

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ബോളിവുഡ് സംഗീതലോകം കീഴടക്കിയ പിന്നണി ഗായിക അൽക്ക യാഗ്നിക്ക് സമകാലിക സംഗീതത്തെക്കുറിച്ചുള്ള തന്റെ ആശങ്കകൾ പങ്കുവച്ചത്, സംഗീതലോകത്തു വലിയ ചർച്ചയായി. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗായിക തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്.
ഇന്നത്തെ സംഗീതത്തിന് ആത്മാവ് നഷ്ടമായെന്നായിരുന്നു അൽക്ക പറഞ്ഞത്. പഞ്ചാബി റാപ്പുകളും ഉയർന്ന ശബ്ദത്തിലുള്ള ബീറ്റുകളും റീമിക്സുകളും നിറഞ്ഞ ഇന്നത്തെ ശൈലിയിൽ സംഗീതത്തിന്റെ തനിമ കുറയുകയാണ്. ഹൃദയസ്പർശിയായ പഴയകാല സംഗീതം തിരിച്ചുവരണമെന്നും ആത്മാവുള്ള പാട്ടുകൾക്കായി താൻ കാത്തിരിക്കുകയാണെന്നും അൽക്ക കൂട്ടിച്ചേർത്തു.
കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോഴും തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയും അൽക്ക പങ്കുവച്ചു. 2024 മുതൽ സെൻസറി ന്യൂറൽ ഹിയറിങ് ലോസ് എന്ന അപൂർവമായ ശ്രവണ വൈകല്യം മൂലം ചികിത്സയിലാണ് താരം. ഇന്നും ഇതിന്റെ ബുദ്ധിമുട്ടുകൾ താൻ അനുഭവിക്കുന്നുണ്ടെന്നും, പാടാനായി സംഗീതസംവിധായകർ സമീപിക്കുന്നുണ്ടെങ്കിലും നിലവിൽ പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും അവർ പറഞ്ഞു. ഇംതിയാസ് അലി ചിത്രം 'അമർ സിങ് ചംകീലാ'യിലെ എ.ആർ. റഹ്മാൻ സംഗീതം നൽകിയ 'നരം കാൽജാ...' ആണ് അൽക്കയുടേതായി പുറത്തുവന്ന അവസാന ഗാനം.
നാലു പതിറ്റാണ്ടിലേറെയായി ബോളിവുഡിൽ സജീവമായ അൽക്ക യാഗ്നിക്, ലതാ മങ്കേഷ്കർക്കും ആശാ ഭോസ്ലേയ്ക്കുമൊപ്പം ഏറ്റവുമധികം സോളോ ഗാനങ്ങൾ പാടിയ ഗായിക കൂടിയാണ്. യൂട്യൂബിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെടുന്ന ഗായിക എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോഡിലും താരം ഇടംപിടിച്ചിട്ടുണ്ട്.