

ദിലീപിനൊപ്പം മോഹൻലാൽ അതിഥിവേഷത്തിലെത്തിയ 'ഭ ഭ ബ' ഒടിടി റിലീസിന് ഒരുങ്ങുന്നു. ആക്ഷന്‍ കോമഡിയായി എത്തിയ ചിത്രം മലയാള സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിങ്ങുകളില്‍ ഒന്നാണ് സ്വന്തമാക്കിയത്. റിലീസ് ദിനത്തില്‍ ഇന്ത്യയില്‍നിന്നു മാത്രം 6.7 കോടി രൂപ ചിത്രം നേടിയതായാണ് കണക്കുകള്‍. കൂടാതെ, നടന്‍ ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച വിദേശ ഓപ്പണിങ്ങും ഈ ചിത്രത്തിലൂടെയാണ് പിറന്നത്. ചിത്രം ജനുവരി 16 ന് സീ 5-ല്‍ സ്ട്രീമിങ് ആരംഭിക്കും.
നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിനൊപ്പം മോഹന്‍ലാല്‍ പ്രധാന അതിഥിവേഷത്തില്‍ എത്തിയത് ആരാധകര്‍ക്കു വലിയ ആവേശമാണ് നല്‍കിയത്. ഇവർക്ക് പുറമേ വലിയ താരനിരയും ചിത്രത്തിലുണ്ട്. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം റിയാസ് ഖാന്‍, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, ശരണ്യ പൊന്‍വണ്ണന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ ഒരു സാധാരണക്കാരന്‍ തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ 2025 ഡിസംബര്‍ 18-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇതിലെ ചില രംഗങ്ങളുടെ പേരിൽ കടുത്ത വിമർശനം ദിലീപിനെതിരേ ഉയർന്നിരുന്നു. 153 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.