

സജിന്‍ ഗോപുവും നിഖില വിമലും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ടൈം-ലൂപ്പ് കോമഡി ചിത്രം 'ധൂമകേതു' ഡിജിറ്റല്‍ സ്ട്രീമിങ്ങിനൊരുങ്ങുന്നു. തിയേറ്റര്‍ റിലീസിന് ഒരു മാസത്തിനു ശേഷമാണ് നെറ്റ്ഫ്ലിക്‌സിലൂടെ ചിത്രം സ്ട്രീമിങ്ങിനെത്തുന്നത്. ഒക്ടോബര്‍ 23 മുതല്‍ ചിത്രം കാണാം. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും.
സുധി മാഡിസണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് സജിന്‍ ഗോപു അവതരിപ്പിക്കുന്നത്. സ്വന്തം കല്യാണദിവസം രാവിലെ തന്റെ മരണത്തെക്കുറിച്ചുള്ള ദുരന്തസ്വപ്നം കണ്ട് ഉണരുന്ന കുട്ടന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ദിവസം പുരോഗമിക്കുമ്പോള്‍ താന്‍ അനുഭവിക്കുന്നത് യാഥാര്‍ഥ്യമാണോ അതോ ഭാവനയാണോ എന്ന് തിരിച്ചറിയാനാകാതെ വലയുന്ന നായകന്‍, വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ഒരേ ദിവസത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.
സെപ്റ്റംബര്‍ 25-നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഗണപതി, മഞ്ജു പിള്ള, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അങ്കിത് മേനോന്‍ സംഗീതസംവിധാനവും ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും നിര്‍വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം വിവേക് ഹര്‍ഷനാണ്. തിയേറ്ററുകളില്‍ മികച്ച മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടി റിലീസിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.