

ഇന്ത്യന്‍ ചലച്ചിത്ര സംഗീതലോകത്തെ നിത്യവിസ്മയം എസ്.പി.ബാലസുബ്രഹ്‌മണ്യം എന്ന എസ്പിബിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് സംഗീതലോകവും ആരാധകരും. ജൂണ്‍ നാലിന് അദ്ദേഹത്തിന്റെ എണ്‍പതാം ജന്മദിനമായിരുന്നു. ജീവനോടെയുണ്ടായിരുന്നെങ്കില്‍ എണ്‍പതിന്റെ നിറവില്‍ നില്‍ക്കുമായിരുന്ന പ്രിയ ഗായകനെ തമിഴ് ചലച്ചിത്ര ലോകത്തെ പ്രമുഖരും ലക്ഷക്കണക്കിന് ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ സ്മരിച്ചു. കൂട്ടത്തില്‍, എസ്പിബിയുമായി ദശാബ്ദങ്ങളുടെ ആത്മബന്ധമുള്ള വാനമ്പാടി കെ.എസ്. ചിത്ര പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
എസ്പിബിക്കൊപ്പമുള്ള മനോഹരചിത്രം എക്‌സില്‍ പങ്കുവെച്ചുകൊണ്ട് ചിത്ര കുറിച്ചു: 'ദൈവം അത്രമേല്‍ അദ്ഭുതകരമായാണ് നിങ്ങളെ സൃഷ്ടിച്ചത്... അവിടുത്തെ സ്‌നേഹത്താല്‍ സമൃദ്ധമായി അനുഗ്രഹിച്ചു... ജന്മദിനാശംസകള്‍ ബാലു സര്‍... ആദരവോടെ, സ്‌നേഹത്തോടെ...'
എസ്പിബി എന്ന ഇതിഹാസത്തോടൊപ്പം വേദി പങ്കിടാനും പാടാനും കഴിഞ്ഞത് എപ്പോഴും ഒരു വലിയ ഭാഗ്യമായാണ് ചിത്ര കരുതുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പും അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ചിത്ര കുറിച്ച വാക്കുകള്‍ സംഗീതലോകത്തെ അവരുടെ ആത്മബന്ധത്തിന്റെ തെളിവായിരുന്നു: 'അങ്ങയുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള ആലപനം എല്ലാവരിലും വിശ്വസിക്കാനാകാത്ത സന്തോഷവും ആശ്വാസവുമാണ് നിറയ്ക്കുന്നത്. അങ്ങയോടൊപ്പം പാടാന്‍ കഴിയുന്നത് സന്തോഷകരമായ കാര്യമാണ്... എനിക്കുള്ള അംഗീകാരവുമാണ്...'
തെന്നിന്ത്യന്‍ സിനിമയിലെ ജനപ്രിയമായ ഒരുപാടു ഗാനങ്ങള്‍ ഈ കൂട്ടുകെട്ടില്‍ നിന്നാണ് പിറന്നത്. 'ഡ്യുവറ്റ്' (1994) എന്ന ചിത്രത്തിലെ 'അഞ്ജലി അഞ്ജലി പുഷ്പാഞ്ജലി', 'ഗോപുര വാസലിലേ' (1991) എന്ന ചിത്രത്തിലെ 'കാതല്‍ കവിതൈകള്‍', 'രാമന്‍ അബ്ദുള്ള' (1997) എന്ന ചിത്രത്തിലെ 'മുത്തമിഴേ മുത്തമിഴേ', 'പുന്നഗൈ മന്നന്‍' (1986) എന്ന ചിത്രത്തിലെ 'സിംഗളത്തു ചിന്നക്കുയിലേ' തുടങ്ങി ഇന്നും ആസ്വാദകരുടെ ചുണ്ടുകളിലുള്ള എത്രയോ ഹിറ്റുകള്‍ ഇരുവരും ചേര്‍ന്ന് സമ്മാനിച്ചു.
ചിത്രയുടെ സംഗീതത്തോടും വ്യക്തിത്വത്തോടും എസ്പിബിക്കും വലിയ ബഹുമാനമായിരുന്നു. ഇരുവരും ഒന്നിച്ചുള്ള സ്റ്റേജ് ഷോകളില്‍ ആരാധകരെ രസിപ്പിക്കുന്ന ഒട്ടനവധി ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കാണാറുള്ള ചിത്രയെ വേദിയില്‍വെച്ച് അദ്ദേഹം ഒരിക്കല്‍ തമാശയായി ഇങ്ങനെ പറഞ്ഞു: 'ഞങ്ങള്‍ ഒരുമിച്ച് നൂറോളം പാട്ടുകള്‍ പാടിയിട്ടുണ്ട്. പക്ഷേ, പാടുന്നതിനിടയില്‍ ചിരിക്കാന്‍ പറഞ്ഞാല്‍ ചിത്രയ്ക്ക് വലിയ ബുദ്ധിമുട്ടാണ്. അവള്‍ പലപ്പോഴും എന്നോട് പറയുമായിരുന്നു, സാര്‍, എന്നോട് എന്തും ചെയ്യാന്‍ പറഞ്ഞോളൂ, പക്ഷേ പാട്ടിനിടയില്‍ ചിരിക്കാന്‍ മാത്രം പറയരുത്.'