
ഈ ആഴ്ച ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒടിടി റിലീസ് ധനുഷിന്റെ 'കുബേര'യാണ്. മലയാള ചിത്രങ്ങളായ റോ'ന്ത്','സംശയം', 'അസ്ത്രാ' എന്നിവയും സ്ട്രീമിങ് ആരംഭിക്കും. കൂടാതെ ഒരു വെബ് സീരീസും പുതുതായി എത്തി.
റോന്ത്- ജിയോ ഹോട്സ്റ്റാർ
വ്യത്യസ്തമായ ചലച്ചിത്രാനുഭവമാണ് 'റോന്ത്'. അടുത്തിടെ റിലീസ് ചെയ്തതിൽ പ്രേക്ഷകപ്രീതി നേടിയ ചിത്രം. അവതരണത്തിലും പ്രമേയത്തിലുമുള്ള പുതുമ പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തു. 22ന് ജിയോ ഹോട്ട്സ്റ്റാറിൽ 'റോന്ത്' സ്ട്രീമിങ് ആരംഭിക്കും. രണ്ടു പോലീസുകാരുടെ കഥയാണ് സിനിമ പറയുന്നത്. ഒരു വൈകുന്നേരം മുതല്‍ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് ഇതിവൃത്തം. സസ്പെൻസ് നിറഞ്ഞ രംഗങ്ങളിലൂടെ 'റോന്ത്' പ്രേക്ഷകരെ കൊണ്ടുപോകുന്നു.
ദിലീഷ് പോത്തനും റോഷന് മാത്യുവുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. യോഹന്നാൻ എന്ന കഥാപാത്രത്തെയാണ് ദിലീഷ് അവതരിപ്പിക്കുന്നത്. ദിൻനാഥ് എന്ന കഥാപാത്രമായാണ് റോഷൻ മാത്യു എത്തുന്നത്. 'ഇലവീഴാപൂഞ്ചിറ' എന്ന ചിത്രത്തിനുശേഷം ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് റോന്ത്.
ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് നിർമാണം. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, നന്ദനുണ്ണി, ക്രിഷ കുറുപ്പ് എന്നിവരും ശദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്, ബേബി നന്ദൂട്ടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
സംശയം-മനോരമ മാക്സ്
രാജേഷ് രവി രചനയും സംവിധാനവും നിർവഹിച്ച 'സംശയം' ഒടിടിയിൽ എത്തുന്നു. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന് എന്നിവരാണു പ്രധാനകഥാപാത്രങ്ങൾ. ലിജോമോള്‍, പ്രിയംവദ കൃഷ്ണന് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന സംശയത്തിന്റെ സ്ട്രീമിങ് മനോരമ മാക്സിൽ ആണ്. അടുത്തയാഴ്ച മുതൽ പ്രേക്ഷകർക്കു ചിത്രം കാണാം.
1895 സ്റ്റുഡിയോസിന്റെ ബാനറിൽ സുരാജ് പി.എസ്, ഡിക്സൺ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവരാണ് 'സംശയ'ത്തിന്റെ നിർമാതാക്കൾ. ക്യാമറ- മനീഷ് മാധവൻ. എഡിറ്റിങ്- ലിജോ പോൾ.
അസ്ത്രാ-മനോരമ മാക്സ്
മനോരമ മാക്സിലൂടെ 'അസ്ത്രാ'യും ഒടിടിയില്‍ എത്തി. വയനാട്ടില്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തിയശേഷം ചോരകൊണ്ട് അസ്ത്രചിഹ്നം വരച്ച് അവിടെനിന്ന് രക്ഷപ്പെടുന്ന കുറ്റവാളികളെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന ശ്രമങ്ങളാണ് 'അസ്ത്രാ'യില്‍ അനാവരണം ചെയ്യുന്നത്. നിരവധി സാമൂഹ്യവിഷയങ്ങളും ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. പിരിമുറുക്കവും ആക്ഷന്‍ രംഗങ്ങളുമായിരിക്കും സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. സുഹാസിനി കുമാരന്, സെന്തില്‍ കൃഷ്ണ എന്നിവരാണ് മുഖ്യകഥാപാത്രങ്ങള്‍.
കുബേര-ആമസോൺ പ്രൈം
ധനുഷിന്റെയും തെലുങ്ക് സംവിധായകന് ശേഖര്‍ കമ്മുലുടെയും കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'കുബേര' തമിഴ് ബോക്സ്ഓഫീസില്‍ തരംഗമായില്ലെങ്കിലും തെലുങ്കില്‍ വന്‍ വിജയമായിരുന്നു. തിരുപ്പതിയിലെ ഒരു യാചകനായാണ് ധനുഷ് അഭിനയിക്കുന്നത്. നാഗാര്‍ജുനയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രശ്മിക മന്ദാനയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഭാഗ്യരാജും മലയാളിതാരം ഹരീഷ് പേരടിയും ചിത്രത്തില്‍ മികച്ച കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നു.
സട്ടവും നീതിയും-സീ5
സീ5 ഒടിടി പ്ലാറ്റ്ഫോമിലൂടെ 'സട്ടവും നീതിയും' എന്ന വെബ്സീരീസും പ്രേക്ഷകരിലേക്കെത്തി. നവാഗതനായ ബാലാജി സെല്‍വരാജ് സംവിധാനം ചെയ്ത തമിഴ് വെബ് സീരീസില്‍ ശരവണന് പ്രധാനകഥാപാത്രമാകുന്നു. കോടതി വളപ്പില്‍വച്ചു കാണാതായ ഒരു പെണ്‍കുട്ടിയുടെ അച്ഛന് സ്വയം തീകൊളുത്തി ജീവനൊടുക്കിയ കേസ് ഏറ്റെടുക്കാന്‍ തീരുമാനിക്കുന്ന, അത്ര അറിയപ്പെടാത്ത അഭിഭാഷകന് സുന്ദര മൂര്‍ത്തിയെ ചുറ്റിപ്പറ്റിയാണ് പരമ്പര നീങ്ങുന്നത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഇതിൽ സസ്പെന്സിനും ഏറെ പ്രധാന്യമുണ്ട്.