
മലയാളികളുടെ പ്രിയതാരം മോഹൻലാൽ അവതാരകനാകുന്ന ബിഗ് ബോസ് മലയാളം സീസൺ 7 ഉൾപ്പെടെ ആരാധകർ കാത്തിരിക്കുന്ന ഷോകളും ചിത്രങ്ങളുമായി ഈവാരം ഒടിടിയിൽ ആഘോഷം.
ബിഗ് ബോസ് മലയാളം സീസൺ 7-ജിയോഹോട്സ്റ്റാർ
ബിഗ് ബോസ് സീസൺ ഏഴിൽ നിരവധി പ്രമുഖർ അണിനിരക്കുന്നു. മത്സരാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസി'ലൂടെ ശ്രദ്ധ നേടിയ നടൻ അപ്പാനി ശരത് ആണ് ഏഴാം ഭാഗത്തിലെ സെലിബ്രിറ്റി മത്സരാർഥികളിലൊരാളെന്നാണ് പുറത്തുവരുന്ന വിവരം. വെളിപാടിന്‍റെ പുസ്തകം, പോക്കിരി സൈമൺ, സച്ചിൻ, തമിഴ് ചിത്രം സണ്ടകോഴി 2 എന്നിവയാണ് അപ്പാനി ശരതിന്‍റെ ശ്രദ്ധേയ ചിത്രങ്ങൾ. 'ഗീത ഗോവിന്ദം' സീരിയൽ ഫെയിം ബിന്നി സെബാസ്റ്റ്യൻ,ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട അനുമോൾ, മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ ജിഷിൻ മോഹൻ, സീരിയൽ താരം ഷാനവാസ് ഷാനു, സോഷ്യൽ മീഡിയയിലെ വൈറൽ താരം രേണു സുധി തുടങ്ങിയവരും സീസൺ 7-ൽ ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
എൻഡമോൾ ഷൈൻ ഇന്ത്യയും ബനിജയും ചേർന്ന് നിർമിക്കുന്ന ഇന്ത്യൻ റിയാലിറ്റി ടെലിവിഷൻ പരമ്പരയായ ബിഗ് ബോസ് മലയാളം പതിപ്പിന്റെ ഏഴാമത്തെ സീസൺ ഏഷ്യാനെറ്റിലും ജിയോഹോട്ട്സ്റ്റാറിലും സംപ്രേഷണം ചെയ്യും. തുടർച്ചയായ ഏഴാം വർഷവും മോഹൻലാൽ സീസൺ അവതാരകനാകും. ഓഗസ്റ്റ് മൂന്നിന് വൈകീട്ട് ഏഴു മുതലാണ് സംപ്രേക്ഷണം.
ട്വിസ്റ്റഡ് മെറ്റൽ സീസൺ 2-സോണി ലിവ്
നർമത്തിനും ആക്ഷനും പ്രാധാന്യം നൽകുന്ന അമേരിക്കൻ ടെലിവിഷൻ സീരീസ് ട്വിസ്റ്റഡ് മെറ്റൽ സീസൺ 2 പ്രേക്ഷകരിലേക്കെത്തുന്നു. റിലീസ് തീയതി ജൂലൈ 31. സോണി ലൈവ് സ്ട്രീം ചെയ്യും. കഴിഞ്ഞ സീസൺ അവസാനിച്ച് ഏഴു മാസങ്ങൾക്കു ശേഷമാണ് പുതിയ ഭാഗം. പുതിയതും പഴയതുമായ താരങ്ങൾ മത്സരിക്കുന്ന ട്വിസ്റ്റഡ് മെറ്റൽ പ്രേക്ഷകരെ സസ്പെൻസും ത്രില്ലറും കോമഡിയും നിറഞ്ഞ ലോകത്തേക്കു കൊണ്ടുപോകും.
തമ്മുഡു-നെറ്റ്ഫ്ളിക്സ്
നിതിൻ, സപ്തമി ഗൗഡ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ആക്ഷൻ-ഡ്രാമ 'തമ്മുഡു' ഓഗസ്റ്റ് ഒന്നിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. തെലുങ്കിനുപുറമേ തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും സ്ട്രീം ചെയ്യും. മലയാളി താരം സ്വാസികയും ചിത്രത്തിലുണ്ട്. ലയ, വർഷ ബൊല്ലമ്മ, ഹരി തേജ, സൗരഭ് സച്ച്ദേവ, ശ്രീകാന്ത് അയ്യങ്കാർ എന്നിവരും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ക്യൂംകി സാസ് ഭി കഭി ബഹു തി 2- ജിയോഹോട്സ്റ്റാർ
മുൻ കേന്ദ്രമന്ത്രിയും അഭിനേത്രിയുമായ സ്മൃതി ഇറാനി കേന്ദ്രകഥാപാത്രമാകുന്ന ക്യൂംകി സാസ് ഭി കഭി ബഹു തി 2 ഒടിടിയിലേക്ക്. ബാലാജി പ്രൊഡക്ഷൻസിന്റെ ബാനറിൽ ശോഭ കപുറും ഏക്ത കപുറും ചേർന്ന് നിർമിച്ച പരമ്പരയുടെ തുടർച്ചയാണ് ക്യൂംകി സാസ് ഭി കഭി ബഹു തി 2. ഷോയുടെ പ്രീമിയർ 29ന് സ്റ്റാർ പ്ലസ്, ജിയോ ഹോട്ട്സ്റ്റാർ എന്നിവയിൽ. തുളസി വിരാനിയായുള്ള സ്മൃതിയുടെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് ആരാധകർ.
ഹൗസ്ഫുൾ 5-പ്രൈം വീഡിയോ
ബോളിവുഡിലെ വമ്പൻ താരങ്ങൾ വെള്ളിത്തിരയിൽ നിറഞ്ഞാടിയ ഹൗസ്ഫുൾ 5 ഒടിടിയിൽ എത്തുന്നു. അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ജാക്വിലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി, ദിനോ മോരിയ, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാന പടേക്കർ, ജോണി ലിവർ തുടങ്ങിയ വൻതാരങ്ങളാണ് ചിത്രത്തിലുള്ളത്. ജൂൺ ആറിനായിരുന്നു ചിത്രം തിയറ്ററുകളിലെത്തിയത്. ഒരു മാസം പിന്നിട്ടപ്പോൾ ചിത്രം ഒടിടിയിലും എത്തുകയാണ്. ഓഗസ്റ്റ് ഒന്നു മുതൽ പ്രൈം വീഡിയോയിൽ ചിത്രം കാണാം. ഹൗസ്ഫുൾ 5- കോമഡി ത്രില്ലർ ചിത്രമാണ്. തരുൺ മൻസുഖാനി സഹ-രചനയും സംവിധാനവും നിർവഹിക്കുന്നു. നദിയാദ് വാല ഗ്രാൻഡ്സൺ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സാജിദ് നദിയാദ് വാല, വാർദ നദിയാദ് വാല, ഫിറൂസി ഖാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.