

മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിന്റെ പിറന്നാൾ ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. പിറന്നാൾ സമ്മാനമായി ലാലേട്ടൻ 'ദൃശ്യം 3' പ്രേക്ഷകർക്കു സമ്മാനിക്കുകയും ചെയ്തു. പ്രീ സെയിലിലും ബിസിനസിലും കോടികൾ വാരിക്കൂട്ടിയ ചിത്രം ബോക്സ്ഓഫീസ് കീഴടക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. 66 വയസ് പിന്നിടുമ്പോഴും അഭിനയത്തിന്റെ ഊർജം ലോകത്തിനു വിസ്മയമാണ്. 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലെ നരേന്ദ്രൻ മുതൽ ഇന്ന് നമ്മളിലേക്ക് വീണ്ടും വന്ന ജോർജുകുട്ടിവരെ എത്രയോപേർ..
ഒരു ചിത്രത്തിന്റെ കഥാഗതിയെയും അതിന്റെ മൂഡിനെയും സ്വന്തം കൈപ്പിടിയിലൊതുക്കാൻ മോഹൻലാലിനോളം പ്രതിഭയുള്ള മറ്റൊരു നടനില്ല. ഗൗരവമേറിയ ഒരു വൈകാരിക രംഗത്തിൽനിന്ന് ക്ഷണനേരംകൊണ്ട് ഹാസ്യത്തിലേക്കും, തിരിച്ച് അങ്ങോട്ടേക്കും ഭാവംമാറി സഞ്ചരിക്കാനുള്ള അദ്ദേഹത്തിന്റെ അദ്ഭുതസിദ്ധി മറ്റൊരു നടനും എളുപ്പം സാധിക്കുന്നതല്ല. സിനിമകളെ ഒരേ അച്ചിൽ വാർക്കാതെ ജീവസുറ്റതാക്കുന്നത് ഈ ഭാവമാറ്റങ്ങളാണ്. ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ നമ്മുടെയെല്ലാം മനസിലേക്കെത്തുന്നതു നിരവധി കഥാപാത്രങ്ങളാണ്.
ജഗന്നാഥനും നീലകണ്ഠനും
'ആറാം തമ്പുരാനി'ലെ ജഗന്നാഥനും 'ദേവാസുര'ത്തില മംഗലശേരി നീലകണ്ഠനും മലയാളികൾ കൊണ്ടാടിയ സൂപ്പർ കഥാപാത്രങ്ങളാണ്. ആറാം തമ്പുരാനിൽ കണിമംഗലം ഉത്സവത്തിനായി പൂജാരിയെ (കലാഭവൻ മണി) തട്ടിക്കൊണ്ടുവന്ന ജഗന്നാഥനെ അറസ്റ്റ് ചെയ്യാൻ എസ്.ഐ. ഭരതൻ (ഇന്നസെന്റ്) എത്തുന്ന രംഗമുണ്ട്. മുകളിൽ നിന്നുള്ള ഒരു ഫോൺ കോളോടെ ജഗന്നാഥന്റെ പവർ എന്തെന്ന് ഭരതൻ തിരിച്ചറിയുന്നു. ഒരു സാധാരണ മാസ് ചിത്രത്തിൽ നായകൻ പോലീസിനെ കനത്ത ഭാഷയിൽ ഭീഷണിപ്പെടുത്തുന്ന രംഗമാകേണ്ടിയിരുന്ന ഇതിനെ, 'ഭരതൻ എസ്ഐ, പ്ലീസ് അറസ്റ്റ് മീ...' എന്ന് ലാലേട്ടൻ പരിഹാസത്തോടെ കെഞ്ചുന്നതോടെ തിയറ്ററുകളെ ചിരിപ്പിച്ച രംഗമാക്കി അദ്ദേഹം മാറ്റി. വില്ലത്തരത്തിന് പകരം കുസൃതിയാണ് താരം അവിടെ തിരഞ്ഞെടുത്തത്.
ഇതേ ശൈലി 'ദേവാസുരം' എന്ന ചിത്രത്തിലും കാണാം. മംഗലശേരി നീലകണ്ഠൻ എന്ന അഹങ്കാരിയായ ജന്മിയുടെ ഉള്ളിലെ സ്നേഹമുള്ള മനുഷ്യനെ പ്രേക്ഷകർക്കു കാട്ടിക്കൊടുക്കുന്നത് വാര്യരുമായുള്ള (ഇന്നസെന്റ്) തമാശ നിറഞ്ഞ സംഭാഷണങ്ങളിലൂടെയാണ്. ജീവിതത്തിലെ വീഴ്ചകളിൽ പിതാവിനെപ്പോലെ തന്നോടു ചേർത്തുനിർത്തുന്നതും വാര്യരെയാണ്.
ആടുതോമ
ഭദ്രന്റെ സംവിധാനത്തിലൊരുങ്ങിയ 'സ്ഫടിക'ത്തിൽ കോടതിയിൽ വച്ച് ജഡ്ജി (ശങ്കരാടി) തോമയെ അപമാനിക്കാനായി സംസ്കൃതശ്ലോകം ചൊല്ലുമ്പോൾ, ബാക്കി ഭാഗം തെറ്റില്ലാതെ ചൊല്ലി കേൾപ്പിക്കുന്ന ആടുതോമയെ നാം കാണുന്നുണ്ട്. റെയ്ബാൻ ഗ്ലാസിനു പിന്നിലെ ആ റൗഡി വെറുമൊരു മണ്ടനല്ലെന്നും, അതിനപ്പുറം വിദ്യാസമ്പന്നനാകേണ്ടിയിരുന്ന വ്യക്തിത്വത്തിന് ഉടമയാണെന്നും ആ ഒരൊറ്റ രംഗത്തിലൂടെ ലാലേട്ടൻ കാണിച്ചുതരുന്നു. പിന്നീട് ജഡ്ജി പോലീസുകാരനോട് പറയുന്നത് 'അവനെ തല്ലരുത്, അവന്റെ വളർത്തുകേടാണ്' എന്നാണ്. ഒരു മാസ് ആക്ഷൻ ഹീറോയെ ക്യാരക്ടർ ആക്ടറുടെ സൂക്ഷ്മതയോടെ അവതരിപ്പിക്കുകയായിരുന്നു ലാലേട്ടൻ.
ഡോ. സണ്ണി
'മണിച്ചിത്രത്താഴി'ൽ ഡോ. സണ്ണിയെ ആദ്യം പരിചയപ്പെടുത്തുമ്പോൾ ഒരു കോമാളിയാണോ അതോ ജീനിയസ് ആണോ എന്ന് പ്രേക്ഷകർക്ക് സംശയം തോന്നുന്ന വിധമാണ് ഫാസിൽ കഥാപാത്രത്തെ അവതരിപ്പിച്ചത്. നാഗവല്ലിയുടെ ഭ്രാന്തിനെക്കുറിച്ച് അതീവ ഗൗരവത്തോടെ സംസാരിക്കുന്ന സണ്ണി, തൊട്ടടുത്ത നിമിഷം രാത്രിയിൽ ഒളിച്ചുനടക്കുന്ന ചന്തുവിനെ (സുധീഷ്) തമാശയ്ക്കു വിരട്ടുന്നുണ്ട്. പാഠപുസ്തകങ്ങളിലെ അറിവിനേക്കാൾ മനുഷ്യത്വത്തിനും സഹാനുഭൂതിക്കും വില നൽകുന്ന സൈക്യാട്രിസ്റ്റാണ് താനെന്ന് തിലകന്റെ കഥാപാത്രത്തോട് പറയുന്നിടത്ത് സണ്ണി എന്ന കഥാപാത്രത്തിനു പൂർണത നൽകാൻ താരത്തിനു കഴിയുന്നു.
ക്യാപ്റ്റൻ വിജയ് മേനോൻ
സത്യൻ അന്തിക്കാടിന്റെ വേറിട്ട ശൈലിയിലുള്ള സിനിമയായ 'പിൻഗാമി'യിൽ ക്യാപ്റ്റൻ വിജയ് മേനോൻ തന്റെ ശത്രുവായ ജോർജ് മാത്യൂസിനെ (സുകുമാരൻ) പഴയ കൂട്ടാളി വിക്രമൻ എന്ന പേരിൽ ഫോണിൽ വിളിച്ച് ഓർമശക്തിയെ പരിഹസിക്കുന്ന രംഗമുണ്ട്. ശത്രുവിനെ മാനസികമായി തളർത്താൻ കനത്ത ഡയലോഗുകൾക്ക് പകരം തമാശ കലർന്ന ഭാവം ഉപയോഗിക്കുന്നതിലൂടെ, പ്രതികാരാഗ്നിയിലും തന്റെ ഉള്ളിലെ മനുഷ്യത്വം വിജയ് കൈവിട്ടിട്ടില്ലെന്ന് ലാലേട്ടൻ തെളിയിക്കുന്നു. ഒരു സാധാരണ പ്രതികാര ചിത്രത്തിൽനിന്ന് 'പിൻഗാമി'യെ വേറിട്ടു നിർത്തുന്നത് ഇത്തരം കഥാപാത്രസഞ്ചാരങ്ങളാണ്.
വിഷ്ണു
മോഹൻലാലിന്റെ ഭാവമാറ്റത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രിയദർശന്റെ 'ചിത്രം' എന്ന എവർഗ്രീൻ ഹിറ്റ് സിനിമ. സിനിമയുടെ മുക്കാൽ ഭാഗവും കള്ളങ്ങളും കസർത്തുകളുമായി പ്രേക്ഷകർക്കിടയിൽ ചിരിയുടെ പൂത്തിരി കത്തിച്ച വിഷ്ണു (മോഹൻലാൽ), ക്ലൈമാക്സിൽ സോമന്റെ പോലീസ് കഥാപാത്രത്തോടൊപ്പം മരണത്തിലേക്കു യാത്രയാകുമ്പോൾ തന്റെ കാമുകിക്കു മുന്നിൽ ആ സങ്കടം മറച്ചുവച്ച് ഒരു കള്ളച്ചിരി ചിരിക്കുന്നുണ്ട്. ആ ഒരൊറ്റ ചിരി തിയറ്ററിലിരുന്ന ഏത് പ്രേക്ഷകന്റെയും നെഞ്ചുലയ്ക്കുന്ന ഒന്നായിരുന്നു. ഹാസ്യത്തിൽ നിന്നും ട്രാജഡിയിലേക്കുള്ള ലാലേട്ടന്റെ ആ പരകായപ്രവേശം മലയാള സിനിമയിലെ അത്ഭുത പാഠപുസ്തകമാണ്.