ടി.വി പ്ലസുമായി ജിയോ ഹോട്സ്റ്റാർ;ഇനി മെഗാ സീരീസുകളുടെ കാലം

ജിയോ-ഹോട്സ്റ്റാർ ലയനശേഷമുള്ള ലോ​ഗോ
ജിയോ-ഹോട്സ്റ്റാർ ലയനശേഷമുള്ള ലോ​ഗോഫോട്ടോ-ജിയോ ഹോട്ട്സ്റ്റാർ
Published on

ടെലിവിഷൻ സീരിയലുകളുടെ മാതൃകയിൽ ധാരാളം എപ്പിസോഡുകളിലേക്ക് നീളുന്ന വെബ്സീരീസുകളുമായി ജിയോ ഹോട്സ്റ്റാർ. ടിവി പ്ലസ് എന്ന പ്രത്യേക വിഭാ​ഗത്തിലൂടെയാണ് ഇവ പ്രേക്ഷകരിലെത്തിക്കുക. ഈ വർഷം ഓണക്കാലത്ത് ടി.വി പ്ലസിന് തുടക്കമാകും. നാല്പതുമുതൽ എഴുപതുവരെ എപ്പിസോഡുകളും ഇതിലെ ഓരോ പരമ്പരയ്ക്കുമുണ്ടാകും.

  സീരിയൽരം​ഗത്തുനിന്ന് സിനിമയിലെത്തിയ ഒരു സംവിധായകന്റെ പരമ്പരയാണ് ആദ്യം ടി.വി പ്ലസിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. ഇതിന്റെ ചിത്രീകരണം ചേർത്തലയ്ക്ക് സമീപമുള്ള കായൽത്തീരങ്ങളിൽ തുടങ്ങി. 40-50 എപ്പിസോഡുകൾ ഇതിനുണ്ടാകും. ടെലിവിഷൻ സീരിയലുകളുടെ മാതൃകയിൽ സംപ്രേക്ഷണത്തിനൊപ്പംതന്നെയാകും പുതിയ എപ്പിസോഡുകളുടെ ചിത്രീകരണം പുരോ​ഗമിക്കുക.

 ടെലിവിഷൻ പ്രേക്ഷകരെ പ്ലാറ്റ്ഫോമിലെത്തിക്കുക എന്നതാണ് ടിവി പ്ലസിലൂടെ ജിയോ ഹോട്സ്റ്റാർ ഉദ്ദേശിക്കുന്നത്. സീരിയലുകളുടെ അതേ ചേരുവകളുള്ള കഥകളായിരിക്കും ടി.വി പ്ലസിലേതും. 

 ജിയോ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ടി.വി പ്ലസിനുള്ള ആലോചന ഹോട്സ്റ്റാർ തുടങ്ങിയിരുന്നു. പ്രശസ്തനായ ടെലിവിഷൻ-സിനിമാ സംവിധായകന്റേതായിരുന്നു ആദ്യ പ്രോജക്ട്. ഇതിന്റെ ചിത്രീകരണം തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചു. അതിനുശേഷമാണ് ഇപ്പോഴത്തെ സംവിധായകന്റെ പ്രോജക്ടിന് ആലോചനകളുണ്ടായത്. സിനിമാമേഖലയിൽ നിന്നുള്ള ഒരു പ്രൊഡക്ഷൻകമ്പനിയാണ് നിർമാണം.

 ടി.വി പ്ലസിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ സിനിമാമേഖലയിൽ നിന്നുള്ള ധാരാളം പ്രമുഖർ അതിനുള്ള പ്രോജക്ടുകളുമായി ജിയോ ഹോട്സ്റ്റാറിനെ സമീപിച്ചിട്ടുണ്ട്. വെബ് സീരീസ് പ്രോജക്ടുകൾക്കുപുറമേയാണിത്.

 ഈ വർഷം ജനുവരിയിലാണ് ഹോട്സ്റ്റാറും ജിയോയും ലയിച്ചത്. ജിയോയുടെ വിപുലമായ ടെലികോം ശൃംഖല ഉപയോ​ഗപ്പെടുത്തി കൂടുതൽ വരിക്കാരിലേക്കെത്താനാണ് ലയനത്തിലൂടെ ഹോട്സ്റ്റാർ ലക്ഷ്യമിട്ടത്. വരിക്കാർക്ക് ഹോട്സ്റ്റാറിന്റെ പുതിയ കോൺടന്റുകൾ നല്കി പിടിച്ചുനിർത്തുന്നതിനൊപ്പം പുതിയവരെ കണ്ടെത്തുകയായിരുന്നു ജിയോയുടെ ഉദ്ദേശ്യം. നെറ്റ്ഫ്ലിക്സും പ്രൈമും സോണിലിവും ഡിസ്നി ഹോട്സ്റ്റാറിന് ഇന്ത്യയിൽ കനത്ത വെല്ലുവിളിയുയർത്തുന്നുണ്ടായിരുന്നു. പുതിയ വരിക്കാരെ കിട്ടാനും ഉള്ളവരെ നിലനിർത്താനുമുള്ള കഠിനപ്രയത്നത്തിലായിരുന്നു അവർ. ജിയോക്കൊപ്പം ചേർന്നതോടെ ലക്ഷക്കണക്കിന് പുതിയ വരിക്കാരെ കിട്ടി. സ്വന്തം കോൺടന്റുകൾക്കൊപ്പം ജിയോ സിനിമയും നല്കാം. വരിക്കാർക്ക് ഹോട്സ്റ്റാറിന്റെ സീരീസുകളും സിനിമകളും ഷോകളും അടങ്ങുന്ന വലിയ കോൺടന്റ് ശേഖരം നല്കാനായതോടെ ജിയോയും ലയനംകൊണ്ട് നേട്ടമുണ്ടാക്കി.

Related Stories

No stories found.
Pappappa
pappappa.com