
ജൂൺ മൂന്നാമത്തെയും നാലാമത്തെയും ആഴ്ചകളിലായി ഒ.ടി.ടിയിൽ കാഴ്ചയുടെ ഉത്സവം. ദിലീപിന്റെ പ്രിൻസ് ആന്റ് ഫാമിലി ഉൾപ്പെടെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രങ്ങൾ വിവിധ പ്ലാറ്റ്ഫോമുകളിൽ സ്ട്രീം ചെയ്തുതുടങ്ങി.
പ്രിൻസ് ആൻഡ് ഫാമിലി-സീ5
ദിലീപ് കേന്ദ്രകഥാപാത്രമായ പ്രിൻസ് ആൻഡ് ഫാമിലി മേയ് ഒമ്പതിനാണ് തിയേറ്ററുകളിൽ എത്തിയത്. ധ്യാൻ ശ്രീനിവാസൻ, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി എന്നിവരും ചിത്രത്തിലുണ്ട്. നവാഗതനായ ബിന്റോ സ്റ്റീഫൻ ചിത്രത്തിന്റെ സംവിധായകൻ. ‘പ്രിൻസ് ആൻഡ് ഫാമിലി’ ജൂൺ 20 മുതൽ സീ5ൽ സ്ട്രീമിങ് തുടങ്ങി.
ശ്രീനാഥ് ഭാസിയുടെ ആസാദി-മനോരമ മാക്സ്
ശ്രീനാഥ് ഭാസി നായകനായ ആസാദി ജോ ജോർജിന്റെ ആദ്യ സംവിധാന സംരംഭമാണ്. മേയ് 23ന് റിലീസ് ചെയ്തു. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജയാണ് നിർമാണം. വാണി വിശ്വനാഥ്, വിജയ്കുമാർ, രവീണ രവി, ലാൽ, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ജൂൺ 27 ന് മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിക്കും.
ആപ് കൈസേ ഹോ- സൺ നെക്സ്റ്റ്
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി, പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചിത്രമാണ് ആപ് കൈസേ ഹോ. നവാഗതനായ വിനയ് ജോസ് സംവിധാനം നിർവഹിച്ചു. ഫെബ്രുവരി 28ന് തിയറ്ററിലെത്തിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയതും ധ്യാൻ തന്നെയാണ്. ഏറെ നാൾക്കു ശേഷം ശ്രീനിവാസൻ മലയാള സിനിമയിലേക്ക് തിരിച്ചുവന്നത് ഈ സിനിമയിലൂടെയാണ്. അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദർശൻ, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജൂൺ 20ന് സൺ നെക്സ്റ്റിൽ സ്ട്രീമിങ് ആരംഭിച്ചു.
സ്താനാർത്തി ശ്രീക്കുട്ടൻ-സൈന പ്ലേ
നാട്ടിൻപുറത്തെ സ്കൂളിന്റെ പശ്ചാത്തലത്തിൽ ഒരു കുട്ടിയുടെ നിഷ്കളങ്കസ്വപ്നങ്ങളുടെ കഥ പറഞ്ഞ സ്താനാർത്തി ശ്രീക്കുട്ടൻ ഒ.ടി,ടിയിലെത്തി. സൈന പ്ലേയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്തുതുടങ്ങിയത്. റിലീസ് ചെയ്ത് ആറുമാസത്തിനുശേഷമാണ് ഈ സിനിമ ഒ.ടി.ടിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.
നവാഗതനായ വിനീഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിൽ അജുവർഗീസ്,സൈജുകുറുപ്പ്,ജോണി ആന്റണി, ആനന്ദ് മന്മഥൻ,ബാലതാരം ശ്രീരംഗ് ഷൈൻ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെ.ആർ.നാരായണൻ യു.പി.സ്കൂളിലെ വിദ്യാർഥിയായ ശ്രീക്കുട്ടന്റെ ജീവിതമാണ് ചിത്രം പറയുന്നത്.