

നെറ്റ്ഫ്ലിക്സിന്റെ ജനപ്രിയ ആന്തോളജിയായ 'ലസ്റ്റ് സ്റ്റോറീസ്' മൂന്നാം ഭാഗം റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 18-ന് സ്ട്രീമിങ് ആരംഭിക്കും. പ്രമുഖ സംവിധായകരായ വിക്രമാദിത്യ മോട്വാനെ, കിരൺ റാവു, ശകുൻ ബത്ര, വിശാൽ ഭരദ്വാജ് എന്നിവർ ചേർന്നാണ് പുതിയ എപ്പിസോഡുകൾ ഒരുക്കുന്നത്.
താരസമ്പന്നമായ കാസ്റ്റിങ്ങാണ് ഇത്തവണത്തെ പ്രധാന ആകർഷണം. അലി ഫസൽ, സിദ്ധാർഥ്, രാധിക ആപ്തെ, കൊങ്കണ സെൻ ശർമ, അദിതി റാവു ഹൈദരി, വിജയ് വർമ, രാധിക മദൻ, സന തമ്പി, അഭിഷേക് ബാനർജി, ഗുർഫത്തേ പിർസാദ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആദ്യ ഭാഗത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച രാധിക ആപ്തെയും രണ്ടാം ഭാഗത്തിലുണ്ടായിരുന്ന വിജയ് വർമയും പുതിയ പതിപ്പിലും അണിനിരക്കുന്നുണ്ട്. ആർഎസ്വിപി, ഫ്ലയിങ് യൂണികോൺ എന്റർടൈൻമെന്റ് എന്നിവർ ചേർന്നാണ് നിർമാണം. ആധുനിക കാലഘട്ടത്തിലെ പ്രണയത്തിന്റെയും ബന്ധങ്ങളുടെയും സങ്കീർണതകൾ പ്രമേയമാക്കുന്ന പുതിയ സീസണിനായി വലിയ പ്രതീക്ഷയോടെയാണ് ആസ്വാദകർ കാത്തിരിക്കുന്നത്.
2018-ൽ ഇറങ്ങിയ 'ലസ്റ്റ് സ്റ്റോറീസി'ന്റെ ആദ്യ ഭാഗം കരൺ ജോഹർ, അനുരാഗ് കശ്യപ്, സോയ അക്തർ, ദിബാകർ ബാനർജി എന്നിവരും, 2023-ലെ രണ്ടാം ഭാഗം ആർ. ബൽക്കി, സുജോയ് ഘോഷ്, അമിത് രവീന്ദർനാഥ് ശർമമ്മ, കൊങ്കണ സെൻ ശർമ എന്നിവരുമാണ് സംവിധാനം ചെയ്തത്.