
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മപർവം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി രചനയും സംവിധാനവും നിർവഹിക്കുന്ന'ധീരൻ' തിയറ്ററുകളിലേക്ക്. ജൂലായിൽ ചിത്രം പ്രദർശനത്തിനെത്തും. ജനപ്രിയതാരങ്ങളുടെ വൻ നിരയാണ് ചിത്രത്തിലുള്ളത്.
ജാൻ എ മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. റിലീസ് വിവരമറിയിച്ചിറങ്ങിയ പോസ്റ്ററിൽ മാലപ്പടക്കം പിടിച്ചുനിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ ജഗദീഷ്, സുധീഷ്, മനോജ് കെ. ജയൻ, അശോകൻ എന്നിവരെയും കാണാം. ഹാസ്യത്തിനു പുതിയ മാനം നൽകിയ രാജേഷ് മാധവനും സംഘവും അണിചേരുമ്പോൾ ഫൺ എന്റർടൈനർ ആകും ചിത്രം.
അശ്വതി മനോഹരനാണ് നായിക. ശബരീഷ് വർമ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ , ഇന്ദുമതി മണികണ്ഠൻ, വിജയ സദൻ, ഗീതി സംഗീത, അമ്പിളി എന്നിവരും ധീരനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അർബൻ മോഷൻ പിക്ചേഴ്സ്, യു.വി.ആർ മൂവീസ്, ജാസ് പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമാതാക്കൾ. മലയാളക്കരയ്ക്ക് അനശ്വര സിനിമകൾ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം- മുജീബ് മജീദ്, എഡിറ്റിംഗ്- ഫിൻ ജോർജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്സ്- വിനായക് ശശികുമാർ, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സംവിധായകൻ ദേവദത്ത് ഷാജി ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:
2015-ൽ കോൺഫിഡന്റായി വിശ്വസിച്ചിരുന്നത് 2020-ൽ ആദ്യ സിനിമ സംവിധാനം ചെയ്യുമെന്നായിരുന്നു. "കാണാത്തത് പൊയ്..!!"
2022-ൽ 'ഭീഷ്മ പർവ്വം' സംഭവിച്ചപ്പോൾ വിചാരിച്ചത് പുട്ടുപോലെ സംവിധാന സംരംഭം നടക്കുമെന്നായിരുന്നു. "നീ കണ്ടതെല്ലാം പൊയ്..!!"
ഒരുപാട് തിരിച്ചറിവുകൾക്ക് ശേഷം 2025-ൽ... മുപ്പത് വയസ്സ് തികഞ്ഞപ്പോൾ... ഓടിയൊളിച്ചിരുന്ന ആ സ്വപ്നം അടുത്താണെന്നും തിരിച്ചറിയുന്നു.. ജൂലൈയിൽ 'ധീരനിലൂടെ' അത് സംഭവിക്കും. കൂടെ നിന്ന.. ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി..
"ഇനി കാണപോവുത് നിജം..!!"