

തിയേറ്ററുകളെ പൂരപ്പറമ്പാക്കിയ വമ്പൻ ചിത്രങ്ങൾ ഇതാ നിങ്ങളുടെ സ്വീകരണമുറികളിലേക്കെത്തുന്നു. സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി-മോഹൻലാൽ കോമ്പോ പേട്രിയറ്റ് ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങൾ ഈയാഴ്ച ഒടിടിയിൽകാണാം
പേട്രിയറ്റ്
സ്ട്രീമിങ് - ജൂൺ 5 മുതൽ
പ്ലാറ്റ്ഫോം- സീ 5
മലയാള സിനിമാലോകം ഏറ്റവും കൂടുതൽ കാത്തിരുന്ന ആ ഓൺസ്ക്രീൻ വിസ്മയം ഒടുവിൽ സംഭവിക്കുന്നു. മഹേഷ് നാരായണന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന 'പേട്രിയറ്റ്' ജൂൺ അഞ്ചിന് സീ5-ൽ സ്ട്രീമിങ് ആരംഭിക്കും. സമൂഹത്തിലെ കള്ളനാണയങ്ങളെയും അഴിമതികളെയും തുറന്നുകാട്ടുന്ന ഡാനിയൽ എന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്.
വിനാശകരമായ രഹസ്യം കണ്ടെത്തുന്നതും ഡാനിയേൽ തുടർന്ന് കള്ളക്കേസുകളിൽ കുടുങ്ങി ജന്മനാട്ടിൽ നിന്ന് ഒളിച്ചോടുന്നതിന്റെയും അതിർത്തികൾക്കപ്പുറത്ത് നിന്ന് നടത്തുന്ന അതിജീവനത്തിന്റെ പോരാട്ടത്തിന്റെയും കഥയാണ് 'പേട്രിയറ്റ്' പറയുന്നത്. അധികാരവും സാങ്കേതികവിദ്യയും അധോലോകവും കൈകോർക്കുന്ന ഉദ്വേഗജനകമായ നിമിഷങ്ങൾ നിറയുന്ന ചിത്രത്തിൽ ഫഹദ് ഫാസിലും ഒരു നിർണായക വേഷത്തിൽ എത്തുന്നുണ്ട്. ഒരു പക്കാ പൊളിറ്റിക്കൽ-ടെക്നോ ത്രില്ലർ തിയറ്ററിൽ കാണാൻ കഴിയാത്തവർക്ക് ഇനി വീട്ടിൽ കാണാം.
കെഡി ദ് ഡെവിൾ
പ്ലാറ്റ്ഫോം: സീ 5
സ്ട്രീമിങ് - ജൂൺ 5 മുതൽ
കന്നഡയിൽ നിന്നൊരു അധോലോക ചോരക്കളിയാണ് 'കെഡി ദ് ഡെവിൾ'. 'കെജിഎഫ്', 'കാന്താര' എന്നീ ചിത്രങ്ങൾക്കു ശേഷം കന്നഡ സിനിമയിൽ നിന്നുള്ള മറ്റൊരു പാൻ-ഇന്ത്യൻ ദൃശ്യവിരുന്ന്. ധ്രുവ് സർജ നായകനാകുന്ന 'കെഡി ദ ഡെവിൾ' ജൂൺ അഞ്ചിന് സീ5-ലൂടെ പ്രേക്ഷകരിലേക്ക് എത്തും.
1970-കളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റോ ആക്ഷൻ പീരിയഡ് ഡ്രാമയാണിത്. കാളി എന്ന നായകൻ അവിചാരിതമായി അധോലോക ക്രിമിനലുകളുടെ മുൻപിൽ ചെന്നുപെടുന്നതും, തുടർന്ന് ബംഗളൂരു നഗരത്തെ വിറപ്പിക്കുന്ന ചോരക്കളികൾക്ക് തുടക്കമിടുന്നതുമാണ് പ്രേം സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഇതിവൃത്തം. ധ്രുവ് സർജയുടെ വമ്പൻ ആക്ഷൻ പ്രകടനത്തിനൊപ്പം കിച്ച സുദീപ്, ബോളിവുഡ് താരം സഞ്ജയ് ദത്ത് എന്നിവരുടെ തകർപ്പൻ സാന്നിധ്യവും ചിത്രത്തിലുണ്ട്. മാസ് പടങ്ങളുടെ ആരാധകർക്ക് ഇതൊരു വിരുന്നായിരിക്കും.
കാർമേനി ശെൽവം
പ്ലാറ്റ്ഫോം: പ്രൈം വീഡിയോ
ജീവിതസ്പർശമുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു തമിഴ് ചിത്രം. സമുദ്രക്കനി, ലക്ഷ്മിപ്രിയ ചന്ദ്രമൗലി,ഗൗതം വാസുദേവ് മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാർമേനി ശെൽവം' ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു കഴിഞ്ഞു. റാം ചക്രിയാണ് ചിത്രത്തിന്റെ സംവിധായകൻ.
സമാധാനവും സന്തോഷവും നിറഞ്ഞ സാധാരണക്കാരന്റെ ജീവിതത്തിലേക്ക് അമിതമായി പണം സമ്പാദിക്കണമെന്ന മോഹം കടന്നുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തന്റെ കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാൻ വേണ്ടി അവൻ നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത യാത്രകൾ ഒടുവിൽ എത്തിക്കുന്നത് വലിയ തിരിച്ചറിവുകളിലേക്കാണ്. സുരക്ഷിതമായ ജീവിതത്തിന് വേണ്ടി നമ്മൾ നൽകേണ്ടി വരുന്ന യഥാർഥ വില പണമല്ല, മറിച്ച് മറ്റെന്തോ ആണെന്ന് ഈ ചിത്രം പ്രേക്ഷകരോട് പറയുന്നു.