

മലയാള സിനിമ സമീപകാലത്തുകണ്ട ഏറ്റവും വലിയ വിജയഗാഥകളിലൊന്നായ 'വാഴ 2'-ന് ശേഷം സംവിധായകന്‍ സവിന്‍ സ പുതിയ ദൗത്യത്തിലേക്ക്. മലയാളത്തിലെ പ്രമുഖ നിര്‍മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസുമായി കൈകോര്‍ത്താണ് സവിന്‍ തന്റെ പുതിയ ചിത്രം ഒരുക്കുന്നത്. നിര്‍മാതാവ് ഗോകുലം ഗോപാലനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂർത്തിയ്ക്കുമൊപ്പമുള്ള സവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
ഏപ്രില്‍ രണ്ടിനു തിയറ്ററുകളിലെത്തിയ 'വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്' ഇതിനകം തന്നെ 150 കോടിയിലധികം രൂപ ആഗോളതലത്തില്‍ വാരിക്കൂട്ടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി സവിന്‍ ഒരുക്കിയ പരീക്ഷണം മലയാള സിനിമയിലെ തന്നെ വലിയൊരു ചുവടുമാറ്റമായാണു വിലയിരുത്തപ്പെടുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് വിപിന്‍ ദാസ് 'വാഴ 3'- കുറിച്ചുള്ള സൂചനകള്‍ നല്‍കിയതിനു തൊട്ടുപിന്നാലെയാണ് സവിന്റെ പുതിയ പ്രോജക്ട് പ്രഖ്യാപിച്ചത്.
നിലവില്‍ വലിയ പ്രോജക്ടുകളുടെ പണിപ്പുരയിലാണ് ശ്രീ ഗോകുലം മൂവീസ്. ജയസൂര്യയുടെ ബിഗ് ബജറ്റ് ഫാന്റസി ചിത്രം 'കത്തനാര്‍', സുരേഷ് ഗോപിയുടെ മാസ് ആക്ഷന്‍ ചിത്രം 'ഒറ്റക്കൊമ്പന്‍', മോഹന്‍ലാലിനെ നായകനാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'എല്‍ 367', തമിഴില്‍ എസ്.ജെ സൂര്യ നായകനാകുന്ന 'കില്ലര്‍' എന്നിവയാണ് വരാനിരിക്കുന്ന ചിത്രങ്ങള്‍. ഈ വമ്പന്‍ നിരയിലേക്കാണ് ഇപ്പോള്‍ 'വാഴ'യുടെ സംവിധായകനും എത്തുന്നത്. പുതിയ ചിത്രത്തിന്റെ പേരോ അഭിനേതാക്കളോ പുറത്തുവിട്ടിട്ടില്ലെങ്കിലും, സവിന്റെ ശൈലിയിലുള്ള സ്‌പെഷ്യല്‍ എന്റര്‍ടെയ്നര്‍ തന്നെയാകും ഇതെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.