
എം.ജി. ശ്രീകുമാർ- നാടൻശീലുകളുടെ മാധുര്യം മലയാളികളെ ഇത്രത്തോളം അനുഭവിപ്പിച്ച മറ്റൊരു ഗായകനും നമുക്കില്ല. കറുത്തപെണ്ണേ...,മാരിക്കിളിയേ ചൊല്ലൂ...,കണ്ണീർ പൂവിന്റെ കവിളിൽ തലോടി...,കള്ളിപ്പൂങ്കുയിലേ...,പച്ചക്കറിക്കായത്തട്ടിൽ...,മന്ദാരച്ചെപ്പുണ്ടോ...,ഈറൻ മേഘം..., ദൂരേ കിഴക്കുദിക്കും മാണിക്യച്ചെമ്പഴുക്ക...,നീല വേനലിൽ...,നിലാവേ മായുമോ...,കളിപ്പാട്ടമായി കണ്മണീ...അങ്ങന എത്രയെത്ര ഗാനങ്ങൾ. പിന്നണി ഗാനരംഗത്ത് നാൽപ്പത്തിരണ്ടു വർഷം പിന്നിടുമ്പോൾ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകൾ അദ്ദേഹം പാടി.തുടരും വരെയെത്തിനില്കുന്നു ആ സംഗീതയാത്ര. എം.ജി.ശ്രീകുമാർ സംസാരിക്കുന്നു
മോഹൻലാൽ ചിത്രങ്ങളും ഗാനങ്ങളും
കൂലി (1983) എന്ന ചിത്രത്തിനു വേണ്ടിയാണ് ഞാൻ ആദ്യമായി പാടുന്നത്. പൂച്ചയ്ക്ക് ഒരു മൂക്കുത്തി (1984) യാണ് രണ്ടാമത്തെ ചിത്രം. മോഹൻലാലും ശങ്കറുമായിരുന്നു ആ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. ഞാൻ ആദ്യമായി പാടിയത് ശങ്കറിനു വേണ്ടിയായിരുന്നു. ശങ്കറിനു പിന്നാലെ വന്ന എല്ലാ മുൻ നിര നായകന്മാമാർക്കു വേണ്ടിയും പാടി. അതിൽ ലാലിനു വേണ്ടി പാടിയ പാട്ടുകൾ ശ്രോതാക്കൾ ഏറ്റുപാടി.
മമ്മൂട്ടിക്കു വേണ്ടി കുറച്ചു പാട്ടുകൾ മാത്രമേ പാടിയിട്ടുള്ളൂ. മമ്മൂട്ടിക്കു വേണ്ടി കൂടുതലും ചിത്രങ്ങളിൽ പാടിയത് ദാസേട്ടനാണ്. ദാസേട്ടന്റെ ശബ്ദമാണ് മമ്മൂട്ടി ചിത്രങ്ങൾക്കു കൂടുതൽ ഇണങ്ങുന്നത്. അതു പോലെ ഞാൻ പാടുന്ന പാട്ടുകളിൽ മോഹൻലാൽ അഭിനയിച്ചു പാടുന്നതായിട്ടാണ് എല്ലാവർക്കും തോന്നുന്നത്.
ഇതൊല്ലാമൊരു നിമിത്തമാണ്. ഈ യുഗത്തിൽ ദാസേട്ടനെപ്പോലെ ഒരു ഗായകനെ നമുക്കു കിട്ടുക, മോഹൻലാലിനെ പോലെ ഒരു അനശ്വരനായ നടനെ കിട്ടുക എന്നതൊക്കെ പ്രപഞ്ചത്തിൽ നില നിൽക്കുന്ന മായാത്ത തത്വങ്ങളാണ്. അവരുടെ പിന്നാലെ ഈ പാവം ഞാൻ വന്നതും നേരത്തെ പറഞ്ഞ തത്വത്തിന്റെ ഭാഗമായിട്ടാകാം.
മോഹൻലാലുമായുള്ള സൗഹൃദം
ഞങ്ങൾ രണ്ടുപേരുടെയും ജന്മക്ഷത്രം രേവതിയാണ്. ജനനത്തീയതിയും അടുത്തടുത്താണ്. എന്റേത് മേയ് 24, ലാലിന്റേത് മേയ് 25. ആത്മാർഥ സുഹൃത്തുക്കൾ ആണെങ്കിലും ഞങ്ങൾക്കിടയിൽ കൊച്ചു കൊച്ചു പിണക്കങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിൽ കൂടിയും അതിനൊക്കെ നീർക്കുമിളയുടെ ആയുസ് മാത്രമേയുള്ളൂ. ഞങ്ങൾക്കിടയിലെ സൗഹൃദം തകർക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പക്ഷേ, തകരാത്ത ബന്ധമാണ് ഞാനും ലാലുമായിട്ടുള്ളത്.
ഒരിക്കൽ ഞങ്ങൾ സുഹൃത്തുക്കൾ (പ്രിയദർശൻ, സുരേഷ് കുമാർ, മോഹൻലാൽ, മണിയൻപിള്ള രാജു) എല്ലാവരും കൂടി ഒത്തുകൂടി. നിർത്താതെ എല്ലാവരും സംസാരിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഞാൻ പറഞ്ഞത് എന്തോ ലാലിന് ഇഷ്ടമായില്ല. അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നു പറഞ്ഞ് ലാൽ എഴുന്നേറ്റു പോയി. ഇന്നത്തെപ്പോലെ മെസേജ് അയയ്ക്കാനോ വീഡിയോ കോൾ ചെയ്യാനോ, വാട്സ് ആപ്പോ ഫേസ്ബുക്കോ ഒന്നും അന്നുണ്ടായിരുന്നില്ലല്ലോ, അല്ലെങ്കിൽ കുത്തിയിരുന്നു രാത്രി മുഴുവൻ മെസേജ് അയയ്ക്കാമായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ ലാൽ എന്റെയടുത്തു വന്നു ചോദിച്ചു: 'നിങ്ങളെന്താ മിണ്ടാത്തെ ?' എന്ന്. കേട്ടപാടെ ഞാൻ പറഞ്ഞു: 'എനിക്ക് ഒരു പിണക്കവുമില്ല. എന്നോടു മിണ്ടാതെ എഴുന്നേറ്റു പോയത് ഞാനല്ലല്ലോ അണ്ണനല്ലേ...' (ഞാൻ ലാലിനെ അണ്ണാ എന്നാണ് വിളിക്കുന്നത് ). കുറച്ചുനേരം മൗനിയായിരുന്നിട്ട് അണ്ണൻ ഒന്നു ചിരിച്ചു. അത്രേയുള്ളൂ ലാൽ.
ഉള്ളിൽ നിറയെ സ്നേഹം ഒളിപ്പിച്ചുവയ്ക്കുകയും പുറത്ത് അത്രയ്ക്കു പ്രകടിപ്പിക്കുകയും ചെയ്യാത്ത വ്യക്തിയാണ് എന്റെ ലാൽ. പ്രേക്ഷകർക്ക് ലാൽ സൂപ്പർ സ്റ്റാറും വിസ്മയ തമ്പുരാനും ഒക്കെ ആണ്. എന്നാൽ ഞാനടക്കമുള്ള സുഹൃത്തുക്കൾക്ക് ലാൽ ജീവനാണ്.
സൗഹൃദവലയവും വിജയചിത്രങ്ങളും
പ്രിയനും ലാലും ഞാനുമായുള്ള ഒത്തുചേരലിൽ അനേകം സൂപ്പർ ഹിറ്റുകൾ ജനിച്ചെങ്കിലും ഗീതാഞ്ജലി പോലെയുള്ളത് വിജയമായിരുന്നില്ല. അതോടെ ഞങ്ങൾക്ക് ഏവർക്കും ഒരു കാര്യം പിടികിട്ടി; വെറുതെ തട്ടിക്കൂട്ട് പടമെടുത്തിട്ട് കാര്യമില്ല.
2007 മുതൽ ആണ് സരിഗമ, സ്റ്റാർ സിംഗർ എന്നീ പരിപാടികളുമായി ബന്ധപ്പെട്ട് ചാനലുകളിലേക്കു പോയത്. ഇതിനിടയിൽ ധാരാളം സ്റ്റേജ് പ്രോഗ്രാമുകളും വന്നു. അങ്ങനെ ഞാൻ തിരക്കിലുമായി. അപ്പോഴും ധാരാളം ഓഫറുകൾ എന്നെ തേടിയെത്തി. അപ്പാഴൊക്കെ ഞാൻ ചിന്തിച്ചത്, ഇതുവരെ പാടിയില്ലേ. സിനിമയിൽ 5000ലേറെ പാട്ടുകൾ പാടി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമാഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ലളിതഗാനങ്ങൾ, ആൽബം തുടങ്ങിയവയൊക്കെയായി 25000ലേറെ ഗാനങ്ങൾ പാടി. മാത്രമല്ല, ഇത്രയും വർഷങ്ങൾ പ്രേക്ഷകർ എന്റെ പാട്ടുകൾ അല്ലേ കേട്ടുകൊണ്ടിരുന്നത്. ഇനിയിപ്പോ ഞാൻ പാടിയില്ലെങ്കിലും കുഴപ്പമില്ല. അതുകൊണ്ട് ചാനലിൽ തന്നെ തുടർന്നു. മാത്രമല്ല, ചാനൽ പരിപാടികളിൽ ഇരിക്കുമ്പോൾ അവർക്കെന്നെ എന്നും കാണാമല്ലോ. റിയാലിറ്റി ഷോകളെല്ലാം കഴിഞ്ഞപ്പോൾ വീട്ടിൽ തന്നെ ഇരുന്നു. അപ്പോൾ തോന്നി പാടിയാലോയെന്ന്. അങ്ങനെ കുറച്ചു പാട്ടുകൾ പാടിയെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. ഗാനരംഗത്ത് സജീവമാകണമെങ്കിൽ നല്ല പാട്ടുകൾ ജനിക്കണം.
അന്യഭാഷാ ഗാനങ്ങൾ
ജീവിതത്തിൽ ഒന്നും പ്രതീക്ഷിക്കുന്ന വ്യക്തിയല്ല ഞാൻ. എന്റെ ഒപ്പമുള്ളവരെല്ലാം ചെന്നൈയിലാണ്. അതു കാരണം അവർക്ക് കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ പാടാൻ അവസരം ലഭിച്ചു. എന്നെ സംബന്ധിച്ച് ഞാൻ ജനിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്. അമ്മയും ചേട്ടനുമെല്ലാം ഇവിടെയല്ലേ. അതുകൊണ്ട് ചെന്നൈയിൽ സ്ഥിര താമസം ആക്കാതെ പോയി വന്നുകൊണ്ടിരുന്നു. അതുകൊണ്ട് തന്നെ തമിഴിൽ എനിക്ക് കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. സിനിമാലോകം ആർക്കുവേണ്ടിയും കാത്തിരിക്കില്ല. ദാസേട്ടൻ എങ്കിൽ ദാസേട്ടൻ, ഇല്ലെങ്കിൽ ഞാൻ.
(എംജിയുടെ ഭാര്യ ലേഖയ്ക്കും പറയാനുണ്ട്) എന്നും ശ്രീകുമാറിനൊപ്പം ലേഖ: തീർച്ചയായും അങ്ങനെയല്ലേ വേണ്ടത്. ശ്രീക്കുട്ടന്റെ നിഴലായി ജീവിക്കാനാണ് എനിക്കു താത്പര്യം. വിവാഹത്തിനു മുന്പ് ഞാൻ നൃത്തം പഠിച്ചിട്ടുണ്ടായിരുന്നു. വിവാഹശേഷം അത് പ്രൊഫഷനാക്കാൻ ശ്രീക്കുട്ടൻ ഏറെ നിർബന്ധിച്ചിട്ടും ഞാനാണു സമ്മതിക്കാതിരുന്നത്. ദിവസവും പത്തും പതിനഞ്ചും റെക്കോർഡിങ് കഴിഞ്ഞിട്ടാണ് ശ്രീക്കുട്ടൻ എത്തുന്നത്. ക്ഷീണിച്ചു കേറി വരുന്ന ശ്രീക്കുട്ടന്റെ കാര്യങ്ങൾ നോക്കാതെ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കാൻ എനിക്കാവില്ല. മുകേഷിന്റെയും മറ്റും നായികയായി സിനിമകളിൽ നിന്നു ക്ഷണം വന്നപ്പോഴും സ്നേഹപൂർവം അതൊക്കെയും നിരസിച്ചു. ശ്രീക്കുട്ടനൊപ്പമുള്ള ജീവിതം ഞാനോരോ ദിവസവും ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹ ശേഷം ഞങ്ങൾക്കിടയിൽ വഴക്കോ പിണക്കങ്ങളോ ഇല്ല. കല്യാണം കഴിഞ്ഞ സമയത്ത് ഞങ്ങൾ ഒരു ഇന്റർവ്യൂ കൊടുത്തിരുന്നു. അന്ന് അവർ ചോദിച്ചത് വഴക്കുണ്ടാകുമ്പോൾ ഞങ്ങൾക്കിടയിൽ ആരാ കോംപ്രമൈസ് ചെയ്യുന്നത് എന്നായിരുന്നു. അന്ന് അവർക്ക് നൽകിയ മറുപടിയേ ഞങ്ങൾക്കിന്നും പറയാനുള്ളൂ. വഴക്കുണ്ടെങ്കിൽ അല്ലേ കോംപ്രമൈസിന് സ്ഥാനമുള്ളൂ, ലേഖ നിഴലാണ് ശ്രീകുമാർ: വിവാഹശേഷം ഞാൻ പോകുന്നിടത്തെല്ലാം ലേഖയെയും കൊണ്ടുപോകും. ഇതു കാണുമ്പോൾ എന്റെ സുഹൃത്തുക്കളിൽ പലരും ചോദിച്ചിട്ടുണ്ട്, എന്തിനാണു പോകുന്നിടത്തൊക്കെ ഭാര്യയെ കൊണ്ടുപോകുന്നതെന്ന്. ആദ്യമൊക്കെ അതു കേൾക്കുമ്പോൾ എനിക്കും സങ്കടം തോന്നുമായിരുന്നു. ഒരാൾ ഒരു തവണ ചീത്തവിളിച്ചാൽ വിഷമം ഉണ്ടാകും. അതു പല തവണ ആവർത്തിച്ചാൽ ഒന്നും തോന്നില്ല. മറ്റുള്ളവർ പറയുന്നതു കേട്ട് എനിക്കിവളെ മാറ്റി നിർത്താനാവില്ല. കാരണം ലേഖ എന്റെ ഭാര്യയാണ്. ഇന്നത്തെ കാലത്ത് ഭർത്താവിനൊപ്പം നിഴലായി നടക്കുന്ന ഭാര്യമാർ നന്നേ ചുരുക്കമാണ്. ഇങ്ങനെയൊരു ഭാര്യയെ കിട്ടിയത് എന്റെ ഭാഗ്യമാണ്. മറ്റുള്ളവരുടെ ഇഷ്ടത്തിനു വേണ്ടി എനിക്ക് ആ ഭാഗ്യത്തെ ഒപ്പം കൂട്ടാതിരിക്കാനാവില്ല. ഞാൻ നോക്കിയിട്ട് സംവിധായകർ, നടന്മാർ തുടങ്ങി മിക്കവരും ഏതു പരിപാടിക്കു വന്നാലും കുടുംബ സമേതമാണ് എത്തുന്നത്. അപ്പോൾ പിന്നെ ഞാൻ ഭാര്യയെ ഒപ്പം കൂട്ടുന്നതിൽ എന്താണ് തെറ്റ്. ലേഖ എന്ന വീട്ടമ്മ സത്യം പറയാലോ, എന്റെ ഭാര്യയായതു കൊണ്ട് പറയുകയാണെന്ന് വിചാരിക്കരുത്. നല്ല ഒന്നാന്തരം വീട്ടമ്മയാണ് ലേഖ. റെക്കോർഡിങ്ങും കാര്യങ്ങളുമായി ഞങ്ങൾ തിരുവനന്തപുരത്തും എറണാകുളത്തും മാറി മാറി താമസിക്കും. കൊച്ചിയിലെ ബോൾഗാട്ടിയിലായി കായലരികത്ത് ഞങ്ങൾക്കൊരു വീടുണ്ട്. പുലർച്ചെ വള്ളത്തിൽ പിടയ്ക്കുന്ന മീനുമായി ആളുകൾ വരും. അതു വാങ്ങിയാൽ കറി വയ്ക്കുന്നത് ലേഖയാണ്. ലേഖ ഉണ്ടാക്കുന്ന മീൻ കറിക്ക് ഒരു പ്രത്യേക ടേസ്റ്റാണ്. ലേഖ ഉണ്ടാക്കിത്തരുന്ന ചിക്കൻ ഫ്രൈയുടെ രുചി ലോകത്തെവിടെ ചെന്നാലും കിട്ടില്ല. നൂറു ശതമാനവും ഞങ്ങൾ സന്തുഷ്ടരാണ്.