുന്നുണ്ട്. മുകളിലെ ഷീറ്റിൽ വെള്ളം വീഴുന്നതിന്റെ ശബ്ദമാണത്.."
ഒന്ന് നിർത്തി ആൻസി ചിരിയോടെ ചോദിച്ചു:
"മദ്രാസിൽ വല്ലപ്പോഴുമേ മഴ പെയ്യാറുള്ളൂ അല്ലേ?"
"വല്ലപ്പോഴും മാത്രമേ പെയ്യാറുള്ളൂവെങ്കിലും അതൊരു പെയ്ത്തായിരിക്കും. രണ്ടുമൂന്നുകൊല്ലം മുമ്പുണ്ടായ പെരുമഴയിലും വെള്ളപ്പൊക്കത്തിലും ഞങ്ങളുടെ വീടൊക്കെ ഒഴുകിപ്പോയതാ..പിന്നെ സർക്കാരാണ് ഞങ്ങൾക്ക് വീടുവെച്ച് തന്നത്..ഇപ്പോൾ മഴയെന്ന് കേട്ടൽ പേടിയാ.."
"എനിക്ക് കുട്ടിക്കാലം മുതൽക്കേ മഴ വലിയ ഇഷ്ടമായിരുന്നു. മഴ പെയ്യാൻ തുടങ്ങിയാൽ ഞാൻ ഓടി പുറത്തിറങ്ങും. അതിന്റെ പേരിൽ അമ്മച്ചിയുടെ കൈയിൽ നിന്ന് ഒത്തിരി തല്ലുകിട്ടിയിട്ടുണ്ട്. ഇപ്പോൾ എനിക്കും മഴയെ പേടിയാ..മഴയ്ക്കും മരണത്തിനും ഒരേ മണമാ..."
"മഴയ്ക്കും മരണത്തിനും ഒരേ മണമാണെന്നോ...അതെന്താ ചേച്ചീ..?"
ആരതിയുടെ ചോദ്യത്തിന് മറുപടി പറയാതെ ആൻസി നിസ്സംഗതയോടെ അവളെ നോക്കി.
ആൻസി പറഞ്ഞതിന്റെ അർഥം ഊഹിച്ചെടുക്കുകയായിരുന്നു ആരതി.
"ഞാനൊന്ന് പറയട്ടെ ചേച്ചീ..ചേച്ചിയെ ജീവനുതുല്യം സ്നേഹിക്കുന്ന വിക്ടർ സാറുള്ളപ്പോൾ ചേച്ചിയുടെ മനസ്സിൽ ഇങ്ങനെ മരണത്തെക്കുറിച്ചുള്ള ചിന്തകളൊന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ല ചേച്ചി മരിച്ചുകഴിഞ്ഞാൽ വിക്ടർ സാർ മറ്റൊരു വിവാഹം കഴിക്കുമെന്ന് തോന്നുന്നുണ്ടോ? സ്ലീപ്പിങ് പിൽസ് കഴിച്ച് ചേച്ചിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ സാറിന്റെ ജീവിതം എന്താകുമായിരുന്നു? അരയ്ക്കുകീഴേ തളർന്നുകിടക്കുന്ന ഭാര്യയെ ഒഴിവാക്കാനായി സ്ലീപ്പിങ് പിൽസ് കൊടുത്തുകൊന്നതാണെന്ന് ആരെങ്കിലും പറഞ്ഞാൽ പിന്നെ...സാറ് ജീവിച്ചിരിക്കുമോ...?"
ആരതിയുടെ വാക്കുകൾ ഏതോ അറിവിന്റെ അടയാളം പോലെ ആൻസിയുടെ മനസ്സിനെ തൊട്ടുണർത്തുകയായിരുന്നു.
ആരതി തുടർന്നു:
"ആത്മഹത്യ ഒന്നിനും ഒരു പരിഹാരമാകില്ല ചേച്ചീ..അങ്ങനെയായിരുന്നെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു.."
അതുകേട്ടപ്പോൾ ആൻസിയൊന്ന് വല്ലാതായി. നിമിഷനേരം അവൾ നിശബ്ദയായി. പിന്നെ ഒരു കുറ്റസമ്മതം പോലെ പറഞ്ഞു:
"ആരതി പറഞ്ഞതെല്ലാം ശരിയാണ്. പെട്ടെന്ന് മനസ്സിലുണ്ടാകുന്ന ഭ്രാന്തമായ ഒരാവേശമാണ് ആത്മഹത്യചെയ്യിക്കുന്നത്. ആയുസ്സിന്റെ ഭാഗ്യം കൊണ്ട് മരണത്തിൽ നിന്ന് രക്ഷപ്പെട്ടുകഴിയുമ്പോഴാണ് പിന്നീട് കുറ്റബോധം തോന്നുന്നത്. മനസ്സല്ലേ...അത് ചില സമയത്ത് എങ്ങോട്ടെങ്കിലുമൊക്കെ സഞ്ചരിക്കും..അത് നമുക്ക് അറിയാനാകില്ലല്ലോ...ഇപ്പോൾ എനിക്ക് ഒരു പ്രാർഥനയേയുള്ളൂ. എന്റെ വിക്ടറിന് ദോഷമുണ്ടാകുന്ന ഒന്നും എന്റെ കൈയിൽനിന്നുണ്ടാകരുതേയെന്ന്....പിന്നെ പുനർജന്മമുണ്ടെന്നല്ലേ സങ്കല്പം...അങ്ങനെയൊന്നുണ്ടെങ്കിൽ അടുത്ത ജന്മത്തിൽ ഞങ്ങൾക്കൊന്നിച്ച് ജീവിക്കാമല്ലോ..എന്റെ മനസ്സ് അങ്ങനെയൊരു ചിന്തയിലാണിപ്പോൾ.."
അപ്പോഴേക്കും വിക്ടർ കുളിച്ച് ഫ്രഷായി മുണ്ടും ജൂബ്ബയും ധരിച്ച് മുറിയിലേക്ക് കടന്നുവന്നു. അയാളെ കണ്ട് ആരതി ഭവ്യതയോടെ എഴുന്നേറ്റുനിന്നു.
"എന്താ ആരതീ..പോവണ്ടേ..?സമയം ഒമ്പതര കഴിഞ്ഞു.."
"പോകാം സാർ...ചേച്ചിയോട് സംസാരിച്ചിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല.."
"ങ്ഹാ..ഇനി ഏതായാലും ഫുഡ് കഴിച്ചിട്ടുപോകാം..ആന്റി ആരതിക്കുവേണ്ടി എന്തൊക്കയോ സ്പെഷൽ ഐറ്റംസ് ഉണ്ടാക്കിവെച്ചിട്ടുണ്ട്.."
"ഒന്നും വേണ്ടായിരുന്നു സാർ..ഞാൻ ചെന്നിട്ടേ അമ്മ ഭക്ഷണം കഴിക്കൂ.."
"ഹോ..അതുസാരമില്ല..ഞാൻ അരവിന്ദനെ വിളിച്ചുപറഞ്ഞോളാം..അമ്മയോട് ഭക്ഷണം കഴിച്ചോളാൻ..."
ആരതി സമ്മതഭാവത്തിൽ ചിരിച്ചു.
വിക്ടർ ബെഡ്ഡിലേക്കിരുന്നുകൊണ്ട് ആൻസിയോട് ചോദിച്ചു:
"ആൻസീ...എങ്ങനെയുണ്ട് നമ്മുടെ ഹീറോയിൻ?"
"വിക്ടറിന്റെ സെലക്ഷൻ അല്ലേ..ഒരിക്കലും മോശം വരിലല്ലോ...പിന്നെ വിക്ടർ പറഞ്ഞതിനേക്കാളും മിടുക്കിക്കുട്ടിയാ.."
അതുകേട്ട് ആരതി കൂടുതൽ വിനയാന്വിതയായി ചെറുനാണത്തോടെ രണ്ടുപേരെയും നോക്കിച്ചിരിച്ചു.
വിക്ടർ പതുക്കെ എഴുന്നേറ്റു.
"ങ്ഹാ..വാ..ഇനി സമയം കളയേണ്ട..ഭക്ഷണം കഴിക്കാം.."
വിക്ടർ ആൻസിയെ ബെഡ്ഡിൽ നിന്ന് എടുത്ത് വീൽചെയറിൽ ഇരുത്തി ഡൈനിങ് ഹാളിലേക്ക് നീങ്ങി. പിന്നാലെ ആരതിയും.
ഡൈനിങ്ടേബിളിൽ ഭക്ഷണമെല്ലാം എടുത്തുവെച്ച് ആന്റി അവരെ കാത്തുനില്കുകയായിരുന്നു.
ഭക്ഷണം കഴിച്ച് വിക്ടറും ആരതിയും പോകാനിറങ്ങിയപ്പോൾ പത്തുമണി കഴിഞ്ഞിരുന്നു. മഴയ്ക്ക് അല്പം ശമനം വന്നിട്ടുണ്ട്. ആരതി ആൻസിയോടും ആന്റിയോടും യാത്ര പറഞ്ഞ് കാറിൽ കയറി.
കാർ അല്പം മുന്നോട്ട് നീങ്ങിയപ്പോൾ മഴവീണ്ടും കനക്കാൻ തുടങ്ങി. കാറിന്റെ ഗ്ലാസ്സിൽ ഫോഗ് പിടിച്ചിരുന്നതുകൊണ്ട് പുറത്തെ കാഴ്ചകളൊന്നും കാണാൻ കഴിയുമായിരുന്നില്ല.
"ആരതീ..നീ എന്താ ആലോചിക്കുന്നത്..?"
പെട്ടെന്ന് അവൾ ഓർമയിൽ നിന്നുണർന്നു.
"ഹേയ്..ഒന്നുമില്ല സാർ.."
ആൻസിയെ കാണാൻ വരുമ്പോൾ നീ വളരെ ഹാപ്പിയായിരുന്നല്ലോ...ഇപ്പോഴെന്താ ഒരു മൂഡൗട്ട്..?"
"ഞാൻ പാവം ചേച്ചിയെക്കുറിച്ച് ഓർക്കുകയായിരുന്നു....ചേച്ചി ഇങ്ങനെ കിടപ്പിലാണെന്ന കാര്യം സാറെന്താ എന്നോട് പറയാതിരുന്നത്.?"
"ആൻസിയുടെ കാര്യം ഞാനാരോടും പറയാറില്ല..അവൾ ഇങ്ങനെയൊരു അവസ്ഥയിലാണെന്നറിഞ്ഞിരുന്നെങ്കിൽ നേരത്തേ നീ ഇങ്ങോട്ട് വരുമായിരുന്നോ..?
"ശരിയാണ് സാറ് പറഞ്ഞത്..ആർക്കും ഇങ്ങനെയൊരു കാഴ്ച കാണാൻ മനസ്സുണ്ടാകില്ലല്ലോ..സാറ് എന്നോട് പറയാതിരുന്നത് നന്നായി. അതുകൊണ്ട് എനിക്ക് ചേച്ചിയെ കാണാനും പരിചയപ്പെടാനും കഴിഞ്ഞല്ലോ..സാറിനെപ്പോലെ തന്നെയുള്ള നന്മയുള്ള മനസ്സാണ് ചേച്ചിയുടേതും.."
അപ്പോഴേക്കും കാർ ചൊവ്വര റോഡിൽനിന്ന് ഹൈവേയിലേക്ക് കയറുകയായിരുന്നു.
പെട്ടെന്നാണ് വടക്കുനിന്ന് അതിവേഗത്തിൽ ഒരു നാഷണൽപെർമിറ്റ് ലോറി കാറിനടുത്തേക്ക് പാഞ്ഞുവരുന്നത് വിക്ടർ കണ്ടത്. അയാൾ ആ നിമിഷാർധത്തിൽ തന്നെ കാർ ഇടത്തേക്ക് വെട്ടിച്ചു. അതിന്റെ ആഘാതത്തിൽ മുൻസീറ്റിലിരുന്ന ആരതി നിലവിളിയോടെ വിക്ടറിന്റെ മാറിലേക്ക് വീണു.
വിക്ടർ വല്ലാതെ ഭയന്നിരുന്നു. അപ്പോൾ ആരതി പേടിച്ചുവിറച്ച് കണ്ണുകൾ ഇറുക്കിയടച്ച് അയാളെ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു..
(തുടരും)