ഇ.എം.എസ് ചോദിച്ചു:'എപ്പോള്‍ നാടകം തരാനാകും?' പി.ജെ.ആന്റണി പറഞ്ഞു:'നാളെ രാവിലെ'

ഇ.എം.എസ്,പി.ജെ.ആന്റണി
ഇ.എം.എസ്,പി.ജെ.ആന്റണിഫോട്ടോ-അറേഞ്ച്ഡ്
Published on

വിമോചന സമരത്തിന്റെ കൊടുങ്കാറ്റ് കേരളത്തില്‍ ആഞ്ഞുവീശിയ കാലം. 1957ല്‍ ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലേറിയ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ താഴെയിറക്കാനായി കേരളത്തിലെങ്ങും എതിര്‍ കക്ഷികളുടെ പ്രക്ഷോഭങ്ങളായിരുന്നു.

ഇ.എം.എസ്. നമ്പൂതിരിപ്പാട് ആയിരുന്നു മുഖ്യമന്ത്രി. 1958 എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയ അദ്ദേഹത്തെ കാണാന്‍ നിരവധി സഖാക്കള്‍ എത്തിയിരുന്നു. ഇ.എം.എസ്. ആകാംക്ഷയോടെ തിരക്കി. പി.ജെ. ആന്റണിയെ ഉടനെ കാണണം. എന്താണ് വഴി?

നാടക കൃത്ത് എന്ന നിലയില്‍ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നുവെങ്കിലും പി.ജെ. ആന്റണി സിനിമയിലേക്ക് പ്രവേശിച്ചിട്ടില്ല. (1958ല്‍ മെരിലാന്റ് പി.സുബ്രഹ്മണ്യം നിർമിച്ച് സംവിധാനം ചെയ്ത 'രണ്ടിടങ്ങഴി' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. തകഴിയുടെ കഥ. തുടര്‍ന്ന് 62 സിനിമകളില്‍ അഭിനയിച്ചു. 'നിര്‍മാല്യ'ത്തിലെ അഭിനയത്തിലൂടെ 1974ല്‍ അദ്ദേഹം കേരളത്തിന് ആദ്യമായി ഭരത് അവാര്‍ഡ് നേടിക്കൊടുത്തു.)

ആന്റണി ഇടത്പക്ഷ ചിന്താഗതിക്കാരനായിരുന്നു. 'പൊതുശത്രുക്കള്‍' ആയിരുന്നു ആദ്യ നാടകം.

ഗസ്റ്റ്ഹൗസിലെ സംസാരത്തിനിടയില്‍ ഇ.എം.എസ് സഖാക്കളോട് പറഞ്ഞു.

'വിമോചന സമരം നടക്കുകയല്ലേ അതിന് എതിരായി ഒരു നാടകം നമുക്ക് വേണം. പി.ജെ. ആന്റണി എഴുതട്ടെ''

ആന്റണിയെ എങ്ങനെ തേടിപ്പിടിക്കും? മുഖ്യമന്ത്രി ചോദിച്ചു.

പി.ജെ.ആന്റണി
പി.ജെ.ആന്റണിഫോട്ടോ-അറേഞ്ച്ഡ്

ആന്റണി പച്ചാളത്താണ് താമസിക്കുന്നത്. യാത്രാ സൗകര്യങ്ങള്‍ അന്ന് കുറവായിരുന്നു. ബസ്സുകള്‍ വേണ്ടത്ര ഇല്ല. ആകെ ആശ്രയം റിക്ഷാ വണ്ടിയും സൈക്കിളും മാത്രം. സ്‌കൂട്ടറോ സൈക്കിള്‍ റിക്ഷയോ ഓട്ടോ റിക്ഷയോ പിറന്നിട്ടില്ല. ടെലിഫോണ്‍ സൗകര്യവും പേരിന് മാത്രം. ബോട്ട് ജെട്ടിയില്‍ പഴയ ഒരു കെട്ടിടത്തില്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രോഡ്‌വേയില്‍ കുറച്ചു പേര്‍ക്ക് ഫോണ്‍ ഉണ്ട്. മറ്റുചില ബിസിനസുകാര്‍ക്കും. ഫോണ്‍ നമ്പരുകള്‍ രണ്ടക്ഷരത്തില്‍ ഒതുങ്ങി നിന്നു. ഡയലിങ് സൗകര്യം ഇല്ല. ഫോണ്‍ എടുത്താല്‍ എക്‌സ്‌ചേഞ്ചിലെ ഓപ്പറേറ്റര്‍ കണക്ട് ചെയ്ത് തരും.

പി.ജെ. ആന്റണിക്കോ അയല്‍വാസികള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസിലോ സഖാക്കള്‍ക്കോ ഫോണ്‍ ഇല്ല. ആന്റണിയെ അന്വേഷിച്ച് വീട്ടിലേക്ക് പോകുകയേ നിവൃത്തിയുള്ളൂവെന്ന് സഖാക്കള്‍ കരുതി. സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷിക്കാം. സഖാക്കള്‍ പലരും പല വഴിക്ക് പിരിഞ്ഞു.

മുഖ്യമന്ത്രിയെ കാണാന്‍ അപ്പോള്‍ ജില്ലാ കളക്ടര്‍ എം.കെ.ദേവസി എത്തി. എറണാകുളം ജില്ല രൂപീകരിച്ചപ്പോള്‍ ഐ.എ.എസുകാരനായ ആദ്യ കളക്ടര്‍ അദ്ദേഹമായിരുന്നു. പിന്നീട് അദ്ദേഹം പി.എസ്.സി. ചെയര്‍മാനായി. മുഖ്യമന്ത്രിയുടെ ആവശ്യമായതിനാല്‍ ആന്റണിയെ അന്വേഷിക്കാന്‍ കളക്ടറേറ്റില്‍ രണ്ട് ഉദ്യോഗസ്ഥരെ അദ്ദേഹം നിയോഗിച്ചു.

ഉച്ചയ്ക്ക് ശേഷം ആന്റണിയെ തേടിപ്പിടിക്കാന്‍ സഖാക്കള്‍ക്ക് കഴിഞ്ഞു. മുഖ്യമന്ത്രിയുടെ മുറിയിലേക്ക് അവര്‍ ആന്റണിയോടൊപ്പമെത്തി.

ആന്റണി അക്കാലത്ത് പ്രതിഭാ തിയേറ്റേഴ്‌സിന്റെ തലവന്‍ ആയിരുന്നു. നിരവധി രാഷ്ട്രീയ പ്രചരണ നാടകങ്ങള്‍ എഴുതി ജനശ്രദ്ധയാകര്‍ഷിച്ചു. വളരെ ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം നാടകങ്ങള്‍ എഴുതിയിരുന്നത് ഇ.എം.എസിന് അറിയാമായിരുന്നു.

ഇ.എം.എസ്,പി.ജെ.ആന്റണി
'അന്തോണീ, വെളിച്ചപ്പാടേ, എടാ, നിന്റെ വാള്‍ എവിടെ?'

ആന്റണിയെ കണ്ടപ്പോള്‍ മുഖവുര ഇല്ലാതെ ഇ.എം.എസ് കാര്യം പറഞ്ഞു. 'വിമോചന സമരത്തെ നേരിടാന്‍ നമുക്കൊരു നാടകം വേണം. താങ്കള്‍ ഉടനെ എഴുതണം. സൗകര്യങ്ങള്‍ എല്ലാം ചെയ്തു തരാം'.

ഇ.എം.എസ്. തുടര്‍ന്ന് ആകാംക്ഷയോടെ ചോദിച്ചു: 'എപ്പോള്‍ നാടകം തരാനാകും?'

രണ്ടാമത് ആലോചിക്കാതെ ആന്റണി മറുപടി നല്‍കി: 'നാളെ രാവിലെ'

ഒരുപക്ഷേ അതൊരു കളിവാക്കായി ഇ.എം.എസിന് തോന്നിക്കാണും. പക്ഷേ അദ്ദേഹം സന്തോഷത്തോടെ പ്രതികരിച്ചു. 'ശരി, ആന്റണി'

ഗസ്റ്റ്ഹൗസിലെ രണ്ട് മുറികള്‍ ആന്റണിക്ക് വേണ്ടി തുറന്നു. ആന്റണി പറയുന്നത് കേട്ട് എഴുതാന്‍ രണ്ട് പേരെ ഏര്‍പ്പെടുത്തി. അവര്‍ രണ്ട് മുറികളില്‍ ഇരുന്നു. ആന്റണി മുറികള്‍ മാറി മാറി കയറിയിറങ്ങി. ഡയലോഗുകള്‍ അനായാസമായി പറഞ്ഞുകൊടുത്തു. രണ്ട് പേരും മാറി മാറി എഴുതി. തിരുത്തി എഴുതി. വീണ്ടും തിരുത്തി മുന്നോട്ട് നീങ്ങി.

വിശ്രമമില്ലായിരുന്നു. ചായ കുടിച്ച ശേഷം വീണ്ടും എഴുത്ത് തുടങ്ങി.

നേരം വെളുക്കുന്നത് വരെ ആന്റണി തന്റെ പണിപ്പുരയിലായിരുന്നു. രാത്രി ഉറങ്ങിയില്ല. പലപ്പോഴും കട്ടന്‍ കാപ്പി കുടിച്ചു.

നേരം വെളുത്തു. നാടകം പൂര്‍ത്തിയായി. മുഖ്യമന്ത്രിയോട് അദ്ദേഹം പറഞ്ഞ വാക്ക് പാലിച്ചു. മുഖ്യമന്ത്രി വൈകീട്ട് കൊല്ലത്തേക്ക് തിരിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കയ്യെഴുത്ത് കോപ്പി മുഖ്യമന്ത്രിക്ക് കിട്ടി.

ആ നാടകത്തിന്റെ പേരായിരുന്നു. 'വിമോചനം' കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഈ നാടകം അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടി അവതരിപ്പിച്ചു.

നൂറോളം വേദികളില്‍ അത് മുഴങ്ങി.

'നിർമാല്യ'ത്തിൽ പി.ജെ.ആൻണി
'നിർമാല്യ'ത്തിൽ പി.ജെ.ആൻണിഫോട്ടോ-അറേഞ്ച്ഡ്

സഖാക്കള്‍ വഴി ആന്റണിയും ഇ.എം.എസും നേരത്തതന്നെ ബന്ധപ്പെട്ടിരുന്നു. കത്തുകളും മുഖ്യമന്ത്രി അയച്ചിരുന്നു. വലിയൊരു സൗഹൃദമായി അത് വളര്‍ന്നു കഴിഞ്ഞിരുന്നു. ആന്റണിയുടെ നാടകങ്ങളുടെ പ്രമേയവും, പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും ഇ.എം.എസ്. ശ്രദ്ധിച്ചിരുന്നു. തിരക്കിട്ട് നാടക രചന നടത്തുന്നതിനിടയിലും ഒരേ സമയത്ത് രണ്ട് വ്യത്യസ്ത ഭാഗങ്ങള്‍ രണ്ട് പേര്‍ക്ക് പറഞ്ഞു കൊടുത്ത് നാടകം പൂര്‍ത്തിയാക്കുമ്പോള്‍ ഏകാഗ്രത ആദ്യന്തം പുലര്‍ത്താന്‍ കഴിയുക ഒരപൂര്‍വ സിദ്ധിയായിരുന്നു. നാടകകൃത്തായ ടി.എം. എബ്രഹാം ഇങ്ങനെയാണ് പി.ജെ. ആന്റണിയെ വിലയിരുത്തിയിട്ടുള്ളത്.

'രംഗങ്ങളിലും ചലച്ചിത്രങ്ങളിലും ആന്റണിയുടെ അവിസ്മരണീയമായ പ്രകടനം കണ്ടിട്ടുള്ളവര്‍ക്ക് മലയാളം കണ്ടിട്ടുള്ള എക്കാലത്തെയും പ്രഗത്ഭമാരില്‍ ഒരാളാണ് അദ്ദേഹമെന്ന് സംശയമില്ലാതെ ബോധ്യപ്പെടും. അദ്ദേഹം വേഷമിട്ടിട്ടുള്ള എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു എന്ന് വേണം പറയാന്‍. നാടക രചന അദ്ദേഹത്തിന് അനായാസമായ ഒരു വൃത്തിയായിരുന്നു.'

(വിമോചന സമരം പടര്‍ന്നു പിടിച്ചു. 1959ല്‍ കേരള സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിടുകയും ചെയ്തു. നെഹ്‌റുവായിരുന്നു പ്രധാനമന്ത്രി)

തോപ്പിൽഭാസി,കാമ്പിശ്ശേരി കരുണാകരൻ
തോപ്പിൽഭാസി,കാമ്പിശ്ശേരി കരുണാകരൻഫോട്ടോ-അറേഞ്ച്ഡ്

'ഞാന്‍ കാമ്പിശ്ശേരി ആകണോ അതോ പരമുപിള്ളയാകണോ?'

തോപ്പില്‍ ഭാസിയുടെ വിഖ്യാതമായ 'നിങ്ങള്‍ എന്നെ കമ്യൂണിസ്റ്റാക്കി' എന്ന നാടകം കെ.പി.എ.സി. അവതരിപ്പിച്ച് ചരിത്രവിജയം കൊയ്തിരുന്ന കാലം. മുഖ്യകഥാപാത്രമായ പരമുപിള്ളയെ അവതരിപ്പിച്ചത് പിന്നീട് 'ജനയുഗം' പത്രാധിപരായ കാമ്പിശ്ശേരി കരുണാകരന്‍ ആയിരുന്നു. അദ്ദേഹത്തിന് പെട്ടെന്ന് അസുഖം പിടിച്ച് കിടന്നപ്പോള്‍ പകരം പ്രാപ്തനായ ഒരാളെ കണ്ടെത്താന്‍ ശ്രമം നടന്നു.

പലരെയും പരിഗണിച്ചു. പക്ഷെ വിജയിച്ചില്ല. അന്ന് കെ.പി.എ.സി. സെക്രട്ടറിയായിരുന്ന നടന്‍ ഒ. മാധവന്‍ പച്ചാളത്ത് ആന്റണിയുടെ വീട്ടില്‍ എത്തി. മാധവന്‍ കാര്യം പറഞ്ഞു. ആന്റണി ഒഴിവ് പറഞ്ഞു. മാധവന്‍ പറഞ്ഞു: താങ്കള്‍ അഭിനയിച്ചേ പറ്റൂ. തുടര്‍ച്ചയായി ബുക്കിങ് ഉണ്ട്. ഒടുവില്‍ നിര്‍ബന്ധത്തിന് വഴങ്ങി ആന്റണി സമ്മതിച്ചു.

കെ.പി.എ.സിയുടെ മുഖ്യസാരഥികളില്‍ ഒരാളായ അഡ്വ. ജി. ജനാര്‍ദ്ദനക്കുറുപ്പ് ആന്റണിയെ കരുനാഗപ്പള്ളിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുമുറ്റത്തെ മാവിന്‍ചുവട്ടില്‍ ഇരുന്ന് അദ്ദേഹം നാടകത്തിന്റെ ഊടുംപാവും ആന്റണിക്ക് വിവരിച്ചു കൊടുത്തു. ആന്റണി തന്റെ കഥാപാത്രമായ പരമുപിള്ളയെ ആവാഹിച്ചെടുത്തു.

ഒ.മാധവൻ,അഡ്വ.ജി.ജനാര്‍ദ്ദനക്കുറുപ്പ്
ഒ.മാധവൻ,അഡ്വ.ജി.ജനാര്‍ദ്ദനക്കുറുപ്പ്ഫോട്ടോ-അറേഞ്ച്ഡ്

റിഹേഴ്‌സല്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ ഒരാള്‍ പറഞ്ഞു. 'കാമ്പിശ്ശേരി ഇങ്ങനെയല്ല ഈ ഭാഗം അഭിനയിച്ചത്''

ആന്റണി തിരിച്ചു ചോദിച്ചു.

'ഞാന്‍ കാമ്പിശ്ശേരി ആകണോ അതോ പരമുപിള്ളയാകണോ?'

ആന്റണി സ്വന്തം വ്യാഖ്യാനം അനുസരിച്ചാണ് കഥാപാത്രത്തെ അവതരിപ്പിച്ചത്. അത് പ്രഗത്ഭവും പൂര്‍ണ്ണവുമായിരുന്നു. സംഭാഷണത്തിലും അഭിനയത്തിലും ഒരു പുതിയ തലം. ഒരു പുതിയ പരമുപിള്ളയെ തന്നെ ആന്റണി അരങ്ങില്‍ അവതരിപ്പിച്ചുവെന്ന് ജനാര്‍ദ്ദനക്കുറുപ്പും ഒ. മാധവനും രേഖപ്പെടുത്തിയിട്ടുണ്ട്.

രണ്ട് മാസം ആന്റണി പരമുപിള്ളയെ അവതരിപ്പിച്ചു. ആസ്വാദകരുടെ കരഘോഷം നേടി. പിന്നീട് കൊച്ചിയിലേക്ക് മടങ്ങി തന്റെ സ്വന്തം രചനകളില്‍ മുഴുകി.

(അവലംബം-പി.ജെ. ആന്റണിയെക്കുറിച്ച് ജോൺപോൾ എഴുതിയ 'പ്രതിഷേധം തന്നെ ജീവിതം' എന്ന പുസ്തകം)

Related Stories

No stories found.
Pappappa
pappappa.com