

ഞാൻ ഇരിക്കുന്നത് ഷൊർണൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ഒന്നാം നമ്പർ മുറിയിലാണ്. മുറി കുറച്ച് നവീകരിച്ചിട്ടുണ്ട്. ഫർണീച്ചറുകൾക്ക് മാറ്റമുണ്ട്. മുറിയിൽ ഇപ്പോൾ എസി യും ഉണ്ട്. ഫർണിച്ചറുകൾക്ക് ഇത്രയും പുതുമയും എസിയും ഇല്ലാത്ത കാലത്ത് മലയാളത്തിലെ ആ കാലത്തെ പ്രശസ്തരായ പല സംവിധായകരും നിർമ്മാതാക്കളും പ്രൊഡക്ഷൻ കൺട്രോളർമാരും ഒരിക്കലെങ്കിലും കയറിയിറങ്ങിയിട്ടുള്ള റൂം ആയിരിക്കും ഇത്.
അതെ.. ലോഹിതദാസ് സാർ സ്ഥിരമായി ഇരുന്ന് എഴുതിയിരുന്ന റൂം ആണിത്. അദ്ദേഹം എഴുതിയിട്ടുള്ള അമ്പതിൽ കൂടുതൽ തിരക്കഥകളിൽ 25 എണ്ണമെങ്കിലും ഇവിടെയിരുന്നായിരിക്കും എഴുതിയിട്ടുണ്ടാവുക. പുതിയ കഥകളുടെ ആലോചനകളും എഴുതിയ തിരക്കഥയുടെ മിനുക്ക് പണികളും നടന്നിട്ടുള്ള റൂമാണിത്.
ലോഹി സാറിനോടൊത്ത് ഒരുപാട് ദിവസങ്ങൾ ഞാൻ ഈ ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടുണ്ട്. കഥയെഴുത്ത് നടക്കുമ്പോൾ ലോഹിസാറിനെ ആരെങ്കിലും കാണാൻ വന്നാൽ അദ്ദേഹം എഴുതുകയാണോ എന്നറിയാൻ വേണ്ടി ഈ റൂമിന് മുന്നിലേക്ക് മാർജാര പാദങ്ങളോടെ ഞാൻ നിരവധി തവണ വന്നിട്ടുണ്ട്. വാതിലിന്റെ ചെറിയ വിടവിലൂടെ അകത്തേക്ക് നോക്കിയാൽ എഴുതുകയാണോ, ആലോചിക്കുകയാണോ അതോ വെറുതെ ഇരിക്കുകയാണോ എന്നറിയാം.
എഴുത്തിന്റെ സമ്മർദത്തിൽ ആണെങ്കിൽ അത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും. തലയിൽ തോർത്തുകൊണ്ട് മുറുക്കി കെട്ടി കയ്യിൽ പേനയും പിടിച്ച് ഇരിക്കുന്നുണ്ടാകും. അങ്ങനെയല്ലാത്ത സന്ദർഭങ്ങളിൽ വാതിൽ തട്ടി വന്ന കാര്യം പറയും. സിന്ധുചേച്ചി റസ്റ്റ് ഹൗസിൽ ഉള്ള സമയമാണെങ്കിൽ ചിലപ്പോൾ വരാന്തയിൽ ചേച്ചിയെ കാണാം. 'ഇപ്പോൾ അങ്ങോട്ടു പോകേണ്ട' എന്ന് എനിക്ക് ആഗ്യം കാണിക്കും.
പല നടീനടന്മാരുടെയും ഉദയം ഷൊർണൂർ ഗസ്റ്റ് ഹൗസിൽ നിന്നായിരുന്നു. അതിൽ സിനിമ എന്ന സാമ്രാജ്യത്തിന്റെ സിംഹാസനത്തിൽ കയറിയിരുന്ന് ഭരണം നടത്തിയവരുണ്ട്. സദാ പ്രജകളുമുണ്ട്. പല പുതിയ സംവിധായകർക്കും ഭാവിയിലേക്കുള്ള ചൂണ്ടുപലക ആയതും മറ്റു ചിലർക്ക് വർധിത ഊർജത്തോടെ മുന്നോട്ടു കുതിക്കാൻ കഴിഞ്ഞതും ഈ ഗസ്റ്റ് ഹൗസിൽ ഇരുന്ന് ലോഹി സാർ എഴുതിക്കൊടുത്ത തിരക്കഥകളിലൂടെയാണ് .
'സല്ലാപ'ത്തിൽ മഞ്ജുവാരിയരെ നായികയാക്കാനും 'ഉദ്യാനപാലകനി'ൽ കാവേരിയ നായികയാക്കാനും തീരുമാനമെടുത്തത് ഈ റസ്സ്റ്റ് ഹൗസിൽ ഇരുന്നാണ് ഇവരുടെ രണ്ടുപേരുടെ ഓഡിഷൻ നടന്നതും ഈ റസ്റ്റ് ഹൗസിന്റെ മുറ്റത്ത് വച്ച് തന്നെ. ഈ രണ്ടിനും സാക്ഷിയാണ് ഞാൻ. സുരേഷ് ഉണ്ണിത്താന്റെ 'ജാതകം' എഴുതിയതും, ജോർജ് കിത്തുവിന്റെ സിനിമ ജീവിതത്തിന് 'ആധാരം' ആയതും സുന്ദർദാസിനോട് 'സല്ലാപം' നടത്തിയതും സിബി സാറിന് വേണ്ടി 'കമലദളം' വിരിഞ്ഞതും എം.എ വേണുവിനുവേണ്ടി 'ചകോരം' പറന്നതും ഈ റസ്റ്റ് ഹൗസിൽ നിന്നാണ്.
ലോഹിസാറിന്റെ മരണശേഷം ഞാൻ ഈ റസ്റ്റ് ഹൗസിലേക്ക് വന്നിട്ടില്ല. ഇന്ന് ഒറ്റപ്പാലത്തേക്ക് പോകുന്ന വഴി വീണ്ടും ഇവിടെ വന്നപ്പോൾ സ്വന്തം തറവാട്ടിലേക്ക് കയറിവന്ന ഫീൽ ആയിരുന്നു എനിക്ക്. സത്യമാണ് ഒരുകാലത്ത് സ്വന്തം വീടുപോലെയായിരുന്നു ഷൊർണൂർ റസ്റ്റ് ഹൗസ്.
ആ കാലത്ത് അയ്മുട്ടിക്കയും പിന്നീട് ഉണ്ണിയുമായിരുന്നു അവിടുത്തെ കെയർടേക്കർമാർ. ഇന്ന് റസ്റ്റ് ഹൗസിൽ എത്തിയപ്പോൾ പുതിയ ആളെയാണ് കണ്ടത്. ഉണ്ണി റിട്ടയർ ആയി രണ്ടുവർഷമായി എന്നയാൾ പറഞ്ഞു. ഉണ്ണിയെ ഫോൺ ചെയ്തപ്പോൾ തൊട്ടടുത്ത് തന്നെയാണ് ഉണ്ണി താമസിക്കുന്നത്. ഉണ്ണിയേയും കണ്ടിട്ടാണ് മടങ്ങിയത്. അയ്മുട്ടിക്ക ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്ന് ഉണ്ണിയിൽ നിന്ന് അറിയാൻ കഴിഞ്ഞു.
ലോഹിസാറിന്റെ ഒന്നാം നമ്പർ എഴുത്തു മുറിയിൽ കുറെ നേരം ഇരുന്നതിനുശേഷം ആണ് ഞാൻ തിരിച്ചിറങ്ങിയത്. എത്രയോ തവണ ലോഹി സാറിനോടൊപ്പം ഇരുന്ന് സംസാരിച്ചിട്ടുള്ള മുറിയാണിത്. മുണ്ടും ടീഷർട്ടും ധരിച്ച്, തലയിൽ ഒരു കെട്ടുംകെട്ടി പേനയും പിടിച്ചിരിക്കുന്ന ലോഹി സാറിനെ എനിക്ക് ആ മുറിയിൽ കാണാൻ കഴിഞ്ഞു. 'അയ്മുട്ടിക്കയോട് ഒരു ചായ തരാൻ പറയൂ' എന്ന് ലോഹിസർ പറയുന്നപോലെ എനിക്ക് തോന്നി. തോന്നിയത് തന്നെയാണ് കാരണം ലോഹി സാറും അയ്മുട്ടിക്കയും ഈ ഗസ്റ്റ് ഹൗസിലുമില്ല ഈ ദുനിയാവിലുമില്ല. റൂമിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ കൺകോണുകളിൽ ഒരു ജലകണം ഊറി കൂടിയോ...ചങ്കിൽ ഒരു ഗദ്ഗദം..