
മെരിലാന്റ് സിനിമാസിന്‍റെ ബാനറിൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'കരം' സിനിമയിലെ 'വെൽകം ടു ലെനാർക്കോ...' എന്ന ആദ്യ വീഡിയോ ഗാനം പുറത്ത്. നായകൻ നോബിൾ ബാബുവും നായിക രേഷ്മ സെബാസ്റ്റ്യനുമാണ് ഗാനരംഗത്തിലുള്ളത്. ഷാൻ റഹ്മാൻ ഈണം നൽകി അനു എലിസബത്ത് ജോസ് എഴുതിയിരിക്കുന്ന 'വഴിദീപമെരിയുന്ന നാളചുവപ്പിൻ നിറം...' എന്ന് തുടങ്ങുന്ന ഗാനം കെ.എസ് ഹരിശങ്കർ, ഇസബെൽ ജോർജ്ജ്, മെഗിഷ രാജ്ദേവ്, അനെറ്റ് സേവ്യർ, അരുന്ധതി. പി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളുമായാണ് ഗാനം എത്തിയിരിക്കുന്നത്.
‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ സൂപ്പർഹിറ്റ് സിനിമകൾക്കു ശേഷം വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേർന്ന് നിർമിക്കുന്നതാണ് ചിത്രം. മെറിലാന്റ് സിനിമാസിന്‍റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസന്‍റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിർമാണം. ചിത്രത്തിൽ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്. ‘തിര’യ്ക്ക് ശേഷം വിനീത് ഒരുക്കുന്ന ത്രില്ലർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.
ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ‘ജേക്കബിന്‍റെ സ്വർഗരാജ്യം’ നിർമിച്ച നോബിൾ ബാബു ഹെലന്‍റെ രചയിതാക്കളിൽ ഒരാളായിരുന്നു, ഹെലനിൽ അഭിനയിച്ചിട്ടുമുണ്ട്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. മനോജ് കെ. ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, വിഷ്ണു ജി. വാരിയർ, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സിനിമയുടെ ഓവർസീസ് വിതരണ അവകാശം ഫാർസ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്.
സംവിധായകൻ കെ. മധുവിന്‍റെ മകൾ പാർവതി കെ. മധുവും മരുമകൻ മാധവ് രമേശുമാണ് ചിത്രത്തിന്‍റെ ലൈൻ പ്രൊഡ്യൂസർമാർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രാവൺ കൃഷ്ണകുമാർ. മാക്ക് ഈറാക്‌ലി മക്കത്സാറീയ (മാക്ക് പ്രൊഡക്ഷൻസ്) ആണ് ജോർജിയയിലെ ലൈൻ പ്രൊഡ്യൂസർ. വസ്ത്രാലങ്കാരം: മാഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ക്രിയേറ്റീവ് ഡയറക്ടർ: ഷാരൂഖ് റഷീദ്, സംഘട്ടനം: ലസാർ വർദുകദ്സെ, നോബിൾ ബാബു തോമസ്, ഈറാക്‌ലി സബനാഡ്സെ, പ്രൊഡക്ഷൻ ഡിസൈനർ: വിനോദ് രവീന്ദ്രൻ, കലാസംവിധാനം: അരുൺ കൃഷ്ണ, മേക്കപ്പ്: മനു മോഹൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: അഭയ് വാരിയർ, സ്റ്റിൽസ്: അനൂപ് ചാക്കോ, ഫിനാൻസ് കൺട്രോൾ: വിജേഷ് രവി, ടിൻസൺ തോമസ്.