

ക്രാഫ്റ്റ് കൊണ്ട് ചലച്ചിത്രലോകത്തെ വിസ്മയിപ്പിച്ച എഡിറ്റര്‍ കിരണ്‍ ദാസ് ആദ്യമായി സംവിധായകനാകുന്ന 'ഉന്മാദം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനെ കേന്ദ്രകഥാപാത്രമാക്കി ഒരുങ്ങുന്ന ഇന്‍വെസ്റ്റിഗേഷന്‍ മിസ്റ്ററി ത്രില്ലറില്‍ ലിജോമോള്‍ ജോസാണ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.
'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'ജോജി', 'അമ്പിളി' തുടങ്ങിയ മികച്ച ചിത്രങ്ങളുടെ എഡിറ്റിങ്ങിലൂടെ ശ്രദ്ധേയനായ കിരണ്‍ ദാസിന്റെ സംവിധായകനായുള്ള അരങ്ങേറ്റം എന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണു സിനിമാലോകം ചിത്രത്തെ കാണുന്നത്.
സാധാരണ കുടുംബ പശ്ചാത്തലത്തിലുള്ള തര്‍ക്കത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിളായ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തോട് സര്‍ക്കാര്‍ അനുവദിച്ച ക്വാര്‍ട്ടേഴ്‌സില്‍നിന്ന് മാറണമെന്ന് ഭാര്യ നിര്‍ബന്ധം പിടിക്കുന്നതാണ് രംഗം. അതില്‍ നിന്നുള്ള വഴി നായകന്‍ കാട്ടിക്കൊടുക്കുന്നിടത്ത് കഥയുടെ ഭാവം മാറുന്നു. പിന്നീട്, അന്വേഷിച്ചു പോയവര്‍ക്കൊക്കെയും ദുരന്തങ്ങളും നിര്‍ഭാഗ്യങ്ങളും മാത്രം സമ്മാനിച്ച നിഗൂഢമായ കേസിന്റെ ചുരുളുകളിലേക്കാണ് ടീസര്‍ വിരല്‍ ചൂണ്ടുന്നത്. മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ചിത്രത്തിന്റെ വലിയൊരു ആകര്‍ഷണമായിരിക്കുമെന്ന സൂചന ടീസര്‍ നല്‍കുന്നുണ്ട്.
സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബുമോന്‍, കോട്ടയം നസീര്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റൈന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിഘ്‌നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പോലീസ് കഥ പറയുന്ന സിനിമകളിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് രചന.
സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ എഡിറ്റിങ്ങും കിരണ്‍ ദാസ് തന്നെയാണ് നിര്‍വഹിക്കുന്നത്. മുജീബ് മജീദ് സംഗീതവും, അര്‍ജുന്‍ സേതു ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ദിലീപ് നാഥാണ്. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മലയാളത്തിനു മികച്ചൊരു സൈക്കോ-ത്രില്ലര്‍ അനുഭവം സമ്മാനിക്കാന്‍ പോന്ന എല്ലാ ചേരുവകളും 'ഉന്മാദ'ത്തില്‍ ഉണ്ടെന്നാണ് ടീസര്‍ തരുന്ന സൂചന.