

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇതുവരെ കാണാത്തവർക്കും കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് ചിത്രം വീണ്ടും കാണാനും ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. മലയാളസിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന ബഹുമതി നേടിയ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഒടിടിയിലേക്ക്. നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം സ്വീകരണമുറിയിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രം.
ജിയോ ഹോട്സ്റ്റാറിലാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സ്ട്രീം ചെയ്യുക. ഒക്ടോബർ രണ്ടുമുതൽ കാണാം. സോഷ്യൽമീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ച പ്രത്യേക പോസ്റ്ററിലൂടെയും വീഡിയോയിലൂടെയുമാണ് ജിയോ ഹോട്സ്റ്റാർ 'ബെത്‌ലഹേം' സ്ട്രീമിങ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മലയാളത്തിനൊപ്പം തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം കാണാം.
കല്യാണി പ്രിയദർശൻ നായികയായ 'ലോക:'യുടെ റെക്കോഡ് തകർത്തെറിഞ്ഞതാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായത്. 302.65 കോടിയായിരുന്നു ലോകയുടെ കളക്ഷൻ. ഇത് മറികടന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഇതുവരെ 320കോടി രൂപയിലധികം സ്വന്തമാക്കിയിട്ടുണ്ട്.
ഗിരീഷ് എ.ഡിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലിഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, റോഷന്‍, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, ശ്യാം മോഹന്‍,മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര അണിനിരന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം നിവിൻ-മമിത ജോഡിയുടെ സ്ക്രീൻ കെമിസ്ട്രിയായിരുന്നു.
ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനങ്ങൾ: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി, സ്റ്റിൽസ്: റിൻസൺ എം.ബി.