
ഒരു പാട് പിന്നോട്ട് കാലം യാത്ര ചെയ്യേണ്ടതില്ല. കഷ്ടിച്ച് ഒരു എഴുപത് അല്ലെങ്കിൽ എൺപത് വർഷം പിന്നോട്ട് പോയാൽ മതി. അപ്പോൾ ചരിത്രത്തിൽ നിന്ന് ഉതിർന്നു പോയ ഒരു സ്ത്രീപ്രവേശന വിലക്ക് കാണാം. മലബാറിലെ സിനിമാകൊട്ടകകളിലൊന്നിൽപ്പോലും സ്ത്രീ പ്രവേശനമുണ്ടായിരുന്നില്ല എന്ന ആ വസ്തുത ഇപ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം. സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത് കൊട്ടക ഉടമകളല്ല; മറിച്ച് സമൂഹമായിരുന്നു. ജാതി മത ഭേദമെന്യേ അക്കാലത്ത് പുരുഷന്മാരെ ഒന്നിപ്പിച്ചു നിർത്തി ഈ സ്ത്രീവിരുദ്ധ വികാരം. അതിന് മാറ്റം വന്നത് ഒറ്റയാൾ ശ്രമം ഒന്നു കൊണ്ടു മാത്രമായിരുന്നു. നെൻമാറ സ്വാമിയെന്ന് നാട്ടുകാരും സിനിമാക്കാരും വിളിച്ചിരുന്ന ലക്ഷ്മണയ്യരെ അതിന് പ്രേരിപ്പിച്ചത് ഒരു കൊലപാതകമായിരുന്നു.
1901-ൽ ആണ് സ്വാമിയുടെ ജനനം. അച്ഛൻ രാമയ്യർ ഇടത്തരം കർഷകനായിരുന്നു. നെൻമാറയിലെ പാടങ്ങളിൽ നിന്ന് ജീവസന്ധാരണത്തിനുള്ള വക അദ്ദേഹം ഉഴുതും വിതച്ചും കൊയ്തുമുണ്ടാക്കി. പഠിക്കാൻ മിടുക്കനായിരുന്നു ലക്ഷ്മണയ്യർ. മെട്രിക്കുലേഷൻ നല്ല മാർക്കോടെ പാസായി. തുടർന്ന് പഠിക്കാൻ ആശിച്ചെങ്കിലും സാമ്പത്തിക ശേഷി അത്ര കാര്യമായുണ്ടായിരുന്നില്ല രാമയ്യർക്ക്. അത് മകനെ ഒരു തീരുമാനത്തിലെത്തിച്ചു. ഒരു ജോലി സമ്പാദിക്കുക. അക്കാലത്തെ മെട്രിക്കുലേഷൻ വിജയികളുടെ സ്വപ്ന സാക്ഷാത്കാര നഗരങ്ങളായിരുന്നു മദിരാശിയും ബോംബെയും കൽക്കത്തയും. പുറത്ത് പറയാൻ കൊള്ളാവുന്ന വേതനമുള്ള ഒരു ഗുമസ്തപ്പണി സംഘടിപ്പിക്കാൻ മെട്രിക്കുലേഷൻ അക്കാലത്ത് ധാരാളമാണ്.
മദിരാശിയാണ് ലക്ഷ്മണയ്യർ ജോലി അന്വേഷണത്തിന് തിരഞ്ഞെടുത്തത്. അവിടമാകുമ്പോൾ ബന്ധുക്കളുണ്ട്. അവരിൽ ചിലർ സാമാന്യം പിടിപാടുള്ളവർ. അവരുടെ സഹായത്താൽ ജോലി ഉറപ്പാക്കാമെന്ന കണക്കുകൂട്ടലിൽ കോയമ്പത്തൂരിൽ നിന്ന് മദിരാശിക്ക് വണ്ടി കയറി..
ബന്ധുക്കളുടെ സഹായത്താലും അല്ലാതെയും ജോലി അന്വേഷിച്ചു. വലിയ അലച്ചിൽ വേണ്ടി വന്നില്ല. ലോക പ്രശസ്ത സിനിമാ നിർമാണ സ്ഥാപനമായ പാഥേയുടെ ഓഫീസിൽ ക്ളർക്കായി ജോലി തരപ്പെട്ടു. തന്റെ ജീവിത പന്ഥാവിന്റെ തുടക്കം അവിടെ നിന്നാണെന്ന് അദ്ദേഹം വിചാരിച്ചു കാണില്ല. ഏതാനും വർഷങ്ങൾ അവിടെ ജോലി ചെയ്തപ്പോൾ മറ്റൊരു ആഗോള നിർമാണ സ്ഥാപനമായ വാർണർ ബ്രദേഴ്സിൽ നിന്ന് വിളി. അതിനോട് അനുകൂലമായി പ്രതികരിച്ച് അദ്ദേഹം അവിടെ ഏതാനും നാൾ ജോലിയെടുത്തു. രണ്ടിടത്തേയും അനുഭവ സമ്പത്ത് ലക്ഷ്മണയ്യരെ സിനിമാ നിർമാണത്തിന്റെ അടിയും തടയും പഠിപ്പിച്ചു. അവിടം വിട്ട് കൊളംബിയ പിക്ചേഴ്സിൽ ചേർന്നു. അവിടുത്തെ ഔദ്യോഗിക ജീവിതം രണ്ട് മൂന്ന് വർഷമേ നീണ്ടു നിന്നുള്ളൂ. എന്നാൽ സിനിമാ വ്യവസായത്തിന്റെ പഠിക്കാനുണ്ടായിരുന്ന മിച്ചപാഠങ്ങൾ കൂടി അവിടെ വെച്ച് പഠിച്ചെടുത്തു.
നാട്ടിലേയ്ക്ക് മടങ്ങി അവിടെ സിനിമയെ ജീവിതവുമായി ചുറ്റിപ്പിണയ്ക്കണമെന്ന തോന്നൽ ഇക്കാലത്ത് അദ്ദേഹത്തിന്റെ മനസിൽ ഊറിക്കൂടി. കേരള മണ്ണിൽ സിനിമയ്ക്ക് വരാൻ പോകുന്ന കച്ചവട സാധ്യതകളെപ്പറ്റി കൃത്യമായ കണക്കുകൂട്ടലുകൾ സ്വാമിയ്ക്കുണ്ടായിരുന്നു. സഞ്ചരിക്കുന്ന കൊട്ടകകളെന്ന് വിളിക്കുന്ന ടൂറിങ്ങ് ടാക്കീസുകളുടെ കാലമായിരുന്നു അത്. തനിക്ക് മുന്നേ കടന്നുപോയ ജോസ് കാട്ടുക്കാരൻ വിജയിപ്പിച്ച കച്ചവട കണികകൾ അദ്ദേഹത്തിലേക്കും പറന്നെത്തി. മദിരാശിയിൽ നിന്ന് ഒരു ബയോസ്കോപ്പ് യന്ത്രവും കൂടാരം കെട്ടാനുള്ള തുണിയും വാങ്ങിയാണ് മടക്കയാത്ര. കുറച്ച് ഊമച്ചിത്ര ഫിലിമുകളും വാങ്ങിയിരുന്നു. ഏറിയകൂറും വിദേശത്ത് നിർമിച്ചവ. നെൻമാറയിലെത്തി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പ്രദർശന പരീക്ഷണങ്ങൾ വിജയകരമായി. പാലക്കാട്ടേയ്ക്കും കോയമ്പത്തൂരിലേക്കുമൊക്കെ പ്രദർശനം നീണ്ടു.
ഫിലിം റെപ്പുമാർ ജനിച്ചതിങ്ങനെ
പണം കയ്യിൽ നിറയെ എത്തി തുടങ്ങിയപ്പോൾ മദിരാശിയിലും ബോംബൈയിലും പോയി രണ്ടു മൂന്ന് ബയോസ്കോപ് യന്ത്രങ്ങളും കൂടുതൽ ഫിലിമുകളും വാങ്ങി. ജോലിക്കാരെ നിയോഗിച്ച് അത് വാടകയ്ക്ക് കൊടുക്കാൻ തുടങ്ങി. തുണിയും ബയോസ്കോപ്പ് യന്ത്രവും ഫിലിമും വാടകയ്ക്ക് നൽകും. എന്നിട്ട് ഒരാളെയും ഒപ്പമയയ്ക്കും. തന്റെ റെപ്രസെന്റിറ്റീവ് ആണ് ഇതുമായി വരുന്നയാൾ എന്ന് പരിചയപ്പെടുത്തുന്ന തിരിച്ചറിയൽ കാർഡ് കണക്കെ ഒരു കത്ത് നൽകും. കേരളത്തിൽ 'ഫിലിം റെപ്പ്' പ്രയോഗത്തിന്റെ പിറവിക്ക് കാരണം ഇത്തരം കത്തുകളാണ്. വാടകയ്ക്ക് യന്ത്രവും സാമഗ്രികളും കൊണ്ടുപോകുന്നവരുമായി സ്വാമി ഒരു കരാർ ഒപ്പിടും. കളക്ഷന്റെ പകുതി തനിക്കും പകുതി കൊണ്ടുപോകുന്നയാൾക്കുമെന്നതാണ് വ്യവസ്ഥകളിൽ ഏറ്റവും പ്രധാനം. പിന്നെ റെപ്പുകളുടെ താമസം, ഭക്ഷണം എന്നിവ വാടകക്കാർ വഹിക്കണം. ഇത്തരം വ്യവസ്ഥകൾ ഫിലിം റെപ്പുകൾ സജീവമായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുക്കം വരെ നിലനിന്നിരുന്നു. സ്വാമിയുടെ വ്യവസ്ഥകളാണ് ഇന്നും മലയാള ചലച്ചിത്ര വ്യവസായത്തിലെ കരാറുകളുടെ അടിസ്ഥാനശിലകൾ.
കേരളമെങ്ങും അദ്ദേഹത്തിന്റെ പ്രദർശനശാലകൾ ഉയർന്നു. തൃപ്പൂണിത്തുറ, ആലപ്പുഴ, തിരുവനന്തപുരം, കിഴക്കൻ മലയോര പട്ടണമായ റാന്നി തുടങ്ങിയിടങ്ങളിലൊക്കെ സ്വാമിയുടെ തുണിക്കൂടാരങ്ങൾ ഉയർന്നു. ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം നെൻമാറയിൽ വയലുകൾ വാങ്ങാനാണ് സ്വാമി ചെലവഴിച്ചത്. നല്ലൊരു നെൽ കർഷകനുമായി സ്വാമി ഇക്കാലത്ത്. ഓരോ കൊയ്ത്തുകാലം കഴിയുമ്പോൾ സ്വാമി നേരേ ബോംബെയ്ക്ക് വണ്ടി കയറും. അവിടെയും ഹോളിവുഡ്ഡിലുമൊക്കെ നിർമിച്ച പുത്തൻ ഊമച്ചിത്രങ്ങളുമായാണ് വരവ്. പുതിയ സിനിമകൾ സ്വാമിയുടെ ലാഭത്തിന്റെ ഗ്രാഫ് ഏറ്റി.
ടൂറിങ്ങ് ടാക്കീസുകൾ അസ്തമനത്തിലേക്ക് നീങ്ങുകയായിരുന്നു. കേരളത്തിൽ അവിടവിടെ ഓലയും പനമ്പും കുത്തിമറച്ച സ്ഥിരം പ്രദർശനശാലകൾ ഉയർന്നു തുടങ്ങി. ചുറ്റും കൊട്ടിയടച്ച് ഇരുട്ടിൽ സിനിമപ്രദർശിപ്പിക്കുന്നതു കൊണ്ട് കൊട്ടകയെന്ന പേര് ഇതിന് വീണു. കാറ്റ് മാറി വീശുന്നുവെന്ന് മനസിലാക്കിയ സ്വാമി നെൻമാറയിൽ ഇതിനകം ഉയർന്നിരുന്ന ഒരു പനമ്പ് കൊട്ടക വിലയ്ക്ക് വാങ്ങി. ഒരു ചെട്ടിയാർ കുടുംബത്തിന്റേതായിരുന്നു ഇത്. നടത്തിപ്പറിയാതെ നഷ്ടം വന്നതിനാൽ അവർ വിൽക്കുകയായിരുന്നു. സൗദാംബിക എന്ന് പേരിട്ട്പുത്തൻ പ്രൊജക്ടർ സ്ഥാപിച്ച് തമിഴ് ചിത്രങ്ങൾ കൊണ്ടുവന്ന് പ്രദർശിപ്പിച്ചു. രാജ്യം സ്വാതന്ത്ര്യത്തിലേയ്ക്ക് പിച്ചവെയ്ക്കുന്ന ആ സമയം ഊമച്ചിത്രങ്ങൾ ശബ്ദ ചിത്രങ്ങൾക്ക് വഴിമാറി കൊടുത്തിരുന്നു. ആദ്യ പ്രദർശനങ്ങൾ വിജയകരമായി. തിയറ്റർ വ്യവസായത്തെ എങ്ങനെ ലാഭകരമാക്കാമെന്ന് സ്വാമി തെളിയിക്കുകയായിരുന്നു. ഇടവേളകൾ നിശ്ചയിച്ച് പരസ്യങ്ങളുടെ സ്ലൈഡുകൾ പ്രദർശിപ്പിച്ചും കപ്പലണ്ടിയും മധുര പലഹാരങ്ങളും പാട്ടു പുസ്തകങ്ങളുംവിൽക്കുന്ന പയ്യൻമാരെ ഇറക്കിയും കൊട്ടകയ്ക്കുള്ളിലേയ്ക്ക് പുരുഷാരത്തെ ആകർഷിച്ചു.
തിരിച്ചുവരാതെ പോയ ആ സ്ത്രീ
അപ്പോഴും ഒരു കുറവ് സ്വാമി നിരീക്ഷിച്ചു. സ്ത്രീകൾ സിനിമ കാണാൻ വരുന്നില്ല. പുരുഷ വർഗം മാത്രം എത്തുന്നു. ലിംഗ സമത്വമുണ്ടെങ്കിൽ വൻ സാമ്പത്തിക വിജയം സാധ്യമാകുമെന്ന് അദ്ദേഹത്തിന് മനസിലായി. തിരുവിതാംകൂറിലും കൊച്ചിയിലുമൊക്കെ സ്ത്രീ പ്രവേശനമുണ്ട്. പക്ഷേ മലബാറിലില്ല. സമൂഹം ഏർപ്പെടുത്തിയ ഒരു വിലക്കാണത്.ഇത് മാറിയാൽ സിനിമാ വ്യവസായം വൻ കുതിപ്പ് നടത്തുമെന്ന് മനസിലാക്കി. വീട്ടിലെ പുരുഷൻമാരോടൊപ്പം എത്തുന്ന സ്ത്രീകളെ മറ്റൊരു കണ്ണിലൂടെ കാണുന്നതും കൊട്ടകയുടെ ഇരുട്ടിലിരുന്ന് കപ്പലണ്ടിക്കടലാസുകളും ചെറു കല്ലുകളുമെറിയുന്നതും കളിയാക്കുന്നതുമൊക്കെയാണ് അവരുടെ വരവിന് തടസം. അത് മാറണമെങ്കിൽ സ്ത്രീകൾ തന്നെ കൂട്ടമായി വന്ന് എതിർക്കണം. പക്ഷേ ആരു വരാൻ? സമൂഹം ഏർപ്പെടുത്തിയ വിലക്കിനെ ചോദ്യം ചെയ്യാൻ ആർക്കും ധൈര്യമില്ല.
നെൻമാറയിലും പരിസരങ്ങളിലും പുത്തൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയരുന്ന കാലമായിരുന്നിട്ടും കൊട്ടകയ്ക്കുള്ളിലെ പുരുഷാധിപത്യം ശിലപോലെ ഉറച്ചതായിരുന്നു. അതിനെ നേരിടാൻ ഒരു യുവതി ഒരു ദിനം തുനിഞ്ഞു. അവൾ ഒറ്റയ്ക്ക് കൊട്ടകയിൽ ടിക്കറ്റെടുത്ത് സിനിമ കാണാൻ കയറി. അപ്പോൾ തുടങ്ങിയ കൂവും ബഹളവും ഇടവേള വരെ നീണ്ടു. പ്രാഥമികാവശ്യത്തിന് പുറത്തുപോയ അവൾ തിരിച്ചു വന്നില്ല. രാവിലെ അടുത്തുള്ള കുറ്റിക്കാട്ടിൽ അവളുടെ മൃതദേഹം പിച്ചിചീന്തിയ നിലയിൽ കാണപ്പെട്ടു. സ്വാമിയുടെ മനസിനെ ഏറെ ഉലച്ചു ആ സംഭവം. പ്രാഥമികാവശ്യത്തിനുള്ള സൗകര്യമുണ്ടായിരുന്നെങ്കിൽ അവൾക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് സ്വാമി പശ്ചാത്തപിച്ചു. കൊലപാതകം കാരണം കൊട്ടക കുറെ നാളത്തേക്ക് അടച്ചിട്ടു. പിന്നീട് തുറന്നത് സ്ത്രീകൾക്ക് പ്രത്യേകം പ്രാഥമിക സൗകര്യങ്ങൾക്കുള്ള സൗകര്യം ഏർപ്പെടുത്തിയ ശേഷമായിരുന്നു. കൊട്ടകയിലെ സ്ത്രീ പ്രവേശനത്തിനുവേണ്ടിയുള്ള ഒറ്റയാൾ പ്രതിഷേധത്തിൽ ജീവൻ ത്യജിച്ച യുവതി ആരാണെന്നത് ഇന്നും അജ്ഞാതയാണെന്ന് ചെന്നൈയിൽ സ്വാമിയുടെ മകൻ ബാലകൃഷ്ണൻ പറയുന്നു.
'അച്ഛനെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു അത്. മലബാറിലെ തിയറ്ററുകളിൽ സ്ത്രീ ജനങ്ങൾക്ക് ധൈര്യമായി വന്ന് സിനിമ കാണാനുളള അവസരമൊരുക്കുന്നതിനായി അച്ഛന്റെ പിന്നത്തെ ശ്രമം. കോഴിക്കോടും കണ്ണൂരുമൊക്കെയുള്ള തിയറ്റർ ഉടമകളെ കണ്ട് കാര്യം പറഞ്ഞു. സ്ത്രീകൾ കൂടി വന്നാലുണ്ടാകുന്നലാഭത്തെ പറ്റി പറഞ്ഞ് മനസിലാക്കിക്കൊടുത്തു. പക്ഷേ അവർക്ക് പേടിയായിരുന്നു. പുരുഷൻമാർ പ്രത്യേകിച്ച് ജാതിമതഭേദമില്ലാത്ത യാഥാസ്ഥിതികർ ഒന്നിച്ചെതിർത്താലുള്ള ഭവിഷ്യത്തായിരുന്നു അവരുടെ പേടിക്ക് കാരണം'- ബാലകൃഷ്ണൻ പറഞ്ഞു. കാലം 1950 കളിലെത്തി നിയമം രക്ഷകനായി എത്തിയപ്പോഴാണ് മലബാറിലെ സ്ത്രീ സമൂഹത്തിന് ഭയരഹിതമായ സിനിമാസ്വാദനം സാധ്യമായത്. അപ്പോഴും അതിനായി ജീവൻ വെടിഞ്ഞ യുവതി ഇപ്പോഴും അജ്ഞാതയായി തന്നെ നിൽക്കുന്നു.
1970 കളുടെ പകുതിയോടെ സൗദാംബിക തിയറ്റർ അടഞ്ഞു. സ്വാമിയുടെ ജീവിതം മദിരാശിയിൽ ബാലകൃഷ്ണനൊപ്പമായി. 1984 ഓഗസ്റ്റ് പതിനാറിനായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.