ചിത്രാപൗർണ്ണമിരാത്രിയിലെ ലജ്ജാവതിയും പ്രണയിക്കാൻ പഠിപ്പിച്ച കവിയും

പഴയ സിനിമാതിയേറ്ററിന്റെ എഐ നിർമിത ചിത്രം
പ്രതീകാത്മക ചിത്രംഎഐ ഉപയോ​ഗിച്ച് നിർമിച്ചത്
Published on
Summary
  • വയലാർ രാമവർമയുടെ അമ്പതാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ പ്രണയ​ഗാനഓർമകൾ

  • കുട്ടിക്കാലത്ത് കേട്ട വയലാർപാട്ടുകളുണർത്തിയ വികാരങ്ങൾ

ഏകാന്തതയെ സ്നേഹത്തോടെ മുറുകെ ചേർത്തുപിടിച്ച ഒരു വയനാടൻ കുട്ടി. വീട്ടിൽ ഒറ്റയ്ക്കായിപ്പോകുന്ന രാവുകളിൽ മൂന്ന് ബാൻഡുള്ള ഫിലിപ്സ് റേഡിയോ ആയിരുന്നു അവന് കൂട്ട്. ചുരം കയറി, കാടും മലയും കാറ്റാടിമരങ്ങളും കാപ്പിത്തോട്ടങ്ങളും കടന്ന് അലയലയായി ഒഴുകിവരുന്ന പാട്ടുകളും.

ആ ഏകാകിതയിലേക്ക് ഒരുനാൾ നിനച്ചിരിക്കാതെ വന്നെത്തുന്നു ഒരു പാട്ട്: 'ചിത്രാപൗർണ്ണമിരാത്രിയിൽ ഇന്നലെ ലജ്ജാവതിയായ് വന്നവളേ, കാലത്തുറങ്ങിയുണർന്നപ്പോൾ നിന്റെ നാണമെല്ലാം എവിടെ പോയ്' എന്ന് പ്രണയപരവശനായി ചോദിക്കുകയാണ് യേശുദാസ്. 'കവർന്നെടുത്തൂ കള്ളനൊരാൾ കവർന്നെടുത്തൂ' എന്ന് ലജ്ജാവിവശതയോടെ എസ് ജാനകി. വയലാറിന്റെ രചന. ആർ. സുദർശനത്തിന്റെ ഈണം. ചിത്രം: കുടുംബം.

Must Read
ജീവിതത്തിൽ നിന്ന് പറന്നുപോയ മുഖങ്ങളെ തിരികെക്കൊണ്ടുവരുന്ന പാട്ട്
പഴയ സിനിമാതിയേറ്ററിന്റെ എഐ നിർമിത ചിത്രം

എൽ.പിയിൽ നിന്ന് യു.പിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടേയുള്ളൂ അന്ന്. പ്രണയമെന്തെന്ന് അറിയാനുള്ള പ്രായമായിട്ടില്ല; അനുഭവിക്കാനും. അടുത്തുള്ള 'രോഷൻ' ടോക്കീസിൽ നിന്ന് അപൂർവമായി മാത്രം കാണാൻ ഭാഗ്യം സിദ്ധിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിൽ പ്രേംനസീർ ഷീലയെ പുണരുമ്പോഴും കൈനീട്ടി കിടക്കമുറിയിലെ വിളക്കണയ്ക്കുമ്പോഴും എന്തോ അരുതായ്ക എന്ന് തോന്നും. വെളിച്ചത്ത് കാണിക്കാൻ പാടില്ലാത്ത എന്തോ ഒരു തോന്ന്യാസം. ഒരിക്കലും നടന്നുകണ്ടിട്ടില്ലാത്ത ചുംബനത്തിനായി അവർ മുഖങ്ങൾ അടുപ്പിക്കുമ്പോൾ അറിയാതെ ലജ്ജ കൊണ്ട് പുളയും അന്നത്തെ ആറാം ക്ലാസുകാരൻ. അടുത്തിരിക്കുന്ന അമ്മയുടെയും അച്ഛന്റെയും വലിയമ്മയുടെയും കണ്ണിൽ പെടാതിരിക്കാൻ തല കുനിച്ച് താഴേക്ക് നോക്കിയിരിക്കും. ചുറ്റിലുമിരിക്കുന്ന മുതിർന്നവർക്ക് ഇതൊക്കെ കണ്ട് എങ്ങനെ ചിരിക്കാനും സീൽക്കാരശബ്ദം പുറപ്പെടുവിക്കാനും സാധിക്കുന്നു എന്നോർത്ത് അന്തംവിടും അവൻ.

എന്നിട്ടും, 'കവർന്നെടുത്തൂ കള്ളനൊരാൾ കവർന്നെടുത്തൂ' എന്ന വയലാറിൻ്റെ വരികൾ ജാനകി പാടിക്കേട്ടപ്പോൾ എവിടെയോ ആരോ ഇക്കിളി കൂട്ടിയപോലെ. നിർവചിക്കാനാവാത്ത ഒരു കോരിത്തരിപ്പ്. പ്രണയം എന്നായിരുന്നോ ആ പാരവശ്യത്തിന്റെ പേര്? അറിയില്ല. ആണും പെണ്ണും തമ്മിലുള്ള അരുതായ്കയിൽ പോലുമുണ്ട് ഒരു സുഖം എന്ന് ആദ്യമായി തിരിച്ചറിഞ്ഞ നിമിഷമാവണം. അല്ലെങ്കിൽ പ്രണയത്തിന്റെ ആദ്യ വർഷബിന്ദു മനസ്സിൽ വന്നുപതിച്ച നിമിഷം.

എസ്.ജാനകി
എസ്.ജാനകിഫോട്ടോ കടപ്പാട്-വിക്കിപ്പീഡിയ

ചോദിച്ചിട്ടുണ്ട് പ്രിയപ്പെട്ട ജാനകിയമ്മയോട്: 'ഉള്ളിൽ അൽപ്പമെങ്കിലും പ്രണയമില്ലാതെ അങ്ങനെ പാടാൻ പറ്റുമോ?' ചിരിയായിരുന്നു അമ്മയുടെ മറുപടി. നേർത്തൊരു ലജ്ജ കലർന്ന ചിരി. എന്നിട്ട് പറഞ്ഞു: 'പാട്ടിന് വേണ്ട വികാരങ്ങളും ഭാവങ്ങളും എന്തെന്ന് നമ്മെ പറഞ്ഞും പാടിയും മനസ്സിലാക്കിത്തരേണ്ടത് സംഗീത സംവിധായകന്റെ കടമ. അത് ഉൾക്കൊള്ളേണ്ടത് നമ്മുടേതും. ഇതൊരു ജോലി കൂടിയല്ലേ? എങ്കിലും ചിലപ്പോഴെങ്കിലും പാടിത്തുടങ്ങിയാൽ നമ്മൾ നമ്മളെ തന്നെ മറന്നുപോകും. വരികളിൽ ലയിച്ചു പോകുന്നതുകൊണ്ടാവാം. അല്ലെങ്കിൽ സംഗീത സംവിധായകൻ അത് പാടിത്തരുന്നതിന്റെ പ്രത്യേകതയാകാം. സുദർശനം പാടിത്തരുന്നതിന്റെ അൻപതു ശതമാനമെങ്കിലും പാട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ നമ്മൾ ജയിച്ചു. ഇവിടെ അതായിരിക്കും സംഭവിച്ചിരിക്കുക..'- വിനയം നിറഞ്ഞുതുളുമ്പുന്ന വാക്കുകൾ.

യേശുദാസിലെ നവവരൻ ലോലലോലമായ ശബ്ദത്തിൽ 'കിടക്കമുറിയിലെ മുത്തുവിളക്കുകൾ കാറ്റു വന്നു കെടുത്തുമ്പോൾ, മൂകവികാരങ്ങൾ വാരിച്ചൂടിയ മൂടുപടത്തുകിൽ എവിടെപ്പോയ്' എന്ന് പ്രണയപരവശനാകുമ്പോൾ അന്നത്തെ ഏതു കേരളീയ പെൺകുട്ടിയുടെ മനസ്സാണ് ചഞ്ചലപ്പെട്ടിട്ടുണ്ടാകാതിരിക്കുക? തലേന്നത്തെ മധുവിധു രാവിന്റെ ലഹരി ഓർത്തെടുക്കുകയാണ് വധൂവരന്മാർ. അപ്പോൾ ചോദ്യങ്ങളിൽ അല്പം 'സെക്സ്' കലരുന്നത് സ്വാഭാവികം; ഉത്തരങ്ങളിലും.

കവിയും ​ഗാനരചയിതാവുമായ വയലാർ രാമവർമ
വയലാർ രാമവർമപപ്പപ്പ

മേലാസകലം കിങ്ങിണി കെട്ടിയ മാലതീലത പോലെ മാറിൽ പടർന്നു കിടന്നപ്പോൾ പൂത്ത മോഹങ്ങളെല്ലാം എവിടെപ്പോയി എന്ന് ചോദ്യത്തിന് പക്ഷേ, തികച്ചും സഭ്യമായാണ് നവവധുവിന്റെ മറുപടി: 'പകർന്നെടുത്തൂ ദേവനൊരാൾ പകർന്നെടുത്തൂ..' വിടർന്ന കരളിലെ മുന്തിരിയിതളിലെ വീഞ്ഞു പകർന്നു കുടിക്കുമ്പോൾ മധുവിധുരാത്രികൾ പുല്കിവിടർത്തിയ മധുര സ്വപ്നങ്ങൾ എവിടെ പോയതാവാം? മാരനൊരാൾ പകുത്തെടുക്കുകയായിരുന്നു അവയെല്ലാം എന്ന് വധു. ഇന്നത്തെപ്പോലെ തുറന്നുപറച്ചിലിന്റെ കാലം എത്തിയിരുന്നില്ലല്ലോ സമൂഹത്തിൽ.

മലയാളിയല്ല ആർ സുദർശനം. പ്രവർത്തിച്ചതേറെയും തമിഴ് സിനിമയിലാണ്. എവിഎം സ്റ്റുഡിയോയിലെ മാസശമ്പളക്കാരനായ സംഗീത സംവിധായകൻ. 'നാനും ഒരു പെണ്ണി'ലെ 'കണ്ണാ കരുമൈനിറക്കണ്ണാ' ഒക്കെ എങ്ങനെ മറക്കാൻ? തമിഴിലെ ബാബുരാജായിരുന്നു സുദർശനം എന്ന് തോന്നും ചിലപ്പോൾ. മെലഡിയുടെ മുഗ്‌ധലാവണ്യം തുളുമ്പിനിൽക്കുന്നവയാണ് മിക്ക പാട്ടുകളും. മലയാളത്തിൽ പാട്ടുണ്ടാക്കിയ മറുഭാഷാ സംഗീത സംവിധായകരുടെ സൃഷ്ടികൾ പലതിലും ഒരു 'മലയാളിത്തക്കുറവ്‌' തോന്നാറുണ്ട്. പാട്ടുകൾ ഹൃദ്യവും ജനപ്രിയവുമാകാം. ആധുനിക വാദ്യവിന്യാസത്തിന്റെ പിന്തുണയുണ്ടാകാം. മറ്റ് ആർഭാടങ്ങൾ എല്ലാമുണ്ടാകാം. പക്ഷേ അതൊരു മലയാളി ചെയ്തതല്ല എന്ന് തിരിച്ചറിയാൻ ഒരൊറ്റ കേൾവി ധാരാളം.

സം​ഗീതസംവിധായകൻ ആർ.സുദർശനം
സം​ഗീതസംവിധായകൻ ആർ.സുദർശനംഫോട്ടോ-അറേഞ്ച്ഡ്

പക്ഷേ സുദർശനത്തിന്റെ ഈണങ്ങളിൽ എന്നും പൂത്തുലഞ്ഞത് ഒരു മലയാളി കാമുകന്റെയോ, കാമുകിയുടെയോ സൂക്ഷ്മലോലമായ ഹൃദയവികാരങ്ങൾ. ചിലപ്പോൾ എന്റെ മാത്രം തോന്നലാകാം. കുഴപ്പമില്ല. സുദർശനത്തെ മെലഡിയുടെ രാജകുമാരനാക്കി ഉള്ളിൽ കൊണ്ടുനടക്കാൻ എനിക്ക് ആ തോന്നൽ ധാരാളം. വയലാറിൻ്റെ തന്നെ 'ഇന്ദുലേഖേ ഇന്ദുലേഖേ ഇന്ദ്രസദസ്സിലെ നൃത്തലോലേ' എന്ന ഒരൊറ്റ ഗാനം പോരേ ആ ഐന്ദ്രജാലിക പ്രതിഭയെ നമിക്കാൻ? മലയാളത്തിൽ രണ്ടു രണ്ടര പടമേ ചെയ്തിട്ടുള്ളൂ ഈ മനുഷ്യൻ. നഷ്ടം നമുക്ക് തന്നെ.

കുട്ടിക്കാലത്ത് നമ്മെ വല്ലാതെ സ്പർശിക്കുകയും മോഹിപ്പിക്കുകയും ചെയ്ത പാട്ടുകൾ മുതിർന്ന ശേഷം കേൾക്കുമ്പോൾ നിരാശപ്പെട്ടുപോയ അനുഭവങ്ങളുണ്ട്. അയ്യേ ഇതാണോ ഞാൻ ആവർത്തിച്ചുകേട്ട് രോമാഞ്ചമണിഞ്ഞിരുന്ന പാട്ട് എന്ന് സ്വയം ചോദിച്ചുപോകും ചിലപ്പോൾ. പക്ഷെ 'ചിത്രാപൗർണ്ണമി' ഈ പ്രായത്തിൽ കേൾക്കുമ്പോഴും ആദ്യ കേൾവിയിലെ അതേ അനുഭൂതി. അതേ കോരിത്തരിപ്പ്.

ഒരിക്കലും പ്രണയിച്ചു തീരരുതേ എന്ന് വീണ്ടും വീണ്ടും കാതിൽ മന്ത്രിച്ചുകൊണ്ടിരിക്കുന്നു ആ പാട്ട്.

(രവിമേനോൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്)

Related Stories

No stories found.
Pappappa
pappappa.com