'പ്രതീക്ഷിച്ചിരുന്നു,എങ്കിലും മധുരമുള്ള സര്‍പ്രൈസ്...' അങ്ങ് വാനക്കോണില് വിജയലക്ഷ്മി

വൈക്കം വിജയലക്ഷ്മി
വൈക്കം വിജയലക്ഷ്മിഫോട്ടോ-അറേഞ്ച്ഡ്
Published on

മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയെത്തേടി ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഏറ്റവും വലിയ ആദരവായ ദേശീയ പുരസ്‌കാരമെത്തിയിരിക്കുന്നു. 72-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍, ബ്ലോക്ക്ബസ്റ്റര്‍ അജയന്റെ രണ്ടാം മോഷണം('എആര്‍എം') എന്ന ചിത്രത്തിലെ 'അങ്ങ് വാന കോണില്...' എന്ന് തുടങ്ങുന്ന ഹൃദയസ്പര്‍ശിയായ ഗാനത്തിലൂടെയാണ് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് വിജയലക്ഷ്മി സ്വന്തമാക്കിയത്.

Must Read
ആരാധകരുടെ സ്നേഹത്തെ പദ്മഭൂഷണിനെക്കാൾ വലുതായി കണ്ട ​ഗായിക
വൈക്കം വിജയലക്ഷ്മി

അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് വിജയലക്ഷ്മി പറഞ്ഞതിങ്ങനെ: 'അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നു എന്നത് സത്യമാണ്, എങ്കിലും പ്രഖ്യാപനം വന്നപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഇതൊരു വലിയ സര്‍പ്രൈസ് തന്നെയായിരുന്നു..!'

അവാര്‍ഡ് വാര്‍ത്ത പുറത്തുവന്ന നിമിഷം മുതല്‍ ഫോണ്‍ താഴെ വെയ്ക്കാന്‍ സമയമില്ലാത്തവിധം അഭിനന്ദന പ്രവാഹമാണെന്നും, ഈ വലിയ അംഗീകാരത്തിന് ദൈവത്തോടും തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരോടും സിനിമയുടെ അണിയറപ്രവര്‍ത്തകരോടും നന്ദി പറയുന്നതായും മലയാളത്തിന്റെ പ്രിയ ​ഗായിക കൂട്ടിച്ചേര്‍ത്തു.

വൈക്കം വിജയലക്ഷ്മി സം​ഗീതവേദിയിൽ
വൈക്കം വിജയലക്ഷ്മി സം​ഗീതവേദിയിൽഫോട്ടോകടപ്പാട്-വിക്കിപ്പീഡിയ

ടൊവിനോ തോമസിനെ നായകനാക്കി ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത 'എആര്‍എം' തിയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തില്‍ ഡിബു നൈനാന്‍ തോമസ് ഈണം പകര്‍ന്ന്, വിജയലക്ഷ്മി തന്റെ തനതായ ശബ്ദത്തിൽ ആലപിച്ച 'അങ്ങ് വാന കോണില്...' എന്ന താരാട്ടുപാട്ട് റിലീസ് ചെയ്ത സമയം മുതല്‍ക്കേ സോഷ്യല്‍ മീഡിയയിലും ചാര്‍ട്ടുകളിലും തരംഗമായിരുന്നു. ഗാനത്തിലെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാതെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ വിജയലക്ഷ്മിയുടെ ആലാപനത്തിന് കഴിഞ്ഞിരുന്നു.

വൈക്കം വിജയലക്ഷ്മി
വൈക്കം വിജയലക്ഷ്മിഫോട്ടോ-അറേഞ്ച്ഡ്

നേരത്തെ സംസ്ഥാന പുരസ്‌കാരങ്ങളും പ്രത്യേക ജൂറി പരാമര്‍ശങ്ങളും നേടിയിട്ടുള്ള വിജയലക്ഷ്മിയുടെ സംഗീതജീവിതത്തിലെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണിത്. തന്റെ സംഗീത സപര്യയിലെ ഏറ്റവും വലിയ നാഴികക്കല്ലായി ഈ പുരസ്‌കാരത്തെ കാണുന്നതായും, വരും ദിവസങ്ങളില്‍ കൂടുതല്‍ നല്ല ഗാനങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താന്‍ ഈ അംഗീകാരം വലിയ ഊര്‍ജം നല്‍കുമെന്നും വിജയലക്ഷ്മി പറഞ്ഞു.

Pappappa
pappappa.com