ചിരിക്കളം തീർത്ത് 'പടക്കളം' ജിയോഹോട്സ്റ്റാറിൽ

'പടക്കളം' പോസ്റ്റർ
'പടക്കളം' പോസ്റ്റർഅറേഞ്ച്ഡ്
Published on

തീയറ്ററുകളിൽ പൊട്ടിച്ചിരി സൃഷ്ടിച്ച ഫാന്റസി ഹ്യൂമർ ചിത്രം 'പടക്കളം' ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങി. മലയാളത്തിലെ ഏറ്റവും വലിയ പണംവാരിച്ചിത്രം 'തുടരും' സ്ട്രീം ചെയ്ത് തുടങ്ങിയതിന് പിന്നാലെയാണ് പുതിയ ചിത്രം പ്രേക്ഷകരിലെത്തിയത്.

ഷറഫുദ്ദീൻ,സുരാജ് വെഞ്ഞാറമ്മൂട്,നിരഞ്ജന അനൂപ് എന്നിവർക്കൊപ്പം 'ഫാലിമി'യിലൂടെ ശ്രദ്ധേയനായ സന്ദീപ് പ്രദീപ്, 'വാഴ'യിലൂടെ ബി​ഗ് സ്ക്രീനിൽ വരവറിയിച്ച ഇൻസ്റ്റതാരം സാഫ് ബോയ്, അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്,പൂജ മോഹൻരാജ് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബുവും വിജയ് സുബ്രമണ്യവും ചേർന്നാണ് നിർമിച്ചത്.

ആയുഷ്കാലം,പപ്പൻ പ്രിയപ്പെട്ട പപ്പൻ, തുടങ്ങിയ സിനിമകളിലെപ്പോലെ പരകായ പ്രവേശമാണ് സിനിമയുടെ കഥാകേന്ദ്രം. എങ്കിലും നർമപശ്ചാത്തലത്തിലാണ് സിനിമ മുഴുവൻ. ഇന്ദ്രജിത്തിന്റെ ശബ്ദസാന്നിധ്യത്തിലൂടെയാണ് തുടക്കം. വിജയന​ഗര സാമ്രാജ്യകാലത്ത് വിനോദത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ട പകിട കളി പിന്നീട് ലോകത്തിന് മുഴുവൻ ഭീഷണിയായി മാറുന്നു. അവിടെനിന്ന് അത് തിരുവിതാംകൂർ രാജാവ് കാർത്തികതിരുനാളിന്റെ അടുക്കലെത്തുന്നതുവരെയുള്ള കഥയാണ് ഇന്ദ്രജിത്ത് വിവരിക്കുന്നത്. പിന്നീട് സിനിമ വർത്തമാനകാലത്തിലേക്ക് മാറുന്നു. കാർത്തികതിരുനാളിന്റെ പേരിലുള്ള എൻജിനീയറിങ് കോളേജിലേക്ക് കഥാപശ്ചാത്തലം മാറുന്നതോടെ അരങ്ങേറുന്ന രസകരമായ സംഭവങ്ങൾ കാണികൾക്ക് പൊട്ടിച്ചിരിയുടെ നിമിഷങ്ങൾ സമ്മാനിക്കുന്നു. കോളേജ് അധ്യാപകരായാണ് ഷറഫു​ദ്ദീനും സുരാജും എത്തുന്നത്.

പ്രേമത്തിലെ ഹിറ്റ് ​ഗാനങ്ങളൊരുക്കിയ രാജേഷ് മുരു​ഗേശനാണ് സം​ഗീതസംവിധാനം. ക്യാമറ അനു മൂത്തേടത്ത്. എഡിറ്റിങ് -നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, കലാസംവിധാനം മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- നിതിൻ മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടർ- ശരത് അനിൽ, ഫൈസൽ ഷാ, പ്രൊഡക്ഷൻ മാനേജർ- സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. മെയ് എട്ടിനാണ് ചിത്രം തീയറ്ററുകളിലെത്തിയത്.

'തുടരും' എന്ന ചിത്രത്തിനൊപ്പം 'പടക്കളം' കൂടിയായതോടെ ജിയോ ഹോട്സ്റ്റാർ മെയ്, ജൂൺ മാസങ്ങളിലായി രണ്ട് പുത്തൻ സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുകയാണ്. മെ​ഗാഹിറ്റ് ചിത്രം 'തുടരും' ജൂൺ 30ന് ആണ് ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് തുടങ്ങിയത്. ജൂൺ 23ന് സ്ട്രീം ചെയ്തു തുടങ്ങാനായിരുന്നു പദ്ധതി. റിലീസ് ചെയ്ത് ഒരുമാസമാകാറായിട്ടും തീയറ്ററുകളിൽ നിറഞ്ഞസദസ്സിൽ പ്രദർശനം തുടരുന്ന ചിത്രം ഒരാഴ്ചകൂടി പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്നായിരുന്നു നിർമാതാക്കളുടെയും തീയറ്ററുടമകളുടെയും അഭ്യർഥന. ഇത് പരി​ഗണിച്ചാണ് സ്ട്രീമിങ് ഒരാഴ്ച നീട്ടിയത്.

Related Stories

No stories found.
Pappappa
pappappa.com