

നടന്‍ രാജേഷ് മാധവന്റെ സംവിധാനത്തിലൊരുങ്ങിയ 'പെണ്ണും പൊറാട്ടും' ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ളിക്സില്‍ ചിത്രം കാണാം. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്. ഫാന്റസിയും സോഷ്യല്‍ സറ്റയറും കോര്‍ത്തിണക്കി ഒരുക്കിയ ചിത്രം പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയിരുന്നു. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ കര്‍ഷകത്തൊഴിലാളികളുടെയും യുവാക്കളുടെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തില്‍, 'സുട്ടു' എന്ന നായയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു നായ നായകകഥാപാത്രമായി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ടൊവിനോ തോമസാണ് ഈ കഥാപാത്രത്തിന് ശബ്ദം പകർന്നിരിക്കുന്നത്.
ഭീഷ്മ പര്‍വം, റാണി പത്മിനി തുടങ്ങിയ ചിത്രങ്ങളുടെ രചനാപങ്കാളിയായിരുന്ന രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തനത് പാലക്കാടൻ ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളുടെ ഒരു വലിയ നിര തന്നെ ഈ ചിത്രത്തിലുണ്ട്.
ഗോവ ഫിലിം ഫെസ്റ്റിവൽ, ഐഎഫ്എഫ്കെ തുടങ്ങിയ രാജ്യത്തെ പ്രമുഖ ചലച്ചിത്ര മേളകളിൽ ഹൗസ് ഫുൾ ആയി പ്രീമിയർ ചെയ്ത ചിത്രത്തിന് സിനിമാ പ്രേമികളിൽ നിന്ന് ലഭിച്ചത് നിറഞ്ഞ കരഘോഷമായിരുന്നു. കോമഡിയിലും ആക്ഷനിലും ഉൾപ്പടെ പുതുമുഖങ്ങളുടെ അത്യുഗ്രൻ പ്രകടനങ്ങൾ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്. കർഷകത്തൊഴിലാളികളും യുവാക്കളും അടങ്ങുന്ന സാധാരണക്കാരായ ഗ്രാമവാസികളാണ് ചിത്രത്തിലെ അഭിനേതാക്കൾ.
'ഡാ തടിയാ', 'മഹേഷിന്റെ പ്രതികാരം', 'മായാനദി', 'ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ', 'ആർക്കറിയാം', 'ന്നാ താൻ കേസ് കൊട്' തുടങ്ങി പതിനഞ്ചോളം ശ്രദ്ധേയമായ ചിത്രങ്ങൾ സമ്മാനിച്ച സന്തോഷ് ടി. കുരുവിളയാണ് ഈ ചിത്രത്തിന്റെയും നിർമ്മാതാവ്. എസ്ടികെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും നിർമ്മാണ പങ്കാളികളാണ്.
അരുൺ സി. തമ്പി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന് സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ്. ഡോൺ വിൻസെന്റ് സംഗീതം പകരുന്നു. വൈശാഖ് സുഗുണന്റേതാണ് വരികൾ. വിനോദ് പട്ടണക്കാടൻ കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവ്വഹിച്ചിരിക്കുന്നു. ശബ്ദലേഖന വിഭാഗത്തിൽ ശ്രീജിത്ത് ശ്രീനിവാസൻ (സിങ്ക് & സൗണ്ട് ഡിസൈൻ), വിപിൻ നായർ (സൗണ്ട് മിക്സിങ്) എന്നിവർ പ്രവർത്തിക്കുന്നു. വൈശാഖ് സനൽകുമാർ, ഡിനോ ഡേവിസ് എന്നിവർ ചേർന്നാണ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. എഗ്ഗ് വൈറ്റ് വി.എഫ്.എക്സും ലിജു പ്രഭാകർ കളറിങ്ങും നിർവ്വഹിക്കുമ്പോൾ ആന്റണി സ്റ്റീഫനാണ് പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്യുന്നത്.