
ഇംഗ്ലീഷ് ഇടിക്കൂടുകളിലെ കാഴ്ചകളുടെ മാതൃകയിൽ പടിഞ്ഞാറൻകൊച്ചിയിൽ നിന്നൊരു തനിനാടൻ ഇടിക്കഥ വരുന്നു: 'ചത്താപച്ച-റിങ് ഓഫ് റൗഡീസ്.' റസ്ലിങ് റിങ്ങിലെ പോരാട്ടത്തിന്റെ കഥപറയുന്ന ഈ സിനിമയുടെ ചിത്രീകരണം ഫോർട്ടുകൊച്ചിയിൽ തുടങ്ങി. മലയാളത്തിൽ ആദ്യമായി വേൾഡ് റസ്ലിങ് എന്റർടെയ്ൻമെന്റിന്റെ(ഡബ്ല്യു.ഇ.ഇ)യുടെ ശൈലിയിലൊരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ നവാഗതനായ അദ്വൈത് നയ്യാരാണ്.
അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ. റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രമേശ് ആന്റ് റിതേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് നിർമാണം. സനൂപ് തൈക്കൂടത്തിന്റേതാണ് തിരക്കഥ.
ഫോർട്ട് കൊച്ചിയുടെ സാംസ്കാരികമൂല്യങ്ങളും, പ്രാദേശിക സവിശേഷതകളും, ഡബ്ല്യു.ഡബ്ല്യു.ഇ സ്റ്റൈൽ ഗുസ്തിയുടെ തനത് ത്രില്ലും ഡ്രാമയും നർമ്മവും നിറഞ്ഞൊരു ചിത്രമായിരിക്കും 'ചത്താപച്ച'യെന്ന് അണിയറപ്രവർത്തകർ പറയുന്നു. വിവിധമേഖലകളിലെ അതിപ്രഗത്ഭർ ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. ചത്താപച്ചയിലൂടെ പ്രശസ്ത സംഗീതസംവിധായകരായ ശങ്കർ-എഹ്സാൻ- ലോയ് ടീം ആദ്യമായി മലയാള സിനിമയിലേക്കെത്തുന്നു. പ്രേമം,നേര്,ഭീഷ്മപർവ്വം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആനന്ദ് സി.ചന്ദ്രനാണ് ക്യാമറ. ആക്ഷന് ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിക്കുന്നത് കലൈ കിങ്‌സനാണ്. മമ്മൂട്ടി കമ്പനിയുടെ എം.ഡി ജോർജ് സെബാസ്റ്റ്യനും, ലൈൻ പ്രൊഡ്യൂസർ സുനിൽ സിങ്ങും കൈകോർത്തിട്ടുണ്ട് എന്നത് ചിത്രത്തിന്റെ മറ്റൊരു സവിശേഷതയാണ്.
ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാറും, പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് മുജീബ് മജീദുമാണ്. എഡിറ്റിങ്- പ്രവീൺ പ്രഭാകർ, വസ്ത്രാലങ്കാരം-മെൽവി ജെ,മേക്കപ്പ്-റോണക്സ് സേവ്യർ, കലാസംവിധാനം-സുനിൽ ദാസ് എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ. ആരിഷ് അസ്ലമും ജിബിൻ ജോണുമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ. പ്രശാന്ത് നാരായണനാണ് പ്രൊഡക്ഷൻ കൺട്രോളർ.