
ആകാശവാണി ക്യാൻ്റീനിൻ്റെ ഇടനാഴിയിൽ ഓരോ സിഗരറ്റ് പുകച്ച് നിൽക്കുമ്പോൾ, പപ്പേട്ടൻ ചോദിച്ചു: 'വേണുവിന് അഭിനയിച്ചു കൂടേ?'. ആ നിമിഷം വരെ അങ്ങനെയൊന്ന് എൻ്റെ മനസ്സിലില്ല. സിനിമയ്ക്ക് തിരക്കഥ എഴുതണം, സാധിക്കുമെങ്കിൽ സംവിധാനം, അത്രയേയുള്ളൂ. പക്ഷേ പെട്ടെന്ന് മറുപടി പറഞ്ഞു: 'പപ്പേട്ടൻ പറയുമെങ്കിൽ, പിന്നെന്താ! '
'എങ്കിൽ ഉടൻ ജിൻസ് ഹോട്ടലിലേക്കു പോകൂ. അവിടെ ജോർജും ബാലുവും ഉണ്ട്. അവർ പുതിയ നായകനെ അന്വേഷിക്കുന്നു. ഞാൻ വിളിച്ചു പറയാം.'
പപ്പേട്ടൻ പറഞ്ഞതല്ലേ, അപ്പോ തന്നെ എൻ്റെ യെസ്ഡി ബൈക്കെടുത്തു വിട്ടു ജിൻസിലേക്ക്. ഹോട്ടൽ മുറിയുടെ പുറത്ത് ഒരാൾ നിൽക്കുന്നു. കെ.ജി. ജോർജ്! 'പപ്പൻ പറഞ്ഞ ആളല്ലേ?' കുറച്ചു നേരം എന്നെ നോക്കി.
പിന്നെ മുറിയുടെ അകത്തേക്ക് നോക്കി ആരാഞ്ഞു: 'ഹൗ ഇസ് ഹി ബാലു ?'
മുറിയിൽ കട്ടിലിൽ ഒരാൾ ഷർട്ടിടാതെ കമിഴ്ന്നു കിടന്നിരുന്നു. കിടന്ന കിടപ്പിൽ അയാൾ തിരിഞ്ഞ് എന്നെ നോക്കി. പിന്നെ ജോർജേട്ടനോട് പറഞ്ഞു: 'ഹിസ് കോംപ്ലക്ഷൻ ഇസ് ഓാകെ ജോർജി!'
ബാലു മഹേന്ദ്ര ആയിരുന്നു അത്.
'ഉൾക്കടലി'ലെ രാഹുലൻ്റെ പിറവി നിമിഷം.
'തൊട്ടടുത്ത് തന്നെ 'ശാലിനി എൻ്റെ കൂട്ടുകാരി'യിലെ പ്രഭയായി പപ്പേട്ടൻ്റെ തിരക്കഥയിൽ മോഹൻ സാർ കാസ്റ്റ് ചെയ്തു.അതോടെ മലയാളത്തിൻ്റെ വിഷാദനായകനായി ഞാൻ മാറി.'
(ഒരു അനുസ്മരണത്തിൽ പറഞ്ഞത്)
'മോന് ആളെ പരിചയപ്പെടണോ?' 'ദേവി'യെ? ഞാൻ വിളിച്ചു പറയാം. പപ്പേട്ടനൊക്കെ നല്ല പോലെ അറിയും. നമ്മുടെ.... ലെ ....ൻ്റെ സിസ്റ്ററാ . We are still good friends. 'സൈമണി'നെയും പപ്പേട്ടനറിയാമായിരുന്നു. യുവവാണിയിൽ പ്രോഗ്രാം ചെയ്യാൻ സൈമൺ എൻ്റെ കൂടെ വരുമായിരുന്നു.'
'സുഖമോ ദേവി'യിലെ 'ദേവി' യുടെയും 'സണ്ണിയുടെ'യും കാര്യമാണ് വേണുച്ചേട്ടൻ പറയുന്നത്. സൈമണിൻ്റെ ചേട്ടൻ 'അച്ചായനെ' പോയി കണ്ടു.(സിനിമയിൽ കെ.പി.എ.സി.സണ്ണി ചെയ്ത വേഷം) കുറേ സംസാരിച്ചു. സൈമൺ എന്ന സണ്ണി ട്യൂൺ ചെയ്ത പാട്ടുകളുടെ എച്ച്.എം.വിയുടെ ഗ്രാമഫോൺ ഡിസ്ക്ക് കേൾപ്പിച്ചു. പഴയ സൗഹൃദസംഘത്തെ പറ്റി കഥകൾ പറഞ്ഞു. വേണുച്ചേട്ടൻ പറഞ്ഞ ഓർമ്മകളിലെ ചില വിട്ടു പോയ കണ്ണികൾ പൂരിപ്പിച്ചു തന്നു.
'ദേവി'യെ കാണണം എന്നില്ല, ബുദ്ധിമുട്ടിക്കണ്ട എന്നു പറഞ്ഞു.
ആ യെസ്ഡി ബൈക്ക് വേണുച്ചേട്ടനൊപ്പം അവസാനം വരെയും ഉണ്ടായിരുന്നു.
പ്രിയപ്പെട്ടത് എന്തിനെയും കൈവിടാതെ അടക്കി നിർത്തിയ സ്നേഹവായ്പ്,തെളിനീർ മനസ്.
ഇന്ന് വേണുച്ചേട്ടൻ പോയിട്ട് ഒന്നര പതിറ്റാണ്ട്.
(അനന്തപദ്മനാഭൻ ഫേസ്ബുക്കിൽ പങ്കുവച്ചത്)