

37 വര്‍ഷം കഴിഞ്ഞിട്ടും, ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് തേസാബ് എന്ന ചിത്രത്തിലെ ഏക്... ദോ... തീന്‍..! ഇന്ത്യന്‍ യുവതയെ ഇളക്കിമറിച്ച ഗാനം. ഗാനമേളകളിലും സ്‌റ്റേജ് ഷോകളിലും ഇന്നും പാടുന്ന ബോളിവുഡ് എവര്‍ഗ്രീന്‍ ഹിറ്റ്! ഗാനത്തിന്റെ ജനപ്രീതിക്കു കാരണം സംഗീതവും വരികളും മാത്രമല്ല, മാധുരി ദീക്ഷിത് എന്ന ഇന്ത്യന്‍ സ്വപ്‌നസുന്ദരിയുടെ ചുവടുകള്‍ സംഗീതത്തിനൊപ്പം ഇഴുകിച്ചേര്‍ന്നതും പ്രധാനകാരണമായി.
എന്‍. ചന്ദ്രയുടെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തേസാബ്. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, ഈ ഗാനം ചര്‍ച്ച ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. ഈ പാട്ടിന്റെ കേന്ദ്രബിന്ദു മാധുരി ദീക്ഷിതാണ്. അവരുടെ ഉപമകളില്ലാത്ത പ്രകടനം ഈ ഗാനത്തെ ചരിത്രമാക്കി മാറ്റി.
തേസാബില്‍, കടബാധ്യതയുള്ള അച്ഛന്‍ ശ്യാംലാല്‍ (അനുപം ഖേര്‍) നിര്‍ബന്ധിച്ചാണ് മോഹിനി (മാധുരി ദീക്ഷിത്) എന്ന യുവതിയെക്കൊണ്ട് വേദിയില്‍ നൃത്തം ചെയ്യിക്കുന്നത്. ഗാനം ആഹ്ലാദകരമായി തോന്നുമെങ്കിലും, അത് വൈകാരിക സംഘര്‍ഷത്തില്‍ വേരൂന്നിയതാണ്. മോഹിനി തന്റെ പ്രിയപ്പെട്ടവനെ കാണാന്‍ കാത്തിരുന്ന ദിവസങ്ങള്‍ എണ്ണി കഴിയുന്നതിനിടയിലാണ് ഈ ഗാനത്തിന് ചുവടുവയ്ക്കുന്നത്.
നൃത്തസംവിധാനം നിര്‍വഹിച്ച സരോജ് ഖാന്‍, ഏക് ദോ തീനില്‍ ബോളിവുഡ് മുമ്പു കണ്ടിട്ടുള്ളതില്‍നിന്ന് വ്യത്യസ്തമായ ശൈലിയാണ് ഉപയോഗിച്ചത്. പാട്ടിന്റെ താളത്തിനൊത്ത് ഇളകിമറിയുന്ന ആള്‍ക്കൂട്ടത്തിനു മുന്നിലായിരുന്നു നൃത്തരംഗം. അഭിനേതാക്കളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അണിയറക്കാരും അത്രയധികം ആസ്വദിച്ച മറ്റൊരു ഗാനചിത്രീകരണരംഗവും അപൂര്‍വമാണ്.
ഏക് ദോ തീന്‍... അതിന്റെ വരികള്‍ കൊണ്ടും വേറിട്ടുനില്‍ക്കുന്നു. സംഗീതസംവിധായകന്‍ ലക്ഷ്മികാന്ത് ഉപയോഗിച്ച ഡമ്മി വാക്കുകളില്‍ നിന്നാണ് ജാവേദ് അക്തര്‍ ആ ഗാനം രചിച്ചത്. അക്കങ്ങളില്‍ തുടങ്ങണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍, അതു താന്‍ ചെയ്തുകൊള്ളാമെന്നും അക്കങ്ങളെ സംഗീതാത്മകമായി മാറ്റി താന്‍ എഴുതുമെന്നുമാണ് അക്തര്‍ പറഞ്ഞത്.
ഒരിക്കല്‍, ഏക് ദോ തീന്‍... ഗാനത്തെക്കുറിച്ച് മാധുരി പറഞ്ഞത് ഇങ്ങനെയായിരുന്നു:'ഈ ഗാനം ജനമനസുകളില്‍ എന്നുമുണ്ടാകും. ഇങ്ങനെയാരു ഗാനത്തിന് ചുവടുവയ്ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഞങ്ങള്‍ പകലും രാത്രിയും ഇടതടവില്ലാതെ ചിത്രീകരിച്ചു. അതിനെല്ലാം വലിയ പ്രതിഫലം ലഭിച്ചു...'