
സ്വന്തം അനുഭവങ്ങളാണ് ശ്രീനിവാസൻ പലപ്പോഴും തന്റെ സിനിമകളിൽ ഉൾപ്പെടുത്തുക. കണ്ണൂർ ജില്ലയിലെ പാട്യം ഗ്രാമത്തിൽ വളർന്ന ഒരു സാധാരണക്കാരന്റെ ജീവിതാനുഭവങ്ങൾ. ആ അനുഭവങ്ങളെ മലയാളി ആസ്വദിച്ചു. സ്വന്തം അനുഭവങ്ങളിൽനിന്ന് വേർതിരിക്കാതെ മനസിൽ ഒരു ചില്ലുകൂട്ടിൽ സൂക്ഷിച്ചുവച്ചു. ശ്രീനിവാസൻ ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളുമായി വിശ്രമത്തിലാണ്. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. എങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ നേരത്തെ ഒരഭിമുഖത്തിൽ പറഞ്ഞ ഓണസ്മരണകൾ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കായി വീണ്ടും പങ്കുവെയ്ക്കുന്നു.
തിരുവോണനാളിൽ സിനിമ കാണാൻ പോയതും തിരക്കിൽപ്പെട്ട ഓണക്കോടി കീറിയതുമായ സംഭവമുണ്ട് ശ്രീനിവാസന്റെ ഓർമകളിൽ. വെട്ടിത്തിളങ്ങുന്ന ഓണക്കോടിയും ധരിച്ച് ശ്രീനിവാസൻ നടക്കുന്നത് തലശേരി മുകുന്ദ് ടാക്കീസിലേക്ക്. പ്രേംനസീറും ബാലൻ കെ. നായരുമൊക്കെ അഭിനയിച്ച 'നിഴലാട്ടം' സിനിമ കാണുകയാണ് ലക്ഷ്യം. അന്ന് ശ്രീനിവാസന് പതിനേഴ് വയസ്. റിലീസ് ദിവസം തന്നെ സിനിമ കണ്ടില്ലെങ്കിൽ അസ്വസ്ഥതയാണ്. പ്രത്യേകിച്ചും ഓണനാളിൽ. ടാക്കീസിനു മുന്നിലെത്തിയപ്പോൾ വൻ ജനക്കൂട്ടം. ഒരാൾക്ക് കഷ്ടിച്ചു കടന്നുപോകാൻ മാത്രം കഴിയുന്ന ഇടനാഴിയിലൂടെ പോയി വേണം ടിക്കറ്റെടുക്കാൻ. അസാധാരണമായ തിക്കും തിരക്കും. ഇടനാഴിയിലൂടെ ശ്വാസം മുട്ടി ഞരങ്ങിഞരങ്ങി ഒരു കണക്കിനു കൗണ്ടറിനടുത്തെത്തി. അപ്പോഴേക്കും പളപളാ മിന്നുന്ന ഓണക്കോടി കീറി. എങ്കിലും സാരമില്ല, സിനിമ കാണാമല്ലോ എന്നു കരുതി.
ടിക്കറ്റെടുക്കാൻ അഞ്ചും ആറും കൈകളാണ് ഒരുമിച്ചു കൗണ്ടറിനകത്തേക്ക് കുത്തിക്കയറുന്നത്. ഇതും പോരാഞ്ഞ് ടിക്കറ്റെടുക്കാൻ മുകളിലൂടെയുള്ള ചാട്ടവും. ധൃതിയിൽ ഷർട്ടിന്റെ പോക്കറ്റിൽനിന്ന് കാശെടുത്ത് ടിക്കറ്റ് വാങ്ങിയശേഷം വാതിലിനടുത്തേക്കോടി. വാതിൽക്കൽ വച്ചാണ് കണ്ടത്, കൈയിലിരിക്കുന്നത് ബസ് ടിക്കറ്റ്! തിരക്കിനിടെ കാശിനു പകരം എടുത്തു കൊടുത്തത് ബസ് ടിക്കറ്റായിരുന്നു. കൗണ്ടറിലിരുന്ന ആൾ അത് അതേപടി തിരിച്ചു തരികയും ചെയ്തു.
ഉച്ചംവെള്ളിയിൽ ഉണ്ണിമാഷ്; അതായത് ശ്രീനിവാസന്റെ അച്ഛന്, ഓണവും വിഷുവുമൊക്കെ ആഘോഷപൂർവം കൊണ്ടാടുന്നതിൽ വലിയ ഉത്സാഹമായിരുന്നു. 'വിശേഷദിവസങ്ങളിൽ അച്ഛൻ അമ്മയെ അടുക്കളയിൽ കയറ്റാറില്ല. പാചകം മുഴുവൻ അച്ഛൻ തന്നെയായിരിക്കും. ഓണമെത്തും മുൻപേ അച്ചാറുൾപ്പെടെയുള്ള ഉപദംശങ്ങൾ തയാറാക്കുന്നതിൽ അച്ഛൻ മുഴുകും. അച്ഛനു നന്നായി പാചകം ചെയ്യാനറിയാമായിരുന്നു. നാട്ടിലെ വിശേഷകാര്യങ്ങൾക്കു പലപ്പോഴും ഭക്ഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത് അച്ഛനാണ്. ഇന്നത്തെപ്പോലെ കാശു വാങ്ങിച്ചുള്ള ഏർപ്പാടായിരുന്നില്ല അത്. അച്ഛനതൊക്കെ വലിയ താത്പര്യമായിരുന്നു. മട്ടൻകറിയും ചിക്കൻകറിയും വെജിറ്റേറിയനുമൊക്കെ അച്ഛൻ ഉണ്ടാക്കിയാൽ അതിന് ഒരു പ്രത്യേക രുചിയായിരുന്നു. എവിടെന്നാണ് അച്ഛൻ ഇതെല്ലാം പഠിച്ചത് എന്നെനിക്കറിഞ്ഞുകൂട. അച്ഛൻ മരിച്ചശേഷം പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട് ഈ പാചകത്തിന്റെ മിടുക്ക് എന്താണെന്ന് അച്ഛനോടു ചോദിച്ചു മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന്. അതേക്കുറിച്ചോർക്കുമ്പോൾ വല്ലാത്ത ഒരു നഷ്ടബോധവും എന്നിലുണ്ടാകാറുണ്ട്.’-ശ്രീനിവാസൻ പറയുന്നു.
പാട്യത്തു നിന്ന് നാലഞ്ചു കിലോമീറ്റർ അകലെ ചെറുവാഞ്ചേരിയിൽ കൂട്ടുകാരോടൊപ്പം പൂവിറുക്കാൻ പോയ ബാല്യം ഇന്നും ശ്രീനിവാസന്റെ സ്മരണകളിലുണ്ട്. 'ജനവാസം കുറഞ്ഞ സ്ഥലമായിരുന്നു ചെറുവാഞ്ചേരി. ഇടയ്ക്ക് ഒരു പിക്നിക് പോലെ ഞങ്ങൾ കുറെ കുട്ടികൾ പൂക്കൊട്ടയുമായി ചെറുവാഞ്ചേരിയിലെത്തും. വിവിധ തരത്തിലുള്ള പൂക്കളാണ് അവിടെ ഉണ്ടാവുക. ഇന്നു പൂക്കൊട്ടയുമായി കുട്ടികൾ പൂപറിക്കാൻ പോകുന്ന കാഴ്ച തന്നെ അപൂർവം. അല്ലെങ്കിൽ, അതിനു പൂക്കളെവിടെ? തമിഴ്നാട്ടിൽനിന്നു വരുന്ന പൂവിലും വാഴയിലയിലുമൊക്കെയല്ലേ നമ്മൾ ഓണം ആഘോഷിക്കുന്നത്?'
ഓണത്തിനും വിഷുവിനും അച്ഛൻ വാങ്ങിത്തരാറുള്ള പുത്തൻ ഉടുപ്പിന്റെ മണം ശ്രീനിവാസന്റെ മനസിലുണ്ട്. കൊട്ടിയോടി ജങ്ഷനിലെ അനന്തേട്ടന്റെ തുണിക്കടയിൽനിന്ന് വാങ്ങിച്ച് രാവുണ്ണിയേട്ടനെക്കൊണ്ട് തയ്പ്പിച്ചണിയുന്ന ഓണക്കോടി. 'എത്ര സാമ്പത്തിക പ്രയാസമുണ്ടായാലും കടമായിട്ടാണെങ്കിലും ഞങ്ങൾക്ക് അച്ഛൻ ഓണക്കോടി വാങ്ങിക്കൊണ്ടുവരും....' കുട്ടിക്കാലത്തൊക്കെ ഇതിൽ വലിയ താത്പര്യമായിരുന്നു. ഇപ്പോൾ ആവശ്യത്തിനുള്ള വസ്തുക്കൾ വാങ്ങിക്കും. ഭാര്യയ്ക്കായാലും മക്കൾക്കായാലും ശരി. ഓണദിവസം തന്നെ വേണമെന്ന നിർബന്ധമൊന്നും ഞങ്ങൾക്കില്ല.’-ശ്രീനി പറയുന്നു.