

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ചാറ്റ് ഷോയായ 'കോഫി വിത്ത് കരൺ' അവസാന സീസണിലേക്ക് കടക്കുന്നു. സംവിധായകനും നിർമാതാവുമായ കരൺ ജോഹർ അവതരിപ്പിക്കുന്ന ഷോയുടെ ഒമ്പതാം സീസണിലെ ആദ്യ അതിഥിയായി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനാണ്. പ്രൊമോ വീഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ വിവരം പുറത്തുവിട്ടത്.
വർഷങ്ങൾക്ക് മുമ്പ് ഷോയിൽ വച്ച് കരൺ സൽമാനോട് ചോദിച്ച് ഏറെ മാധ്യമശ്രദ്ധയും ചർച്ചകളും നേടിയ 'താങ്കൾ ഇപ്പോഴും വിർജിൻ ആണോ?' എന്ന ചോദ്യം കരൺ വീണ്ടും ആവർത്തിക്കുന്നുണ്ട്. ചോദ്യം കേട്ടയുടൻ 'കൺട്രോൾ യാർ ബ്രദർ' എന്നായിരുന്നു സൽമാന്റെ തമാശ രൂപേണയുള്ള മറുപടി.
തമാശകളും രസകരമായ ചോദ്യോത്തരങ്ങളും നിറഞ്ഞതാണ് പ്രൊമോ. ഷോയിൽ എത്തിയ ഉടൻ കരണിനോട് സീറ്റിൽ നിന്ന് മാറിനിൽക്കാൻ പറയുന്ന സൽമാൻ, 'ഇത് കോഫി വിത്ത് കരൺ അല്ല, കോഫി വിത്ത് സൽമാൻ ആണ്' എന്ന് പറയുന്നതും കേൾക്കാം. ഇത് ഷോയുടെ അവസാന സീസൺ ആണെന്ന കരണിന്റെ പ്രഖ്യാപനത്തെ സൽമാൻ ട്രോളുന്നുമുണ്ട്. അവസാന സീസൺ എന്ന് പറഞ്ഞ് എല്ലാവരെയും കൊണ്ട് ഷോ ചെയ്യിക്കാൻ നോക്കുകയാണോ എന്ന ചോദ്യത്തിന്, ഇതൊരിക്കലും തിരികെ വരാത്ത അവസാന സീസൺ തന്നെയാണെന്ന് കരൺ വ്യക്തമാക്കുന്നു.
ഓൺലൈൻ ട്രോളിങ്, പപ്പരാസി സംസ്കാരം എന്നിവയെക്കുറിച്ചും ഇരുവരും സംസാരിക്കുന്നുണ്ട്. ക്യാമറ ഫോൺ കണ്ടുപിടിച്ചയാളെ മുന്നിൽ കിട്ടിയാൽ വെറുതെ വിടില്ലെന്നാണ് പപ്പരാസികളെക്കുറിച്ചുള്ള സംഭാഷണത്തിനിടെ സൽമാൻ പറഞ്ഞത്. സൽമാൻ ഖാനും കരൺ ജോഹറും തമ്മിലുള്ള ആത്മബന്ധവും തമാശകളും നിറഞ്ഞ എപ്പിസോഡ് കാണാനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
2004ലാണ് ‘കോഫി വിത്ത് കരൺ’ ആരംഭിച്ചത്. അവസാന സീസൺ ഒക്ടോബർ 14 ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.