

ഓസ്‌കാർ ജേതാവായ എ.ആർ. റഹ്മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് മലയാളസിനിമയിലേക്ക്. രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'വിസിൽ' എന്ന ചിത്രത്തിലൂടെയാണ് കമൽ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ രചന വിനോദ് ഗുരുവായൂർ നിർവഹിക്കുന്നു.
മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബോൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ തീവ്രമായ സൗഹൃദത്തിൻ്റെയും ഫുട്ബോൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥപറയുന്ന ചിത്രമാണ് 'വിസിൽ'. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബോൾ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ഈ ആദ്യ ചിത്രത്തിന്റെ ക്യാമറ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലിയാണ്.
സംസ്ഥാന അവാർഡ് ജേതാക്കളായ സൂരജ് ഇ.എസ് എഡിറ്റിങ്ങും മനോജ് അങ്കമാലി മേക്കപ്പും നിർവഹിക്കുന്നു. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രനാണ് കലാസംവിധാനം. വസ്ത്രാലങ്കാരം- ഗായത്രി കിഷോർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷൈൻ കെ എസ്,ആക്ഷൻ-അഷ്റഫ് ഗുരുക്കൾ,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ -മുരളി ഗിന്നസ്,സ്റ്റിൽസ്-ഷഹദ് ഹുസൈൻ,പബ്ലിസിറ്റി ഡിസൈനർ-ആന്റണി സ്റ്റീഫൻ,പിആർഒ- എ.എസ് ദിനേശ്.