
ഇന്ത്യന്‍ സിനിമയിലെ നായികാഹിറ്റ് 'ലോക:' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒക്ടോബറിനെ ഒടിടി മഹോത്സവമാക്കും. തിയേറ്ററില്‍ ഇപ്പോഴും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന 'ലോക:'യാണ് ഒടിടിയിലെ ഈ മാസത്തെ പ്രധാന ആകര്‍ഷണം. ജൂനിയര്‍ എന്‍ടിആര്‍-ഋത്വിക് റോഷന്‍ കോമ്പോയുടെ വാര്‍ 2-വും ഒടിടിയിലെത്തുന്നു. പ്രേക്ഷകപ്രീതി നേടിയ, മഹാഭാരതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ആനിമേഷന്‍ ചിത്രം 'കുരുഷേത്ര'യും സ്ട്രീമിങ്ങിന് ഒരുങ്ങുന്നു.
ദ് ഗെയിം- നെറ്റ്ഫ്‌ളിക്‌സ്
സൈബര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങിയ 'ദ് ഗെയിം-യു നെവർ പ്ലേ എലോൺ' പുതുമയുള്ള സൈക്കോളജക്കല്‍ ത്രില്ലറാണ്. ഈ വെബ്സീരീസ് സ്ട്രീമിങ് തുടങ്ങി. ശ്രദ്ധ ശ്രീനാഥ് ആണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് പ്രതാപ്, ചാന്ദ്‌നി എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ഒരു വനിതാ ഗെയിം ഡവലപ്പറുടെ ജീവിതത്തില്‍ ആകസ്മികമായുണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ ഉള്ളടക്കം. തനിക്കെതിരായുണ്ടാകുന്ന സംഘടിതമായ സൈബര്‍ ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ അന്വേഷണം ആരംഭിക്കുന്ന ഇവരുടെ യാത്ര സസ്‌പെന്‍സ് നിറഞ്ഞ രംഗങ്ങളിലൂടെ കടന്നുപോകുന്നു.
ലോക ചാപ്റ്റര്‍ 1: ചന്ദ്ര- നെറ്റ്ഫ്‌ളിക്സ്
ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് സര്‍പ്രൈസുകളില്‍ ഒന്നാണ് 'ലോക: ചാപ്റ്റര്‍ 1: ചന്ദ്ര'.ഒക്ടോബര്‍ 23 ന് ആണ് ലോകമെങ്ങുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്ന ഒടിടി സ്ട്രീമിങ് തുടങ്ങുക. സ്ട്രീമിങ് കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. നസ്ലിനും ചിത്രത്തില്‍ പ്രധാനകഥാപാത്രമാണ്. യങ് സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് നിര്‍മാണം. ഡൊമിനിക് അരുണ്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചു. 'ലോക'യുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസും ദുല്‍ഖറും ഉള്‍പ്പെടുന്ന ടീസറും പുറത്തുവിട്ടിരുന്നു. രണ്ടാംഭാഗത്തില്‍ ടൊവിനോ ആണ് നായകന്‍.
മദ്രാസി- ആമസോണ്‍ പ്രൈം
ശിവകാര്‍ത്തികേയന്‍ നായകനായ 'മദ്രാസി' സെപ്റ്റംബറില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രമാണ്. ചിത്രം ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. തമിഴ്‌നാട്ടില്‍ ഹിറ്റ് ആയിരുന്നെങ്കിലും ഹിന്ദി പതിപ്പ് ശ്രദ്ധിക്കപ്പെടാതെ പോയി. ആയുധക്കടത്തിന്റെ ലോകത്ത് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
വാര്‍- 2 നെറ്റ്ഫ്‌ളിക്സ്
ഹൃത്വിക് റോഷന്‍-എന്‍ടിആര്‍ ജൂനിയര്‍ എന്നിവര്‍ അഭിനയിച്ച വാര്‍ 2-വും ഒക്ടോബർ ഒമ്പതിന് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കുന്നു. അനില്‍ കപുര്‍, കിയാറ അഡ്വാനി, അശുതോഷ് ഘോഷ് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീധര്‍ രാഘവന്റെ തിരക്കഥയില്‍ അയാന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്തത്. ആദിത്യ ചോപ്രയാണ് കഥയും നിര്‍മാണവും.
കുരുക്ഷേത്ര-നെറ്റ്ഫ്‌ളിക്സ്
മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള ആനിമേഷന്‍ സീരീസാണ് കുരുക്ഷേത്ര. ഒക്ടോബർ 10ന് സ്ട്രീമിങ് തുടങ്ങും. 18 പ്രധാന യോദ്ധാക്കളുടെ ജീവിതയാഥാര്‍ഥ്യങ്ങളാണ് പരമ്പര പറയുന്നത്. അവരുടെ ആന്തരിക പ്രതിസന്ധികളിലൂടെയും വ്യക്തിപരമായ വൈരാഗ്യങ്ങളിലൂടെയും വിനാശകരമായ അനുഭവങ്ങളിലൂടെയും പ്രേക്ഷകരെ ചിത്രം കൂട്ടിക്കൊണ്ടുപോകുന്നു.
പരം സുന്ദരി-ആമസോണ്‍ പ്രൈം
ജാന്‍വി കപുറും സിദ്ധാര്‍ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളില്‍ എത്തുന്ന റൊമാന്റിക് എന്റര്‍ടെയ്നറാണ് പരം സുന്ദരി. ഒക്ടോബർ 24 മുതൽ കാണാം. ഒടിടിയിലെ ആക്ഷന്‍ ചിത്രങ്ങള്‍ക്കിടയില്‍ ഈ പ്രണയചിത്രം ചലച്ചിത്രാസ്വാദകര്‍ ഏറ്റെടുക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.