

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. കൊച്ചിയിൽ മോഹൻലാലും ഭാര്യ സുചിത്രയും തുടക്കത്തിലെ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു ട്രെയിലർ ലോഞ്ച്.
സന്തോഷം നിറഞ്ഞ സാധാരണ ജീവിതത്തിനിടയില്‍, ചില ഭൂതകാലസംഭവങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഡ്രാമ-ത്രില്ലര്‍ ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. '2018' എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
മലയോരമേഖലയിലെ വലിയൊരു വീട്ടില്‍ അച്ഛനോടൊപ്പം സന്തോഷത്തോടെ കഴിയുന്ന മീനു എന്ന കഥാപാത്രത്തെയാണ് വിസ്മയ അവതരിപ്പിക്കുന്നത്. സായ് കുമാറാണ് അച്ഛനായി എത്തുന്നത്. ആദ്യപകുതിയിലെ കുടുംബപ്രതിസന്ധികളും തമാശകളും നിറഞ്ഞ ശാന്തമായ അന്തരീക്ഷത്തില്‍ നിന്ന്, ചില അപ്രതീക്ഷിത സംഭവങ്ങളോടെ കഥ പൂര്‍ണമായും ഒരു ആക്ഷന്‍ ത്രില്ലറിലേക്ക് വഴിമാറുന്നതിന്റെ സൂചനയാണ് 95 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നല്‍കുന്നത്. തനിക്ക് നേരിടേണ്ടി വരുന്ന ഭീഷണികളും പേടിയും വിസ്മയയുടെ കഥാപാത്രം മറികടക്കാന്‍ ശ്രമിക്കുന്നതാണ് കഥയുടെ കാതല്‍.
കൂടാതെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മനോജ് കെ ജയന്‍, കെ.ബി ഗണേഷ് കുമാര്‍, ബോബി കുര്യന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ട്രെയിലറിന്റെ അവസാന ഭാഗത്ത് മോഹന്‍ലാലിന്റെ അതിഥി വേഷത്തിന്റെ സാന്നിധ്യവും അണിയറപ്രവര്‍ത്തകര്‍ ഒളിച്ചുവെച്ചിട്ടുണ്ട്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തിന് ജേക്‌സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ജോമോന്‍ ടി ജോണും അഖിൽ ജോർജും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് ഏഴിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.